തൃക്കരിപ്പൂരില്‍ യുഡിഎഫിന് സന്ദീപ് വാര്യര്‍ തന്നെ; ജില്ലയിലെ നേതാക്കളെ അനുനയിപ്പിക്കും

അതേസമയം കണ്ണൂരില്‍ മുതിര്‍ന്ന നേതാവ് കെ സുധാകരന് സീറ്റില്ല

എറണാകുളം: തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. പാര്‍ട്ടിയുടെ അന്തിമ തീരുമാനം സന്ദീപ് വാര്യരെ അറിയിച്ചു. ഇന്ന് വൈകിട്ട് സന്ദീപ് വാര്യര്‍ തൃക്കരിപ്പൂരിലെത്തും. ജില്ലയിലെ നേതാക്കളെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് സന്ദീപ് വാര്യര്‍. സന്ദീപ് വാര്യരെ പരിഗണിക്കുന്നതില്‍ എതിര്‍പ്പുമായി ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തിയിരുന്നു.

ജില്ലയില്‍ തന്നെയുള്ള സ്ഥാനാര്‍ത്ഥി വേണമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ ആവശ്യം. ഇത് സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് കത്ത് നല്‍കിയിരുന്നു. കമ്മിറ്റി പിരിച്ചുവിട്ട് പ്രതിഷേധിക്കുമെന്നാണ് യൂത്ത് കോണ്‍ഗ്രസിന്റെ മുന്നറയിപ്പ്. കഴിഞ്ഞതവണ കേരള കോണ്‍ഗ്രസ് മത്സരിച്ച സീറ്റാണിത്. ഇത്തവണ കാഞ്ഞങ്ങാട് കേരള കോണ്‍ഗ്രസിന് നല്‍കി കോണ്‍ഗ്രസ് സീറ്റ് ഏറ്റെടുക്കുകയായിരുന്നു.

സന്ദീപ് വാര്യരുടെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരെ എതിര്‍പ്പുമായി കാസര്‍കോട് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. ഡിസിസി പ്രസിഡന്റ് പി കെ ഫൈസല്‍ കടുത്ത അതൃപ്തിയാണ് നേതൃത്വത്തെ അറിയിച്ചത്. യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് പോലെ മത്സരിക്കാന്‍ വേറെ ആളെയിറക്കേണ്ടെന്നും മണ്ഡലത്തില്‍ സന്ദീപിനെ മത്സരിപ്പിക്കരുതെന്നും ജില്ലയില്‍ നിന്നുള്ള നേതാവിനെ തന്നെ മത്സരിപ്പിക്കണമെന്നുമാണ് കോണ്‍ഗ്രസ് ജില്ല നേതൃത്വത്തിന്റെ അഭിപ്രായം.

അതേസമയം കണ്ണൂരില്‍ മുതിര്‍ന്ന നേതാവ് കെ സുധാകരന് സീറ്റില്ല. എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു എംപിമാരും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ഇതോടെ കെ സുധാകരനും അടൂര്‍ പ്രകാശിനും സീറ്റുണ്ടാകില്ല. കണ്ണൂര്‍ കോര്‍പ്പറേഷന്‍ മുന്‍ മേയര്‍ ടി ഒ മോഹനന്‍ കണ്ണൂരില്‍ സ്ഥാനാര്‍ത്ഥി ആയേക്കുമെന്നാണ് വിവരം. കോന്നിയില്‍ സതീഷ് കൊച്ചുപറമ്പില്‍ ആയിരിക്കും മത്സരിക്കുക.

അതേസമയം മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച കെ സുധാകരന്‍ പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ്. അനുനയത്തിന് നേതാക്കള്‍ ശ്രമം നടത്തുമ്പോഴും അടുക്കാതെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് അദ്ദേഹം. കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ സുധാകരനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ സുധാകരന്‍ അനുയായികളുടെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.

Content Highlights: Sandeep Varier to contest Trikkarippur as UDF candidate

To advertise here,contact us