കളമശേരിയിൽ 23 കാരിയെ ആക്രമിച്ച സംഭവം: പ്രതി ലക്ഷ്യമിട്ടത് കവ‍ർച്ചയല്ല; പീഡനമെന്ന് പൊലീസ്

പ്രതി ലക്ഷ്യമിട്ടത് കവ‍ർച്ചയല്ല, പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്ന് കൊച്ചി ഡിസിപി ഷഹൻ ഷാ പറഞ്ഞു

കൊച്ചി: കളമശേരിയിൽ 23 കാരിയെ ആക്രമിച്ച് മൊബൈൽ ഫോണും സ്വർണവും കവർന്ന കേസിൽ പ്രതി ലക്ഷ്യമിട്ടത് കവ‍ർച്ചയല്ല, പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു ലക്ഷ്യമെന്ന് കൊച്ചി ഡിസിപി ഷഹൻ ഷാ പറഞ്ഞു. കേസിലെ പ്രതിയായ അഗളി സ്വദേശിയെ പൊലീസ് വീട്ടിൽനിന്ന് പിടിക്കൂടിയിരുന്നു. കേസിൽ പ്രതിക്കെതിരെ പീഡന ശ്രമത്തിന്റെ വകുപ്പ് ചുമത്തിയിട്ടുണ്ട്. മദ്യ ലഹരിയിലായിരുന്നു പ്രതി ആക്രമണം നടത്തിയത്. പ്രതി മോഷ്ടിച്ച പെൺക്കുട്ടി ഫോൺ പൊലീസ് കണ്ടെത്തി. സ്വർണം കണ്ടെത്താനായിട്ടില്ല.

മാർച്ച് 15 ന് രാത്രി 8.15ഓടെയാണ് ജോലി കഴിഞ്ഞു വരികയായിരുന്ന 23 കാരിക്ക് നേരെ ആക്രമണമുണ്ടായത്. കണ്ണൂർ പാപ്പിനിശേരി സ്വദേശിനിയാണ് ആക്രമണത്തിന് ഇരയായത്. തൃക്കാക്കര നോര്‍ത്ത് ഞാലകം സെന്‍റ് ജോസഫ് പള്ളിക്കു സമീപമുള്ള ഹോസ്റ്റലിലേക്കു റെയില്‍വേ മേല്‍പ്പാലത്തിന് അടിയിലൂടെ നടന്നു പോകുമ്പോഴായിരുന്നു ആക്രമണം. റെയില്‍വേ ട്രാക്കിനടുത്തു യുവതിയെ ചവിട്ടിയിട്ടതിനു ശേഷം തലയില്‍ മുണ്ടിട്ടു മൂടിയാണ് പ്രതി യുവതിയെ ആക്രമിച്ചത്. റെയില്‍വേ തൂണില്‍ തലയിടിപ്പിച്ച് മുക്കാല്‍ പവന്‍റെ മാലയും സ്വര്‍ണ കമ്മലും ഐഫോണും കവര്‍ന്നിരുന്നു. എച്ച്എംടി ജം​ഗ്ഷൻ മുതൽ പ്രതി യുവതിയെ പിന്തുടർന്നതായി പൊലീസ് വ്യക്തമാക്കിയിരുന്നു. എച്ച്എംടി ജംഗ്ഷൻ മുതൽ യുവതി പോയ വഴിയിലെ അഞ്ചിലധികം സിസിടിവി ക്യാമറകൾ പൊലീസ് പരിശോധിച്ചിരുന്നു. ആക്രമണത്തിൽ തലയ്ക്കും മുഖത്തിനും ഗുരുതരമായി പരുക്കേറ്റ യുവതി ചികിത്സയിലായിരുന്നു.

Content Highlight: Attack on 23-year-old woman in Kalamassery: Accused's aim was rape, not robbery

To advertise here,contact us