കൊച്ചി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഏറെക്കുറെ പൂര്‍ത്തിയായി. കായംകുളത്ത് കെപിസിസി വൈസ് പ്രസിഡന്റ് എം ലിജുവാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കൊച്ചിയില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ജനവിധി തേടുക. ദീപ്തി മേരി വര്‍ഗീസിന്റെ പേരും കൊച്ചിയിലേക്ക് ഉയര്‍ന്നുകേട്ടിരുന്നെങ്കിലും ഒടുവില്‍ നേതൃത്വം ഷിയാസിലേക്ക് തന്നെ എത്തുകയായിരുന്നു. തൃപ്പൂണിത്തുറയില്‍ ഇതുവരെ തീരുമാനമായിട്ടില്ല. പെരുമ്പാവൂരില്‍ സിറ്റിംഗ് എംഎല്‍എ ആ എല്‍ദോസ് കുന്നപ്പിളളിയ്ക്ക് സീറ്റില്ല. പകരം പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പ്രഖ്യാപനമുണ്ടാകും എന്നാണ് സൂചന.
എംപിമാരായ കെ സുധാകരനും അടൂര്‍ പ്രകാശിനും നിയമസഭയില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കിയില്ല. കണ്ണൂരും കോന്നിയിലും സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. മുന്‍ കണ്ണൂര്‍ മേയര്‍ ടി ഒ മോഹനനായിരിക്കും കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കോന്നിയില്‍ സതീഷ് കൊച്ചുപറമ്പിലായിരിക്കും സ്ഥാനാര്‍ത്ഥി. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി കെ സുധാകരൻ ഇന്നലെ കേരളാ ഹൗസിലെത്തി എൻഒസി വാങ്ങിയിരുന്നു.
കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ സുധാകരനെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ സുധാകരന് അനുയായികളുടെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെതിരെ പേരാവൂരില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. കെ എസ് ബ്രിഗേഡിന്റെ പേരിലായിരുന്നു താക്കീത്. 'നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത് സണ്ണീ… തിരിച്ചടി നേരിടേണ്ടിവരും… ശ്രീ കെ സുധാകരന് അഭിവാദ്യങ്ങള്‍' എന്നാണ് പോസ്റ്ററില്‍ പറയുന്നത്. പേരാവൂര്‍ മണ്ഡലത്തിലെ അയ്യന്‍കുന്നിലാണ് പോസ്റ്റര്‍ പതിച്ചത്. ഇന്നലെ രാത്രി കണ്ണൂര്‍ ഡിസിസി പരിസരത്തേക്ക് കെ സുധാകരന് അനുകൂലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു. 'കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവെ, അല്ലറ ചില്ലറ നേതാവല്ല, ഇതാണ് നമ്മുടെ നേതാവ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു സുധാകരന് അനുകൂലികളുടെ പ്രകടനം.
Content Highlights: M Liju confirms Kayamkulam, Muhammed Shias confirms Kochi; Announcement to be made today