'റിയാസ് പി സി, അന്‍വര്‍, പി കെ ശശി, സുധാകരൻ, കെ പ്രശാന്ത്'; തലവേദനയാകുമോ അപരന്മാര്‍?

അമ്പലപ്പുഴയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരനും അപരനുണ്ട്

തിരുവനന്തപുരം: നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസമായ ഇന്ന് അപരന്മാരുടെ കാര്യത്തിലും വ്യക്തതയായി. ബേപ്പൂരില്‍ ആറ് അപരന്മാരാണ് മത്സരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ രണ്ട് അപരന്മാരാണ് മത്സരിക്കുന്നത്. മുഹമ്മദ് റിയാസ് പി സി, മുഹമ്മദ് റിയാസ് പി ടി സണ്‍ ഓഫ് അലവി എന്നിവരാണ് മന്ത്രിക്കെതിരെ മത്സരിക്കുന്നത്.

യുഡിഎഫ് സ്ഥാനാര്‍ത്ഥി പി വി അന്‍വറിനെതിരെ നാല് അപരന്മാരും മത്സരിക്കുന്നു. അന്‍വര്‍ സണ്‍ ഓഫ് സുലേഖ, അന്‍വര്‍ സണ്‍ ഓഫ് മൊയ്തീന്‍കുട്ടി, അന്‍വര്‍ അലി, അന്‍വര്‍ എന്നിവരാണ് അന്‍വറിനെതിരെ മത്സരിക്കുന്നത്. അമ്പലപ്പുഴയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി സുധാകരനും അപരനുണ്ട്.

പാതിരപ്പള്ളി സ്വദേശി സുധാകരന്‍ ആണ് സ്വതന്ത്രസ്ഥാനാര്‍ഥി ആയി പത്രിക നല്‍കിയത്. മഞ്ചേശ്വരം യുഡിഎഫ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്‌റഫിനും രണ്ട് അപരന്മാരുണ്ട്. സ്വതന്ത്രന്മാരായ ധര്‍മ്മത്തടുക്ക സ്വദേശി മുഹമ്മദ് അഷ്‌റഫ്, കീഴൂര്‍ സ്വദേശി മുഹമ്മദ് അഷ്‌റഫ് കെ എ എന്നിവരാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിനെതിരെ അപരനായ കെ പ്രശാന്ത് മത്സരിക്കുന്നു.

ഒറ്റപ്പാലത്തും യുഡിഎഫിനും എൽഡിഎഫിനും അപരന്മാരുണ്ട്. ഒറ്റപ്പാലത്ത് യുഡിഎഫ് സ്വതന്ത്രൻ പി കെ ശശിക്ക് പി കെ ശശി എന്ന പേരിൽ തന്നെയാണ് അപരനുള്ളത്. എൽഡിഎഫ് സ്ഥാനാർഥി കെ പ്രേംകുമാറിന് കെ പ്രേമദാസനാണ് അപരൻ

ചെറിയ വോട്ടുകളുടെ വ്യത്യാസത്തില്‍ അപരന്മാര്‍ പിടിക്കുന്ന വോട്ടുകള്‍ തോല്‍വിക്ക് കാരണമാകുന്ന സാഹചര്യം മുമ്പ് ഉണ്ടായിട്ടുണ്ട്. അതുകൊണ്ട് തന്നെ കൃത്യം ചിഹ്നത്തില്‍ നോക്കി വോട്ട് ചെയ്യാന്‍ വോട്ടര്‍മാരെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലായിരിക്കും മുന്നണികള്‍.

സംസ്ഥാനത്ത് ഏപ്രില്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മെയ് നാലിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്. കേരളത്തിന് പുറമേ അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രില്‍ 23നും രണ്ടാംഘട്ടം ഏപ്രില്‍ 29നും നടക്കും. മെയ് നാലിനാണ് പശ്ചിമ ബംഗാളിലും വോട്ടെണ്ണല്‍ നടക്കുന്നത്.

Content Highlights: dummy candidate against G Sudhakaran and P A Muhammad Riyas and other constituencies

To advertise here,contact us