ടൂറിസം വികസനം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ വരിക എന്താണ്? പ്രധാനപ്പെട്ട ഇടങ്ങളിൽ നടക്കുന്ന വലിയ വികസനപ്രവർത്തനങ്ങൾ എന്നാകും അല്ലേ? എന്നാൽ അത് മാത്രമല്ല ടൂറിസം വികസനം. ടൂറിസ്റ്റുകൾക്കുള്ള അടിസ്ഥാന സൗകര്യങ്ങളുടെ വികസനം കൂടിയാണ് യഥാർത്ഥത്തിൽ നമുക്ക് ആവശ്യമുള്ളത്.
പാതയോര സൗകര്യങ്ങൾ വർധിപ്പിക്കുക എന്നതും ടൂറിസത്തെ സംബന്ധിച്ച് വളരെ പ്രധാനമാണ്. ചെറിയ യാത്രകൾ പോകുന്നവർ, ഹൈവേകളിലൂടെ യാത്ര ചെയ്യുന്നവർ എന്നിവർക്കെല്ലാം ഈ സൗകര്യങ്ങൾ വളരെ പ്രധാനമാണ്. യാത്രക്കാർക്ക് വിശ്രമം, ലഘുഭക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കുക എന്നതാണ് ഇവയുടെ ലക്ഷ്യം. പത്തനംതിട്ടയിലെ കുളനടയിലെ വഴിയോര സൗകര്യ കേന്ദ്രത്തിന്റെ നവീകരണം നിലവിൽ പൂർത്തിയായിയിട്ടുണ്ട്.
ടൂറിസം വികസനത്തിനായി കേരളത്തിന് ഒരു ഡിസൈൻ നയം തന്നെയുണ്ട്. ആകർഷണീയമായ കാഴ്ചകളും നിരവധി അനുഭവങ്ങളും ചേർന്ന് സന്ദർശകരിൽ ഒരിക്കലും മറക്കാനാകാത്ത അനുഭൂതി പതിപ്പിക്കുന്ന ഒരു പ്രക്രിയയാണ് ടൂറിസം. അതുകൊണ്ടുതന്നെ, ആകർഷകവും നന്നായി സംരക്ഷിക്കപ്പെട്ടതും വിനോദസഞ്ചാരികൾക്ക് അനുയോജ്യമായതുമായ രീതിയിൽ നിർമിതികൾ, ചുറ്റുപാടുകൾ നമ്മുടെ പ്രകൃതി എന്നിവ പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. ഇത് മനസ്സിൽ വെച്ചുകൊണ്ട്, മികച്ച രീതിയിൽ ആസൂത്രണം ചെയ്യപ്പെട്ട നിർമിതികളുടെയും അവയുടെ ചുറ്റുപാടുകളുടെയും വികസനം പ്രോത്സാഹിപ്പിക്കുന്നതിനും നിലവിലുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുമുള്ള ഒരു ചട്ടക്കൂടായിട്ടാണ് ഡിസൈൻ നയം പ്രവർത്തിക്കുന്നത്. ഈ നയത്തിന് അനുസൃതമായി നിരവധി ടൂറിസം കേന്ദ്രങ്ങളുടെ രൂപകൽപ്പനയും വികസനവും നിലവിൽ നടന്നുവരികയാണ്. ഈ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി പ്രത്യേക പദ്ധതികളും നടപ്പിലാക്കിവരികയാണ്.
ടൂറിസം വികസനത്തിനായി ഒരു മാസ്റ്റർ പ്ലാനും നമുക്കുണ്ട്. ടൂറിസം കേന്ദ്രങ്ങളുടെ ആകർഷണീയത വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സമഗ്രവും സുസ്ഥിരവും പരിസ്ഥിതി സൗഹൃദപരവുമായ വികസനം സാധ്യമാക്കുന്നതിനായി പതിമൂന്ന് മാസ്റ്റർ പ്ലാനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കോവളം, വർക്കല, കൊല്ലം, ആലപ്പുഴ, മലമ്പുഴ, കുമരകം, കോഴിക്കോട്, തലശ്ശേരി എന്നിവിടങ്ങളുടെ വികസനത്തിന് പ്രത്യേക പദ്ധതികൾതന്നെ നമുക്കുണ്ട്.
Content highlights: Design policy to beautify tourism in Kerala