'സർവ്വത്ര അഴിമതിയിൽ മുങ്ങിക്കുളിച്ച പാർട്ടിയുടെ സ്ഥാനാർത്ഥിയായാണ് വർഗവഞ്ചകന്റെ പുതിയ ഉയിർത്തെഴുന്നേൽപ്പ്'

'വി കുഞ്ഞികൃഷ്ണനെപ്പോലുള്ള വൈകൃതങ്ങള്‍ വലതുപക്ഷത്തിന് വേണ്ടി കുഴലൂത്ത് നടത്തുന്നത് എത്ര ലജ്ജാകരമാണ്'

കണ്ണൂര്‍: പയ്യന്നൂരില്‍ യുഡിഎഫ് പിന്തുണയോടെ മത്സരത്തിനിറങ്ങുന്ന മുന്‍ സിപിഐഎം നേതാവ് വി കുഞ്ഞികൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്. സര്‍വ്വത്ര അഴിമതിയില്‍ മുങ്ങിക്കുളിച്ച ഒരു പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് വര്‍ഗവഞ്ചകന്റെ പുതിയ ഉയിര്‍ത്തെഴുന്നേല്‍പ്പെന്ന് പറഞ്ഞുകൊണ്ട് ഫേസ്ബുക്കിലൂടെയായിരുന്നു കെ കെ രാഗേഷിന്റെ വിമര്‍ശനം.

നിരവധി തവണ വിവിധ കമ്മിറ്റികള്‍ ചര്‍ച്ചചെയ്ത് ബോധ്യംവരുത്തിയ കാര്യമാണ് തീര്‍ത്തും വ്യക്തിവിരോധം ഒന്നുകൊണ്ടുമാത്രം വി കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിക്കെതിരെ നിരന്തരം ഉയര്‍ത്തിക്കൊണ്ടിരുന്നതെന്ന് കെ കെ രാഗേഷ് പറഞ്ഞു. അതിന്റെ ആത്യന്തിക ലക്ഷ്യം എന്താണെന്ന് ഇപ്പോഴത്തെ അയാളുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് വ്യക്തമായിക്കഴിഞ്ഞു. അതിന് ആരുടെ തിണ്ണനിരങ്ങാനും അയാള്‍ക്ക് മടിയുണ്ടായില്ല. ഇന്ത്യയിലെ മുഴുവന്‍ നിസ്വവര്‍ഗവും പ്രതീക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പാണ് കേരളത്തില്‍ നടക്കാനിരിക്കുന്നതെന്ന് അറിയാത്തവരാരും ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഇന്ത്യയിലെ ഏക ഇടതുപക്ഷസര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ജീവന്മരണപ്പോരാട്ടം. ആ പോരാട്ടത്തിനിടയിലും വി കുഞ്ഞികൃഷ്ണനെപ്പോലുള്ള വൈകൃതങ്ങള്‍ വലതുപക്ഷത്തിന് വേണ്ടി കുഴലൂത്ത് നടത്തുന്നത് എത്ര ലജ്ജാകരമാണെന്ന് കെ കെ രാഗേഷ് പറഞ്ഞു. തന്നെ വളര്‍ത്തിവലുതാക്കിയ പ്രസ്ഥാനത്തിന് വി കുഞ്ഞികൃഷ്ണന്‍ തിരിച്ചുനല്‍കിയതെന്താണ്?. അയാളെപ്പോലെ 'ദീര്‍ഘകാലത്തെ അനുഭവസമ്പത്തുള്ള' ഒരാള്‍ എന്ത് സന്ദേശമാണ് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ പുതുതലമുറയ്ക്ക് നല്‍കുന്നത്?. സ്വയം ചീഞ്ഞ് വര്‍ഗശത്രുക്കള്‍ക്ക് വളമാകുകയല്ലാതെ മറ്റെന്താണതെന്നും കെ കെ രാഗേഷ് ചോദിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പയ്യന്നൂരിലെ ഒറ്റുകാരനോട്…

വയനാട്ടില്‍ ഒരു ദുരന്തമുണ്ടായപ്പോള്‍, കേരളം മുഴുവന്‍ കൈമെയ് മറന്ന് സര്‍ക്കാരിനൊപ്പം സഹായത്തിനെത്തിയപ്പോള്‍, ചില്ലിക്കാശ് കൊടുക്കരുതെന്ന് പറഞ്ഞ് വിലക്കിയവരാണ് കോണ്‍ഗ്രസ്സുകാര്‍. പിന്നീടവര്‍ ദുരിതബാധിതരെ സഹായിക്കാനായി പ്രത്യേക മൊബൈല്‍ ആപ്പിലൂടെ വന്‍തോതില്‍ നാട്ടുകാരുടെ പണവും ശേഖരിച്ചു. ദുരന്തം നടന്നിട്ട് ഇരുപത് മാസം പിന്നിട്ടിരിക്കുന്നു. സര്‍ക്കാര്‍ ദുരിതബാധിതര്‍ക്കായി നിര്‍മിച്ച ടൗണ്‍ഷിപ്പും ഭവനങ്ങളും അവസാനഘട്ടത്തിലാണ്. എന്നാല്‍ ശേഖരിച്ച പണമെത്രയെന്നോ ചെയ്ത പ്രവൃത്തിയെന്തെന്നോ എന്തിന് ഫണ്ട് പിരിച്ച ആപ്പ് എവിടെയെന്നുപോലും പറയാന്‍ ഈ നിമിഷം വരെ കോണ്‍ഗ്രസ്സിനായിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് പിരിച്ച ഫണ്ടാവട്ടെ, രാഹുല്‍മാങ്കൂട്ടത്തിലും കൂട്ടരും ചേര്‍ന്ന് എന്തൊക്കെ ആവശ്യങ്ങള്‍ക്കാണ് ഉപയോഗിച്ചത് എന്നും ഇനിയും പുറത്തുവരാനിരിക്കുന്നതേ ഉള്ളൂ. ഇത്രയും പറഞ്ഞത്, പാര്‍ട്ടിഫണ്ട് ചിലര്‍ തട്ടിയെടുത്തതിലുള്ള 'ആത്മരോഷം'മൂലമാണ് പാര്‍ട്ടിക്കെതിരെ മത്സരിക്കാന്‍ തീരുമാനിച്ചത് എന്ന് പയ്യന്നൂരില്‍ മറ്റൊരു വര്‍ഗവഞ്ചകന്‍ പറഞ്ഞുനടക്കുന്നത് കണ്ടാണ്. കോണ്‍ഗ്രസ്സ് ഇപ്പോള്‍ ഇടതുപക്ഷത്തിനെതിരെയുള്ള പ്രചാരണങ്ങള്‍ക്കും മറ്റും ഒഴുക്കിക്കൊണ്ടിരിക്കുന്ന പണം ഏതെല്ലാം അഴിമതിയിലൂടെ സമാഹരിച്ചതാണെന്നത് ഊഹിക്കാവുന്നതേയുള്ളൂ. നാട്ടുകാര്‍ ആരും ഇനി കോണ്‍ഗ്രസ്സിന് ഫണ്ട് കൊടുക്കില്ലെന്നും ഉറപ്പാണ്. സര്‍വ്വത്ര അഴിമതിയില്‍ മുങ്ങിക്കുളിച്ച ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് വര്‍ഗവഞ്ചകന്റെ പുതിയ ഉയിര്‍ത്തെഴുന്നേല്‍പ്!

എത്രയോ ധീരന്മാരുടെ ഹൃദയരക്തം വീണുകുതിര്‍ന്നമണ്ണാണീ കണ്ണൂര്‍. കോണ്‍ഗ്രസ്സ് കാപാലികരുടെ കൊലക്കത്തിക്കിരയായ എത്രയോപേരുണ്ട്. രക്തസാക്ഷികളുടെ പേര് പറഞ്ഞ് വികാരംകൊള്ളുന്ന താങ്കള്‍ക്ക് കോണ്‍ഗ്രസ്സുകാര്‍ കൊന്നുകളഞ്ഞ എത്ര രക്തസാക്ഷികളുടെ പേരറിയാം? മൊയാരത്ത് ശങ്കരനില്‍ തുടങ്ങി ധീരജില്‍ അവസാനിക്കുന്ന ഒരു നീണ്ടനിരയുണ്ട്. വെടിവെച്ചും കുത്തിമലര്‍ത്തിയും ചുട്ടെരിച്ചും താങ്കളിപ്പോള്‍ അഭയംതേടിയ കൂടാരത്തിലുള്ളവര്‍ അവസാനിപ്പിച്ച ധീരന്മാരുടെ നീണ്ട നിര. പയ്യന്നൂരിന്റെ തെരുവുകള്‍ ആ ഗുണ്ടാപ്പടയുടെ കയ്യിലമര്‍ന്ന ഒരു നാളുണ്ടായിരുന്നു. ആ കാലത്തുനിന്നും എങ്ങിനെയാണ് ഇന്നുകാണുന്ന സമാധാനാന്തരീക്ഷം പയ്യന്നൂരിന് കൈവന്നതെന്ന് മറന്നുകൂടാത്തതാണ്. അന്ന് നിര്‍ഭയം ഈ നാടിന് കാവലായി നില്‍ക്കാന്‍ ആയിരങ്ങളുണ്ടായിരുന്നു. ഒന്നും പ്രതീക്ഷിക്കാതെ, ഒന്നും നേടാനാവാതെ പാര്‍ട്ടിയെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചവര്‍.

നിരവധി തവണ വിവിധ കമ്മിറ്റികള്‍ ചര്‍ച്ചചെയ്ത് ബോധ്യംവരുത്തിയ കാര്യമാണ് തീര്‍ത്തും വ്യക്തിവിരോധം ഒന്നുകൊണ്ടുമാത്രം വി. കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിക്കെതിരെ നിരന്തരം ഉയര്‍ത്തിക്കൊണ്ടിരുന്നത്. അതിന്റെ ആത്യന്തികലക്ഷ്യമെന്താണെന്ന് ഇപ്പോഴത്തെ അയാളുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്ന് വ്യക്തമായിക്കഴിഞ്ഞു. അതിന് ആരുടെ തിണ്ണനിരങ്ങാനും അയാള്‍ക്ക് മടിയുണ്ടായില്ല. ഇന്ത്യയിലെ മുഴുവന്‍ നിസ്വവര്‍ഗവും പ്രതീക്ഷയോടെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പാണ് കേരളത്തില്‍ നടക്കാനിരിക്കുന്നതെന്ന് അറിയാത്തവരാരും ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഇന്ത്യയിലെ ഏക ഇടതുപക്ഷസര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ജീവന്മരണപ്പോരാട്ടം. ആ പോരാട്ടത്തിനിടയിലും വി. കുഞ്ഞികൃഷ്ണനെപ്പോലുള്ള വൈകൃതങ്ങള്‍ വലതുപക്ഷത്തിനുവേണ്ടി കുഴലൂത്തുനടത്തുന്നത് എത്ര ലജ്ജാകരമാണ്. തന്നെ വളര്‍ത്തിവലുതാക്കിയ പ്രസ്ഥാനത്തിന് വി. കുഞ്ഞികൃഷ്ണന്‍ തിരിച്ചുനല്‍കിയതെന്താണ്? അയാളെപ്പോലെ 'ദീര്‍ഘകാലത്തെ അനുഭവസമ്പത്തുള്ള' ഒരാള്‍ എന്ത് സന്ദേശമാണ് തന്റെ സ്ഥാനാര്‍ത്ഥിത്വത്തിലൂടെ പുതുതലമുറയ്ക്ക് നല്‍കുന്നത്? സ്വയം ചീഞ്ഞ് വര്‍ഗശത്രുക്കള്‍ക്ക് വളമാകുകയല്ലാതെ മറ്റെന്താണത്?

സിപിഐഎം സ്ഥാനാർത്ഥിയായി പയ്യന്നൂരിൽ ടി ഐ മധുസൂദനൻ എംഎൽഎയെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വി കുഞ്ഞികൃഷ്ണൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചത്. ടി ഐ മധുസൂദനനെതിരെ ഫണ്ട് തട്ടിപ്പ് ആരോപണമുന്നയിച്ചയാളാണ് കുഞ്ഞികൃഷ്ണൻ. ധനരാജ് രക്തസാക്ഷി ഫണ്ടിലും പയ്യന്നൂരിലെ ഏരിയാ കമ്മിറ്റി ഓഫീസ് നിർമാണ ഫണ്ടിലുമടക്കം വൻ തിരിമറി നടന്നുവെന്നായിരുന്നു മുൻ ജില്ലാ കമ്മിറ്റി അംഗം കൂടിയായിരുന്ന വി കുഞ്ഞികൃഷ്ണന്റെ ആരോപണം.

Content Highlights- CPI(M) leader K K Ragesh launched a sharp attack on V Kunjikrishnan, alleging that he represents a party deeply involved in corruption and describing his political re-emergence in critical terms.

To advertise here,contact us