കണ്ണൂര്‍: നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐഎം വിമതന് ടി കെ ഗോവിന്ദനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്ന് തളിപ്പറമ്പ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. പാര്‍ട്ടി തീരുമാനത്തില്‍ പ്രതിഷേധിച്ച് നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് വിമതരായി മത്സരിക്കാനൊരുങ്ങുന്നത്.
കെപിസിസി അംഗം കൊയ്യം ജനാര്ദ്ദനന് മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ്. 2016ല്‍ മണ്ഡലത്തില്‍ മത്സരിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജേഷ് നമ്പ്യാരും മത്സരിക്കാന്‍ തയ്യാറെടുക്കുകയാണ്.
തളിപ്പറമ്പില്‍ യുഡിഎഫ് പിന്തുണക്കുന്ന ടി കെ ഗോവിന്ദനെതിരെ മത്സരിക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനം. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജില്‍ മോഹനന് നാമനിര്‍ദേശ പത്രിക നല്‍കുമെന്നാണ് ഏറ്റവും പുതിയ വിവരങ്ങള്‍. തളിപ്പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രചരണം ആരംഭിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ അഭിമാനം സംരക്ഷിക്കാന്‍ അവന് വരുന്നു എന്ന എഴുത്തുമായുള്ള പോസ്റ്ററുകള്‍ എല്ലായിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്.
സിപിഐഎമ്മില്‍ നിന്നും വരുന്നവരെ സ്ഥാനാര്‍ത്ഥിയാക്കുന്ന തീരുമാനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേരത്തെ തന്നെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ പ്രതിഷേധം നേതൃത്വം മുഖവിലയ്ക്കെടുത്തില്ല. പിന്നാലെ പാര്‍ട്ടിക്കുള്ളിലെ പ്രതിഷേധം പരസ്യമാക്കാനാണ് യൂത്ത് കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നത്.
Content Highlights: Protest in Congress against fielding CPI(M) rebel TK Govindan as candidate