കൊച്ചി: ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാടിനെതിരായ കോണ്‍ഗ്രസ് നേതാവ് അജയ് തറയിലിന്റെ അധിക്ഷേപ പരാമര്‍ശത്തില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയും ഉള്‍പ്പെടെയുള്ളവര്‍ മറുപടി പറയണമെന്ന് എഴുത്തുകാരന് കെ കെ ബാബു രാജ്. അജയ് തറയില്‍ അയാളുടെ സംഘി മനോഘടനയാണ് പുറത്തെടുത്തിട്ടുള്ളതെന്നും കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കണമെന്നും കെ കെ ബാബു രാജ് ആവശ്യപ്പെട്ടു.
സണ്ണിക്കെതിരെ സംഘപരിവാര്‍ ശക്തികള്‍ നിരന്തരമായി നടത്തുന്ന വംശീയ വെറുപ്പ് തന്നെയാണ് അജയ് തറയില്‍ ഏറ്റുവിളിച്ചിട്ടുള്ളത്. തീവ്രഹിന്ദുത്വവാദികളെ ചെറുത്തുതോല്‍പ്പിക്കാന്‍ ദളിത്-പിന്നാക്ക-ന്യൂനപക്ഷ ജനതകള്‍ മുന്നിട്ടിറങ്ങുന്ന ഘട്ടത്തിലാണ് രാഹുല്‍ ഗാന്ധിയെയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും പോലുള്ള കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ നേതൃത്വം പുതിയൊരു ഉള്‍ക്കൊള്ളല്‍ രാഷ്ട്രീയത്തിനൊപ്പം നിലയുറപ്പിക്കാന്‍ സന്നദ്ധമായിട്ടുള്ളത്. ആ ചുവടുവെപ്പുകളെ തന്നെയാണ് കേരളത്തിലെ കോണ്‍ഗ്രസ് ഗ്രൂപ്പ് നേതാക്കള്‍ വലിച്ചെറിയുന്നത്', കെ കെ ബാബു രാജ് വിമര്‍ശിച്ചു.
സണ്ണി എം കപിക്കാട് നിയമപരമായും ജീവിത ക്രമം കൊണ്ടും ദളിത് ക്രൈസ്തവനല്ല. അദ്ദേഹത്തെ അങ്ങനെ വിളിക്കുന്നവര്‍ ദളിത് ക്രൈസ്തവ ജനതയോടുള്ള വംശീയ വെറുപ്പിനെയാണ് പ്രചരിപ്പിക്കുന്നത്. കേരളത്തിലെ ജനസംഖ്യയില്‍ വിപുലമായ ഒരു വിഭാഗമായ ദളിത് ക്രൈസ്തവ സമുദായത്തെ ഇപ്രകാരം അവമതിക്കാന്‍ ഒരു കോണ്‍ഗ്രസ് നേതാവിനെ കയറൂരി വിട്ടതിന് വി ഡി സതീശനും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും ഏ കെ ആന്റണിയും അടക്കമുള്ളവര്‍ മറുപടി പറയേണ്ടതുണ്ടെന്നും കെ കെ ബാബു രാജ് പറഞ്ഞു.
സണ്ണി എം കപിക്കാട് ക്രിസ്ത്യന്‍ കുടുംബത്തില്‍ ജനിച്ചയാളാണെന്നും സംവരണ സീറ്റില്‍ എങ്ങനെ സ്ഥാനാര്‍ത്ഥിയാകാന്‍ കഴിയും എന്നുമായിരുന്നു അജയ് തറയില്‍ ചോദിച്ചത്. ജോലി കിട്ടുന്നതിനായി ഹിന്ദു മതത്തില്‍ ചേര്‍ന്നെന്നും മതപശ്ചാത്തലത്തെക്കുറിച്ചുള്ള ന്യായീകരണം പച്ചക്കള്ളമാണ്. ജമാ അത്തെ ഇസ്ലാമിയുടെ കോടാലിക്കൈയാണ് സണ്ണി കപിക്കാടെന്നുമായിരുന്നു അജി തറയിലിന്റെ അധിക്ഷേപം.
Content Highlights: Writer K K Babu Raj against ajay tharayil over sunny m kapikad issue