പത്തനംതിട്ട: സംസ്ഥാനത്ത് തുടർഭരണം വേണ്ട എന്ന നിരണം ഭദ്രാസനാധിപൻ ഗീവർഗീസ് മാർ കൂറിലോസിന്റെ പരാമർശത്തിന് മറുപടിയുമായി മുഖ്യമന്ത്രി. അദ്ദേഹം കേരളത്തിൽത്തന്നെയല്ലേ ഉള്ളത് എന്നും ഈ പ്രചാരണം മറ്റ് പലരും നടത്തുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. അദ്ദേഹം ആ തരത്തിലേക്ക് എത്തിയല്ലേ എന്നും കേരളത്തിൽ തന്നെയല്ലേ ഉള്ളത് എന്നും മുഖ്യമന്ത്രി ചോദിച്ചു. കേരളത്തിന്റെ പഴയ കാലം അങ്ങനെ മറക്കാൻ കഴിയില്ല. അദ്ദേഹം കാര്യങ്ങൾ മനസിലാക്കുന്ന ആളാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇടതുപക്ഷം നിലനിൽക്കാൻ ഭരണമാറ്റം വേണം എന്നായിരുന്നു ഗീവർഗീസ് മാർ കൂറിലോസിന്റെ പരാമർശം. ഇടതുപക്ഷം കേരളത്തിലും ഇന്ത്യയിലും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നയാളാണ് താൻ. പ്രതിപക്ഷത്തിരിക്കുന്നതാകും ഇടതുപക്ഷത്തിന് തുടരാൻ നല്ലത് എന്നാണ് തന്റെ വിശ്വാസം. അധികാരത്തുടർച്ചയ്ക്ക് വേണ്ടി ഇടതുപക്ഷ മൂല്യങ്ങളിൽ വെള്ളം ചേർക്കുന്നതും പ്രത്യശാസ്ത്രപരമായ വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നതും ഇടതുപക്ഷത്തിന് ക്ഷീണം ചെയ്യും എന്നും ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞിരുന്നു.
ആശയപരമായ വിട്ടുവീഴ്ചകൾ കൊണ്ട്, ബിജെപിയുമായി സിപിഐഎമ്മിന് ഡീൽ ഉണ്ടെന്ന് ആളുകൾ വിശ്വസിച്ചാൽ കുറ്റം പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. പി എം ശ്രീ പദ്ധതിയിൽ ഒപ്പിടുന്നത് ഒരു ഇടതുപക്ഷ സർക്കാർ ചെയ്യാൻ പാടില്ലായിരുന്നു. ഭരണത്തുടർച്ചയുണ്ടായാൽ കോൺഗ്രസ് ഇല്ലാതെയാകും. പിന്നീട് ബിജെപിയാകും പ്രതിപക്ഷം. സിപിഐഎമ്മും സിപിഐയും കേഡർ പാർട്ടിയായതിനാൽ വലിയ കൊഴിഞ്ഞുപോക്ക് ഉണ്ടാകില്ല. എന്നാൽ കോൺഗ്രസ് അങ്ങനെയല്ല എന്നും ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞിരുന്നു.
Content Highlights: The Chief Minister of Kerala responded to remarks made by Geevarghese Mar Koorilos regarding the continuation of the current government