ടൂറിസത്തിൽ കേരളം ഏറെ മുൻപിൽ നിൽക്കുമ്പോഴും എങ്ങനെയാണ് നമ്മൾ അത് നേടിയെടുത്തത് എന്ന കാര്യവും ചർച്ച ചെയ്യേണ്ടതുണ്ട്. ഒരു ദിവസം കൊണ്ടല്ല നമ്മൾ ഈ നേട്ടങ്ങൾ എല്ലാം നേടിയെടുത്തത്. കൃത്യമായ പ്ലാനിങ്, അതിന്റെ നടത്തിപ്പ്, പദ്ധതി നിർവഹണത്തിലെ കാര്യക്ഷമത എന്നിവയെല്ലാമാണ് കേരള ടൂറിസത്തിന്റെ ഈ നേട്ടങ്ങൾക്കെല്ലാം പിന്നിൽ. ഒരു മനുഷ്യനെപ്പോലും നമ്മൾ ഒരിടത്തുനിന്നും മാറ്റിനിർത്തിയിട്ടില്ല. എല്ലാവർക്കും എല്ലാം പ്രാപ്യമാകും വിധത്തിലാണ് കേരളം പദ്ധതികൾ രൂപകല്പന ചെയ്തതും നടപ്പിലാക്കിയതും.
ലിംഗഭേദമില്ലാത്ത, വാർദ്ധക്യ സൗഹൃദമായ, ആർക്കും തടസങ്ങളില്ലാതെ കടന്നുചെല്ലാവുന്ന സ്ഥലങ്ങൾ കേരളത്തിൽ ഇന്ന് നിരവധിയാണ്. നിലവിലുള്ള ടൂറിസ്റ്റ് സ്പോട്ടുകളിൽ അവ നിർമിക്കാനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയുമാണ്. സ്ത്രീകളുടെയും പ്രായമായവരുടെയും പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പല സ്ഥലങ്ങളും പ്രത്യേകം രൂപകൽപ്പന ചെയ്തവയാണ്. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും വീൽ ചെയർ പ്രവേശനത്തിനുള്ള സൗകര്യം, മറ്റ് സുഖസൗകര്യങ്ങൾ, യാത്ര ചെയ്യാനുള്ള മാർഗങ്ങൾ എന്നിവ ഉണ്ടാകണം. പ്രായമായവർ, സ്ത്രീകൾ എന്നിവരടങ്ങുന്ന ഒരു വലിയ സമൂഹത്തെ ഈ സൗകര്യങ്ങൾ യാത്രകൾ ചെയ്യാൻ പ്രേരിപ്പിക്കും.
കേരളത്തെ 100% സ്ത്രീ സൗഹൃദ ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനായി കേരള ടൂറിസം ഒരു സംരംഭം ആരംഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് 14 ഇടങ്ങളിൽ ജെണ്ടർ ഓഡിറ്റ് പൂർത്തിയാക്കി. ആറിടങ്ങളിൽ ഓഡിറ്റ് നടന്നുകൊണ്ടിരിക്കുകയാണ്. 2024 നവംബർ 29 മുതൽ ഡിസംബർ 2 വരെ മൂന്നാറിൽ കെആർടിഎം സൊസൈറ്റി ലിംഗഭേദങ്ങളെ ഉൾക്കൊള്ളുന്നതും ഉത്തരവാദിത്തമുള്ളതുമായ ടൂറിസത്തെക്കുറിച്ചുള്ള ആദ്യത്തെ ആഗോള വനിതാ സമ്മേളനം സംഘടിപ്പിച്ചു. അത് വലിയ വിജയമായിരുന്നു.
കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷങ്ങൾ കൊണ്ട് നിരവധി പാലങ്ങളാണ് ഉയർന്നുവന്നത്. കേരളത്തിലെ യാത്രകളെ സുഖമമാക്കുന്നതിൽ വലിയ പങ്കാണ് ഈ പാലങ്ങൾ വഹിക്കുന്നത്.
ഇത്തരത്തിൽ പാലങ്ങൾ ഉയർന്നുവരുമ്പോൾ അതിനടിയിലുള്ള ഒഴിഞ്ഞ ഇടങ്ങൾ എന്തുചെയ്യണം എന്നും സർക്കാരിന് ബോധ്യമുണ്ടായിരുന്നു. പാലങ്ങൾക്ക് അടിയിൽ ജനങ്ങൾക്ക് ഒത്തുകൂടാൻ പാകത്തിലുള്ള സൗകര്യങ്ങൾ നിർമിക്കുക എന്നതാണ് ഈ സർക്കാർ അതിനായി കൈക്കൊണ്ട നയം. വൈകുന്നേരങ്ങളിലും മറ്റും ജനങ്ങൾക്ക് ഒത്തുകൂടാനും കളിചിരികളുമായി സന്തോഷത്തോടെ ഇരിക്കാനും ഒരു സ്ഥലം.
കൊല്ലം എസ്എൻ കോളേജ് റെയിൽവേ ഓവർപാസാണ് ഈ പദ്ധതി വിജയം കണ്ടതിന്റെ ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണം. മേൽപ്പാലത്തിന്റെ താഴെയുള്ള ഒഴിഞ്ഞയിടം മനോഹരമായാണ് ഇന്ന് മാറിയിട്ടുള്ളത്. ആളുകൾക്ക് ഇരിക്കാനുള്ള സ്ഥലങ്ങൾ, ചെറിയ ജിം, ബാഡ്മിന്റൺ അടക്കമുള്ളവ കളിക്കാനുള്ള സ്ഥലം എന്നിങ്ങനെ അഭൂതപൂർവമായ മാറ്റമാണ് ഉണ്ടായത്. ജനങ്ങളുടെ ജീവിതനിലവാരത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതാണ് ഇത്തരം പദ്ധതികൾ.
ഇത്തരത്തിൽ നിരവധി പാലങ്ങൾക്കടിയിലെ ഒഴിഞ്ഞയിടങ്ങൾ മുഖം മാറാനായി കാത്തിരിക്കുന്നുണ്ട്. മുളങ്കുന്നത്തുകാവ് റെയിൽവേ മേൽപ്പാലത്തിന്റെ അടിഭാഗം, ചെമ്പിശ്ശേരി റെയിൽവേ മേൽപ്പാലത്തിന്റെ അടിഭാഗം, അത്താണി റെയിൽവേ മേൽപ്പാലത്തിന്റെ അടിഭാഗം എന്നിവയെല്ലാമാണവ. ഇവ കൂടാതെ തിരുവനന്തപുരത്തെ അമ്പൂരി കുമ്പിച്ചാൽ പാലം, കോഴിക്കോട് മീഞ്ചന്ത പാലം എന്നിവയുടെ സൗന്ദര്യവത്കരണവും ഉടൻ നടപ്പിലാകും.
Content highlight: Kerala is far ahead in tourism, need to discuss how we achieved that