കോഴിക്കോട്: കെ സുധാകരനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഹൈക്കമാൻഡിന്റെ പരിഗണനയിലെന്ന് എം കെ രാഘവൻ എം പി. വിഷയത്തിൽ ഹൈക്കമാൻഡ് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ പട്ടിക എല്ലാ കാലത്തും വൈകാറുണ്ട്. തെരഞ്ഞെടുപ്പ് ഫലമാണ് മുഖ്യമെന്നും എം കെ രാഘവൻ പറഞ്ഞു.
അതേസമയം എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നാലെ പാർട്ടി വിടാനൊരുങ്ങുകയാണ് കെ സുധാകരൻ. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെ അദ്ദേഹം ഫോണിൽ വിളിച്ചതായും 'നിങ്ങൾ നിങ്ങളുടെ വഴിക്ക് നടക്ക്, ഞാൻ എന്റെ വഴിക്ക് നടക്കാം' എന്ന് കെ സുധാകരൻ അറിയിച്ചതായുമാണ് വിവരം.
കണ്ണൂരിൽ സുധാകരൻ സ്വതന്ത്രനായി മത്സരിച്ചേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. 12 മണിക്ക് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപനം ഉണ്ടായേക്കും. ബിജെപി നേതാക്കളും സുധാകരനെ സമീപിച്ചിട്ടുണ്ട്. ബിജെപി നേതാക്കളുമായി കെ സുധാകരനുമായി അടുത്ത ബന്ധം പുലർത്തുന്നവർ സംസാരിച്ചു. എൻഡിഎ മുന്നണിയിലേക്കുള്ള പ്രവേശനം ഉറപ്പിക്കാനാണ് കെ സുധാകരന്റെ നീക്കം.
നിലവിലെ കണ്ണൂരിലെ എൻഡിഎ സ്ഥാനാർത്ഥിയോട് മത്സരത്തിൽ നിന്നും പിന്മാറാനുള്ള സന്നദ്ധത ബിജെപി നേതാക്കൾ തേടിയിട്ടുണ്ട്. സി രഘുനാഥുമായി ബിജെപി സംസ്ഥാന - ദേശീയ നേതാക്കൾ സംസാരിച്ചു.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് നിയമസഭാ തെരഞ്ഞെടുപ്പിൽ ഒരു എംപിമാരും മത്സരിക്കേണ്ടതില്ലെന്ന തീരുമാനത്തിലെത്തിയത്. ഇതോടെ കെ സുധാകരനും അടൂർ പ്രകാശിനും സീറ്റുണ്ടാകില്ലെന്ന് ഉറപ്പാവുകയായിരുന്നു. കോൺഗ്രസിന്റെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ സുധാകരനെ സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്താത്തതിനെതിരെ സുധാകരൻ അനുയായികളുടെ വ്യാപക പ്രതിഷേധമുയർന്നിരുന്നു.
Content Highlights: M K Raghavan MP says that issues related to K Sudhakaran are under consideration by the congress highcommand