'പാലക്കാട് CPIM-BJP ഡീൽ'; സതീശന്റേത് ശുദ്ധ അസംബന്ധം, കേരളത്തിലെ ജനങ്ങൾക്ക് എല്ലാമറിയാമെന്ന് ഇ പി ജയരാജൻ

കമ്മ്യൂണിസ്റ്റ് പ്രസ്ഥാങ്ങളുടെ വളർച്ചയെ മങ്ങലേൽപ്പികാൻ നടത്തിയ പ്രതികരണമാണ് സതീശന്റേത് എന്നും ജയരാജൻ

കൊച്ചി: പാലക്കാട് സിപിഐഎം-ബിജെപി ഡീൽ എന്ന വി ഡി സതീശന്റെ ആരോപണത്തെ തള്ളി മുതിര്‍ന്ന സിപിഐഎം നേതാവ് ഇ പി ജയരാജൻ. സതീശന്റെ പരാമർശം ശുദ്ധ അസംബന്ധമാണെന്നും ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് വർഗ്ഗീയതയോട് ഏറ്റുമുട്ടിക്കൊണ്ടിരിക്കുന്നത് എന്ന് ജനങ്ങൾക്ക് അറിയാമെന്നും ജയരാജൻ മറുപടി നൽകി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ വളർച്ചയെ മങ്ങലേൽപ്പിക്കാൻ നടത്തിയ പ്രതികരണമാണ് സതീശന്റേത് എന്നും ജയരാജൻ പറഞ്ഞു.

ജി സുധാകരനെക്കുറിച്ചുള്ള മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശത്തെക്കുറിച്ച് ജയരാജൻ മറുപടി പറയാൻ തയ്യാറായില്ല. ശരിയായ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ച് വിടാൻ ശ്രമിക്കുകയാണെന്നുംഅത്തരം ചോദ്യങ്ങൾക്ക് യാതൊരു പ്രസക്തിയുമില്ല എന്നുമാണ് ജയരാജൻ പറഞ്ഞത്. പരാമർശത്തിൽ ഒരു പ്രശ്നവുമില്ല എന്നും ജയരാജൻ വ്യക്തമാക്കി. വികസനത്തെക്കുറിച്ച് സംസാരിക്കേണ്ട സമയത്ത് മുഖ്യമന്ത്രിയെ വ്യക്തിഹത്യ നടത്തുകയാണ് എന്നും ജയരാജൻ പറഞ്ഞു.

ഇടതുപക്ഷ പ്രസ്ഥാനത്തിന്റെ കരുത്തും ശക്തിയും വർധിച്ചാലേ ലോകത്തിന് ഭാവിയുള്ളൂ എന്നും ജയരാജൻ കൂട്ടിച്ചേർത്തു. ഇന്ത്യൻ പാർലമെന്റിലെ ഇടതുപക്ഷ സ്വാധീനംവർധിച്ചിരുന്നെങ്കിൽ ഇന്ത്യ നേരിടുന്ന പല പ്രശ്നങ്ങൾക്കും പരിഹാരം ആയേനെ എന്നും ജയരാജൻ പറഞ്ഞു.

അതേസമയം, ജി സുധാകരനെതിരെ രൂക്ഷവിമർശനവും പരിഹാസവുമായി സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം എ വിജയരാഘവനും രംഗത്തെത്തി. ജി സുധാകരന് മരിക്കുന്നത് വരെ എംഎൽഎ ആകണമെന്നാണ് ആഗ്രഹമെന്നും അത് നടക്കാത്തത് കൊണ്ട് പാർട്ടി വിട്ട ഏക ആളാണ് ജി സുധാകരൻ എന്നും വിജയരാഘവൻ വിമർശിച്ചു. സുധാകരന്റെ ദുരാഗ്രഹത്തിനൊപ്പം പാർട്ടിക്ക് നിൽക്കാൻ കഴിയില്ല എന്നും സഹതാപത്തിന്റെ ഒരു കണിക പോലും അദ്ദേഹം അർഹിക്കുന്നില്ല എന്നും വിജയരാഘവൻ പറഞ്ഞു. മനുഷ്യനന്മയുടെ ഗുണങ്ങളുള്ള ആരും ചെയ്യാത്ത പ്രവർത്തിയാണ് സുധാകരൻ ചെയ്തത് എന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

സുധാകരൻ തലകീഴായാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ വായിച്ചത് എന്നും വിജയരാഘവൻ പരിഹസിച്ചു. ചരിത്രത്തിലാദ്യമായാണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഉദ്ധരിച്ച് ഒരാൾ വലതു പക്ഷത്തേക്ക് പോകുന്നത്. മൂന്നുവട്ടമാണ് സുധാകരനെ മുഖ്യമന്ത്രി വിളിച്ചത്. എന്നാൽ സുധാകരൻ വി ഡി സതീശൻ്റെയും കെ.സി വേണുഗോപാലിൻ്റെയും ഫോൺ കോൾ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ ഫോൺ എടുക്കാതിരുന്നത് എന്നും വിജയരാഘവൻ പരിഹസിച്ചു. ഒന്നും കിട്ടിയില്ലെങ്കിലും വിഷമിക്കാതിരിക്കുന്ന ദശലക്ഷം കമ്മ്യൂണിസ്റ്റുകാരുണ്ട്. എന്നാൽ അത്യപൂർവമായി മാത്രമേ ഇതുപോലെയുള്ള എതിരാളികൾ ഉണ്ടാവുകയുള്ളൂ. പിന്നിൽ നിന്നും കുത്തുന്ന ദുരവസ്ഥ നമ്മുടെ പ്രസ്ഥാനത്തിനുണ്ട്.ആലപ്പുഴ ജില്ലയിലെ പാർട്ടി പ്രവർത്തകരുടെ ആത്മാർത്ഥത സുധാകരന് കാണാൻ കഴിഞ്ഞില്ല എന്നും വിജയരാഘവൻ പറഞ്ഞു. ജനകീയ സ്വതന്ത്രൻ എന്ന പേരിട്ടാൽ ജനങ്ങൾക്ക് മനസ്സിലാകില്ല എന്നു കരുതേണ്ട എന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു.

മൂന്ന് തവണ വിളിച്ചിട്ടും സുധാകരൻ ഫോൺ എടുത്തില്ല എന്നും മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശം വലിയ ചർച്ചയായിരുന്നു. മനുഷ്യന് ചേരാത്ത വഞ്ചനയാണ് ജി സുധാകരൻ കാണിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. അദ്ദേഹത്തിന് ഒരു വ്യതിയാനം വരുന്നുവെന്നു തോന്നിയപ്പോൾ വിളിച്ചിരുന്നു, ഫോൺ എൻഗേജ്ഡ് ആയിരുന്നു. രണ്ടാമതു വിളിച്ചപ്പോൾ ബെല്ലടിച്ചെങ്കിലും എടുത്തില്ല. മൂന്നാംതവണ വിളിച്ചപ്പോഴും എടുത്തില്ല. അപ്പോൾ മനഃപൂർവം എടുക്കാതിരിക്കുന്നതാണെന്ന് മനസ്സിലായിയെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

Content Highlights: EP Jayarajan rejects VD Satheesan’s CPM-BJP deal claim in Palakkad, calls it baseless and defends Left stance.

To advertise here,contact us