തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമര്‍ശത്തിന് മറുപടിയുമായി സിപിഐഎം വിട്ട മുതിര്‍ന്ന നേതാവ് ജി സുധാകരന്. ചെറ്റ എന്ന് വിളിച്ചതില്‍ അഭിമാനം കൊളളുന്നുവെന്നാണ് ജി സുധാകരന് പറഞ്ഞത്. ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്റെ വീടാണെന്നും ചെറ്റ എന്നാല്‍ അടിസ്ഥാനവര്‍ഗത്തിന്റെ പുരയാണെന്നും ജി സുധാകരന് പറഞ്ഞു. ആ ചെറ്റപ്പുരയെ ആക്ഷേപിക്കുകയാണ് തന്നെ ചെറ്റ എന്ന് വിളിക്കുക വഴി മുഖ്യമന്ത്രി ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
'പതിനെട്ട് വയസ് വരെ ഞാന്‍ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് ജീവിച്ചത്. ചാണകത്തിണ്ണയിലാണ് കഴിഞ്ഞത്. മുഖ്യമന്ത്രിയ്ക്ക് മലയാള ഭാഷയുടെ അര്‍ത്ഥഭേദങ്ങള്‍ അറിയില്ല. നിഘണ്ടു വായിച്ചിട്ടില്ല. മുഖ്യമന്ത്രിയെ വിമര്‍ശിക്കും ഞാന്‍. പക്ഷെ ചീത്ത പറയില്ല. അതെന്റെ ഗുരുത്വമാണ്. ചെറ്റ എന്നല്ല ഇനി വറ്റ മത്സ്യം എന്ന് വിളിച്ചാലും ഞാന്‍ ചീത്ത പറയില്ല' : ജി സുധാകരന് പറഞ്ഞു. യുഡിഎഫ് ജനറല്‍ ബോഡി യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തനിക്ക് പാര്‍ലമെന്ററി മോഹമാണ് എന്ന് മുഖ്യമന്ത്രിയും പറഞ്ഞെന്നാണ് കേട്ടതെന്നും ആര് നിന്നാലും ജയിക്കാന്‍ കഴിയുന്ന മണ്ഡലത്തില്‍ നിന്നാല്‍ ആര്‍ക്കും ജയിക്കാമെന്നും സുധാകരന് പറഞ്ഞു. ' എനിക്ക് പാര്‍ലമെന്ററി മോഹമാണ് എന്നാണ് പറയുന്നത്. മുഖ്യമന്ത്രിയും അങ്ങനെ പറഞ്ഞു എന്നാണ് കേട്ടത്. മുഖ്യമന്ത്രി 9 തവണ മത്സരിച്ചു. ആ മണ്ഡലത്തില്‍ ഇതുവരെ ആരും തോറ്റിട്ടില്ല. ആരും ജയിക്കാന്‍ കഴിയുന്ന മണ്ഡലത്തില്‍ നിന്നാല്‍ ആര്‍ക്കും ജയിക്കാം. അതുകൊണ്ടാണ് മുഖ്യമന്ത്രിയും ജയിച്ചത്. ആലപ്പുഴ പോലെയല്ല കണ്ണൂര്‍. ആര് നിന്നാലും ജയിക്കും. മരിക്കുന്നതുവരെ എകെജി പാര്‍ലമെന്ററി മെമ്പര്‍ ആയിരുന്നല്ലോ': ജി സുധാകരന് പറഞ്ഞു.
ജി സുധാകരന് എത്ര വലിയ ചെറ്റത്തരമാണ് കാണിച്ചത് എന്നാണ് ഒരു മാധ്യമത്തിന് കൊടുത്ത അഭിമുഖത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്. ജി സുധാകരന് എത്ര വലിയ ചെറ്റത്തരമാണ് കാണിച്ചത്. അതിന് വേറെ വാക്കില്ല. വഞ്ചനയ്ക്ക് ഇതില്‍പ്പരം വിശേഷണമുണ്ടോ? എത്ര വലിയ വഞ്ചനയാണ് കാണിച്ചത്. അദ്ദേഹത്തില്‍ പാര്‍ട്ടി അര്‍പ്പിച്ച വിശ്വാസം മുഴുവന്‍ കളഞ്ഞുകുളിച്ച് മറ്റൊരു ഗൂഢാലോചനയില്‍ ഏര്‍പ്പെട്ട് അതിന്റെ ഭാഗമായി, മറ്റേ ഭാഗത്തിന്റെ പിന്തുണയോടെ സ്ഥാനാര്‍ത്ഥിയായി മാറുന്നുവെന്ന് വന്നാല്‍ അത് എത്ര വലിയ പാതകമാണ്. അതിനെ വിശേഷിപ്പിക്കാന്‍ സാധാരണ ഗതിയില്‍ വാക്കുകളില്ല എന്നാണ് പിണറായി വിജയന് പറഞ്ഞത്.
Content Highlights: Chettapura is the home of the poor, I am proud to be called chetta by cm says G Sudhakaran