മലപ്പുറം: കാരാട്ട് റസാഖ് ഇടത് മുന്നണി വിട്ട് മുസ്ലിം ലീഗിലേക്ക് തിരിച്ചുപോയതിന് പിന്നാലെ പരോക്ഷ വിമർശനവുമായി കാരാട്ട് ഫൈസൽ. 'എംഎ റസാഖ് മാസ്റ്ററുടെ ശക്തമായ എതിർപ്പിനെ അവഗണിച്ച് കാരാട്ട് റസാഖ് സാഹിബിനെ ലീഗിൽ എത്തിച്ച പി കെ ഫിറോസിന് ഹൃദയാഭിവാദ്യങ്ങൾ' എന്നാണ് കാരാട്ട് ഫൈസൽ ഫേസ്ബുക്കിൽ കുറിച്ചത്. മൂവരുടെയും ചിത്രങ്ങൾ കൂടി പങ്കുവെച്ചാണ് കൊടുവള്ളി നഗരസഭ വാർഡ് കൗൺസിലറായ കാരാട്ട് ഫൈസലിന്റെ പോസ്റ്റ്.
ഏറെനാളായി ഇടത് മുന്നണിയുമായി ഇടഞ്ഞ് നിൽക്കുകയായിരുന്ന കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് തിരിച്ചുപോകാൻ ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു. മുസ്ലിം ലീഗിന്റെ മുതിർന്ന നേതാവും കുന്ദമംഗലത്തെ സ്ഥാനാർത്ഥിയുമായ എം എ റസാഖ് മാസ്റ്ററാണ് കാരാട്ട് റസാഖിനെതിരെ നിലപാട് സ്വീകരിച്ചത് എന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ടുകൾ. ഇക്കാര്യം ശരിവെക്കുന്ന നിലയിലാണ് ഇപ്പോൾ കാരാട്ട് ഫൈസലിന്റെ പോസ്റ്റ് വന്നിരിക്കുന്നത്.
അതേസമയം, എൽഡിഎഫിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ചാണ് കാരാട്ട് റസാഖ് മുന്നണിയിൽ നിന്നും പുറത്തുവന്നിരിക്കുന്നത്. സഹയാത്രികരെ ചേർത്തുപിടിക്കുന്നതിൽ എൽഡിഎഫ് പരാജയപ്പെട്ടു എന്നാണ് റിപ്പോർട്ടറിന് നൽകിയ പ്രതികരണത്തിൽ കാരാട്ട് റസാഖ് പറഞ്ഞത്.
'പി എ മുഹമ്മദ് റിയാസ് അടക്കം ചിലർക്കെതിരെ ചിലതു പറയാനുണ്ട്. ഇന്ന് വൈകീട്ട് തെരെഞ്ഞെടുപ്പ് കൺവെൻഷനിൽ എല്ലാം പറയും. ഇപ്പോൾ തറവാടിലെത്തിയിരിക്കുകയാണ്. മുസ്ലിം ലീഗിൽ സജീവമായി പ്രവർത്തിക്കും. മുസ്ലിം ലീഗിൽ ഉണ്ടായിരുന്നപ്പോൾ നല്ല പരിഗണന ലഭിച്ചിരുന്നു.
സ്ഥാനങ്ങൾ ഇല്ലെങ്കിലും ലീഗിൽ സജീവമായി പ്രവർത്തിക്കണം എന്നാണ് ലക്ഷ്യം. പേരാമ്പ്രയിലും കുന്ദമംഗലത്ത് അടക്കം സജീവമായി പ്രചാരണ രംഗത്തുണ്ടാകും,' എന്നാണ് കാരാട്ട് റസാഖ് പറഞ്ഞത്. പാണക്കാടെത്തിയാണ് കാരാട്ട് റസാഖ് മുസ്ലിം ലീഗിൽ അംഗത്വം എടുത്തത്.
മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവായിരുന്നു കാരാട്ട് റസാഖ്. എന്നാൽ 2011-ലും 2016-ലും സീറ്റ് നിഷേധിക്കപ്പെട്ടതിൽ പ്രതിഷേധിച്ച് ലീഗ് വിട്ട് ഇടതുപാളയത്തിലേക്ക് പോവുകയായിരുന്നു. വിമതനായി മത്സരിച്ച റസാഖിന് എൽഡിഎഫ് പിന്തുണ പ്രഖ്യാപിക്കുകയും 2016-ലെ തെരഞ്ഞെടുപ്പിൽ 573 വോട്ടുകൾക്ക് വിജയിക്കുകയും ചെയ്തു. എന്നാൽ 2021-ലെ തെരഞ്ഞെടുപ്പിൽ എം കെ മുനീറിനോട് പരാജയപ്പെടുകയായിരുന്നു.
Content Highlights: Karat Faizal against P K Firoz as Karat Razaq rejoins Muslim League