'ഫാത്തിമ തഹ്‌ലിയക്ക് മറുപടി പറയാനില്ല'; ജമാഅത്തെ ഇസ്‌ലാമി നോമിനി പരാമർശം അടഞ്ഞ അധ്യായമെന്ന് അഹമ്മദ് ദേവർകോവിൽ

ആരോപണം തെളിയിച്ചാൽ സ്ഥാനാർത്ഥിത്വത്തിൽ പിന്മാറും എന്നായിരുന്നു അഹമ്മദ് ദേവർകോവിലിനോടുള്ള ഫാത്തിമ തഹ്‌ലിയയുടെ വെല്ലുവിളി

കോഴിക്കോട്: ഫാത്തിമ തഹ്‌ലിയ ജമാഅത്തെ ഇസ്‌ലാമിയുടെ നോമിനിയാണെന്ന ആരോപണത്തിൽ കൂടുതൽ വാദപ്രതിവാദങ്ങൾക്ക് നിൽക്കേണ്ടതില്ലെന്ന നിലപാടുമായി ഐഎൻഎൽ നേതാവും കോഴിക്കോട് സൗത്ത് സ്ഥാനാർത്ഥിയുമായ അഹമ്മദ് ദേവർകോവിൽ. ഇത് അടഞ്ഞ അധ്യായമാണെന്നാണ് അഹമ്മദ് ദേവർകോവിൽ പറയുന്നത്.

തനിക്കെതിരെയുള്ള ആരോപണം അഹമ്മദ് ദേവർകോവിൽ തെളിയിച്ചാൽ സ്ഥാനാർത്ഥിത്വത്തിൽ നിന്ന് പിന്മാറുമെന്ന് ഫാത്തിമ തഹ്‌ലിയ പ്രതികരിച്ചിരുന്നു. ഇതേ കുറിച്ചുള്ള ചോദ്യത്തോടാണ് അഹമ്മദ് ദേവർകോവിൽ കൂടുതൽ പ്രതികരിക്കാനാകില്ലെന്ന നിലപാട് സ്വീകരിച്ചിരിക്കുന്നത്. 'ഫാത്തിമ തെഹ്‌ലിയക്ക് മറുപടി പറയാനില്ല. പറയേണ്ട സമയത്ത് എല്ലാം പറഞ്ഞിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അടഞ്ഞ അധ്യായമാണ്,' അഹമ്മദ് ദേവർകോവിൽ പറഞ്ഞു.

ഫാത്തിമ തഹ്‌ലിയ വെൽഫെയർ പാർട്ടിയുടെയും ജമാഅത്തെ ഇസ്‌ലാമിയുടെയും നോമിനിയാണ് എന്നായിരുന്നു അഹമ്മദ് ദേവർകോവിൽ പറഞ്ഞിരുന്നത്. പേരാമ്പ്ര ജമാഅത്തെ ഇസ്‌ലാമിക്ക് സ്വാധീനമുള്ള മണ്ഡലമാണെന്നും അതിനാലാണ് അവിടെ ഫാത്തിമയെ മത്സരിപ്പിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. തദ്ദേശഭരണ തെരഞ്ഞെടുപ്പിൽ ജയിച്ച ആളെ തന്നെ വീണ്ടും മത്സരിപ്പിക്കുന്നതിൽ സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. വനിത ലീഗിന്റെ സ്ഥാനാർത്ഥിയായല്ല ഫാത്തിമ പേരാമ്പ്രയിൽ മത്സരിക്കുന്നതെന്ന് നൂർബീന റഷീദ് അടക്കമുള്ളവർ പരസ്യമായി പ്രതികരിച്ചിട്ടുണ്ട് എന്നും അഹമ്മദ് ദേവർകോവിൽ എടുത്ത് പറഞ്ഞിരുന്നു.

മുസ്‌ലിം ലീഗിന് തീവ്രത കുറവാണ് എന്ന് പറഞ്ഞ് പാർട്ടി വിട്ടവരാണ് ഐഎൻഎൽ എന്നും ദേവർകോവിൽ പഠിച്ചത് എവിടെയാണ് എന്ന് അന്വേഷിച്ചാൽ അദ്ദേഹത്തിന്റെ പരാമർശങ്ങളിലെ വൈരുധ്യം മനസിലാകുമെന്നുമായിരുന്നു ഫാത്തിമ തഹ്‌ലിയ പ്രതികരിച്ചത്. 'എന്റെ രാഷ്ട്രീയ ഗുരുനാഥന്മാർ എനിക്ക് വ്യക്തമായ രാഷ്ട്രീയ ബോധ്യം നൽകിയിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയാണ് എന്റെ മേൽവിലാസം. ആരോപണം ഉന്നയിച്ചയാളുകൾ അത് തെളിയിച്ചാൽ ഞാൻ സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിന്മാറാൻ തയ്യാറാണ്,' എന്നും ഫാത്തിമ പറഞ്ഞു. അഹമ്മദ് ദേവർകോവിലിന്റെ അതേ നിലപാട് ആണോ മറ്റ് ഇടത് നേതാക്കൾക്ക് ഉള്ളത് എന്ന് വ്യക്തമാക്കണമെന്നും ഫാത്തിമ തഹ്‌ലിയ ആവശ്യപ്പെട്ടിരുന്നു. പേരാമ്പ്രയിലെ എൽഡിഎഫ് സ്ഥാനാർത്ഥിക്ക് ഈ വിഷയത്തിലെ നിലപാട് എന്താണെന്നും അവർ ചോദിച്ചിരുന്നു.

അഹമ്മദ് ദേവർകോവിലിന്റെ പ്രസ്താവനയെ കുറിച്ച് അദ്ദേഹത്തോടാണ് ചോദ്യം ഉന്നയിക്കേണ്ടത് എന്നായിരുന്നു കഴിഞ്ഞ ദിവസം എൽഡിഎഫ് കൺവീനറും പേരാമ്പ്രയിലെ സ്ഥാനാർത്ഥിയുമായ ടി പി രാമകൃഷ്ണൻ പറഞ്ഞത്. കേരളത്തിന്റെ പൊതുവിഷയങ്ങളിലുള്ള നിലപാടിലെ ഐക്യത്തിന്റെ പേരിലാണ് ഇടത് മുന്നണിയിലെ വിവിധ പാർട്ടികൾ ചേർന്ന് നിൽക്കുന്നതെന്നും മറ്റ് കാര്യങ്ങളിൽ ഈ പാർട്ടികൾ എടുക്കുന്ന എല്ലാ നിലപാടികളിലും എൽഡിഎഫ് കൺവീനർക്ക് വിശദീകരണം നൽകാനാകില്ലെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു.

Content Highlights: Ahammed Devarkovil says there is nothing more to say about Jamaat-e-Islami nominee allegation he raised against Muslim League candidate Fathima Thahliya. He described the issue as a closed chapter.

To advertise here,contact us