തിരുവനന്തപുരം: നീതിമാനായ ഭരണാധികാരിയായിരുന്നു ജി സുധാകരനെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ജി സുധാകരൻ ഒരു നുണയും പറയുന്ന ആളല്ല. അദ്ദേഹം സിപിഐഎം നേതാവായിരുന്നപ്പോൾ പോലും അന്ന് മന്ത്രിമാർക്കെതിരെ ഏറ്റവും കൂടുതൽ അഴിമതി ആരോപണം ഉന്നയിച്ച പ്രതിപക്ഷ എംഎൽഎ ആണ് താൻ. അന്ന് മന്ത്രിമാരെ കടന്നാക്രമിക്കുന്ന സമയത്തും ഈ മനുഷ്യനെകുറിച്ച് ആദരവോടെ സംസാരിച്ചിട്ടുള്ള ആളാണ് താനെന്നും വി ഡി സതീശൻ പറഞ്ഞു.
നീതിമാനായ ഭരണാധികാരിയായിരുന്നു ജി സുധാകരൻ. ഒരു കാര്യം ചെന്നു പറഞ്ഞാൽ അതിൽ രാഷ്ട്രീയം നോക്കാതെ നേറും നെറിയും നോക്കി തീരുമാനമെടുക്കുന്ന ആളാണ്. മറ്റൊരു സിപിഐഎം മന്ത്രിയെ കുറിച്ചും തനിക്ക് ഇങ്ങനെ പറയാനുള്ള സാഹചര്യം ഉണ്ടായിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി വിളിച്ചിട്ടും ജി സുധാകരൻ ഫോൺ എടുത്തില്ലെന്ന ആരോപണവും എന്നാൽ തന്നെ വിളിച്ചിട്ടില്ലെന്ന അദ്ദേഹത്തിന്റെ മറുപടിയും സംബന്ധിച്ച ചോദ്യത്തോടായിരുന്നു വി ഡി സതീശന്റെ മറുപടി. ഇക്കാര്യത്തിൽ ജി സുധാകരനെയാണ് താൻ വിശ്വസിക്കുന്നതെന് സതീശൻ പറഞ്ഞു.
ജി സുധാകരൻ ഒരു നിലപാട് എടുത്ത് നീങ്ങുമ്പോൾ തങ്ങൾ രാഷ്ട്രീയമായ പിന്തുണ നൽകുകയാണുണ്ടായത്. അദ്ദേഹം തീരുമാനം എടുത്തതിന് ശേഷമാണ് തങ്ങൾ അദ്ദേഹവുമായി ബന്ധപ്പെടുന്നത്. കാലിന് പരിക്ക് പറ്റി കിടക്കുമ്പോൾ പല തവണ അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. ആലപ്പുഴ വഴി പോകുമ്പോഴും അദ്ദേഹത്തെ വിളിക്കാറുണ്ട്. നല്ല ബന്ധമാണ് ജി സുധാകരനുമായി ഉള്ളത്. തനിക്കെതിരെ മത്സരിച്ച പന്ന്യൻ രവീന്ദ്രനുമായി നല്ല സൗഹൃദം ഇപ്പോഴും പുലർത്തുന്നുണ്ടെന്നും സതീശൻ പറഞ്ഞു. ജി സുധാകരന് പിന്തുണ നൽകുന്നതിൽ പ്രാദേശിക കോൺഗ്രസിൽ ഭിന്നതയില്ലെന്നും സതീശൻ വ്യക്തമാക്കി.
കെ സുധാകരന്റെ മൂന്നാം സർക്കാർ പരാമർശത്തെ കുറിച്ചും സതീശൻ പ്രതികരിച്ചു. നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിൽ വരും എന്ന പ്രതിപക്ഷ നേതാവിന്റെ അവകാശവാദം നൂറ് ശതമാനം ശരിയാണെന്നും പ്രതിപക്ഷ നേതാവിന് തെറ്റാറില്ലെന്നുമാണ് കെ സുധാകരൻ പറഞ്ഞത്. തൃക്കാക്കര, പുതുപ്പള്ളി, പാലക്കാട്, നിലമ്പൂർ തുടങ്ങിയ ഇടത്തൊക്കെ തന്റെ കണക്കുകൂട്ടൽ കറക്ടാണെന്ന് അദ്ദേഹം തന്നോട് തന്നെ പറഞ്ഞിട്ടുണ്ട്. പല തവണ കെ സുധാകരൻ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും വി ഡി സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
കൊച്ചി സീറ്റിൽ താനും കെ സി വേണുഗോപാലും തമ്മിൽ അടി നടന്നു എന്നാണ് ചിലർ പറഞ്ഞത്. കെ സിയാണ് ആണ് ആ വാർത്ത തന്നോട് പറഞ്ഞത്. ആ വാർത്ത കണ്ട് പൊട്ടിച്ചിരിക്കുകയായിരുന്നു. താൻ പല പ്രാവശ്യം യോഗത്തിൽ നിന്ന് ഇറങ്ങി പോയിട്ടുണ്ട്. പുറത്ത് ചായ കുടിക്കാനും വാഷ് റൂമിലും ഉറങ്ങാനും ഒക്കെ പോയിട്ടുണ്ട്. പല സ്ഥാനാർഥികളുടെയും കാര്യത്തിൽ തർക്കം ഉണ്ടായിട്ടുണ്ട്. ഓരോ സ്ഥാനാർത്ഥികളെ കുറിച്ചും വിശദമായ ചർച്ച നടത്തിയിട്ടാണ് തീരുമാനമെടുത്തത്. സിപിഐഎമ്മിന്റെയും എൻഡിഎയുടെയും പല സ്ഥാനാർത്ഥികളുടെയും പേര് ഇപ്പോഴും പുറത്തുവന്നിട്ടില്ല. സിപിഐഎമ്മിന്റെ മെറിറ്റ് എന്താണെന്ന് തളിപ്പറമ്പിലെ മുതിർന്ന നേതാവ് തന്നെ പറഞ്ഞിട്ടുണ്ട്. സിപിഐഎമ്മിനുള്ളിൽ തന്നെയാണ് അതിശക്തമായ എതിർപ്പുള്ളത്. അതിലൊന്നും തങ്ങളാരും ഇടപെടില്ല, ഞങ്ങളുടെ സ്ഥാനാർഥികളുടെ വിഷയത്തിലും ആരും ഇടപെടേണ്ടെന്നും വി ഡി സതീശൻ പറഞ്ഞു.
സീറ്റ് ലഭിക്കാത്തവർക്ക് പാർട്ടി പദവി നൽകും. എല്ലാവരും മത്സരിക്കാൻ അർഹരായ ആളുകളായിരുന്നു. വിഷമത്തോടെയും പ്രയാസത്തോടെയും ആണ് പലരുടെയും പേര് ഒഴിവാക്കേണ്ടി വന്നത്. മാറ്റി നിർത്തപ്പെട്ട എല്ലാവരെയും ഹൃദയത്തോട് ചേർന്നുനിർത്തും അവരെല്ലാം വേണ്ടപ്പെട്ടവർ ആണെന്നും സതീശൻ പറഞ്ഞു.
ജോസഫ് വാഴക്കനൊക്കെ പട്ടികയിൽ വരേണ്ട സീനിയറാണ്. തനിക്ക് വലിയ കടപ്പാടുള്ള നേതാവാണ് അദ്ദേഹം. തന്നെ അനിയനെ പോലെ സ്നേഹിച്ച വ്യക്തിയാണ്. താൻ ഈ സ്ഥാനത്ത് ഇരുന്നിട്ട് പോലും അദ്ദേഹത്തിനെപ്പോലെ ഒരാൾക്ക് സീറ്റ് നൽകാൻ പറ്റിയില്ല. അതിൽ വലിയ സങ്കടം ഉണ്ട്. മുഖ്യധാര രാഷ്ട്രീയത്തിൽ നിന്ന് പുറത്തായ തന്നെ തിരികെ കൊണ്ടുവന്നത് അദ്ദേഹമാണെന്നും സതീശൻ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് പ്രതീക്ഷിച്ച് ഫ്ളക്സും പോസ്റ്ററും അടക്കം അടിക്കുകയും അവസാനം സീറ്റ് ലഭിക്കാതിരിക്കുകയും ചെയ്തതിന് പിന്നാലെ ജോസഫ് വാഴക്കന് സീറ്റില്ലെന്ന് അറിയിക്കുകയായിരുന്നു. ഈ വിഷയത്തിലാണ് സതീശന്റെ പ്രതികരണം.
Content Highlights: Opposition leader VD Satheesan praised G Sudhakaran