ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ മത്സരിക്കണമെന്ന കെ സുധാകരന്റെ ആവശ്യത്തിന് വഴങ്ങാതെ ഹൈക്കമാന്‍ഡ്. സുധാകരന് കണ്ണൂരില്‍ സീറ്റ് നല്‍കേണ്ടതില്ല എന്ന നിലപാടിലാണ് ഹൈക്കമാന്‍ഡ്. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തില്‍ സുധാകരന്റെ വാശിക്ക് വഴങ്ങേണ്ടതില്ലെന്ന് രാഹുല്‍ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും നിലപാട് സ്വീകരിച്ചതായാണ് വിവരം. ഇതോടെ സുധാകരന് കടുത്ത നിലപാടിലേക്ക് നീങ്ങുകയാണ്. സുധാകരന് ഡല്‍ഹിയില്‍ മാധ്യമങ്ങളെ കണ്ട് നിലപാട് പ്രഖ്യാപിക്കുമെന്നാണ് സൂചന. ഇതിന് ശേഷം രാത്രി 9.45 ഓടെ സുധാകരന് കണ്ണൂരിലേക്ക് പുറപ്പെടും. ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ പ്രതിഷേധിച്ച് സുധാകരന് പ്രവര്‍ത്തക സമിതി അംഗത്വം രാജിവെയ്ക്കുമെന്ന് വിവരമുണ്ട്.
രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും ഇന്നലെയുമായി മാരത്തണ്‍ ചര്‍ച്ചകളാണ് നടന്നത്. ഇന്നലെ രണ്ട് തവണ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നിട്ടും സീറ്റ് തര്‍ക്കം തുടര്‍ന്നു. പ്രധാമായും കെ സി വേണുഗോപാലും വി ഡി സതീശനുമായിരുന്നു ഭിന്നാഭിപ്രായങ്ങള്‍ ഉയര്‍ത്തിയത്. ഇടുക്കി, കൊച്ചി സീറ്റുകളിലായിരുന്നു ഭിന്നാഭിപ്രായമെന്നായിരുന്നു പുറത്തുവന്ന വിവരം. കെ സുധാകരന് സീറ്റ് നല്കുന്ന കാര്യത്തിലും എതിരഭിപ്രായങ്ങള്‍ ഉയര്‍ന്നു. എംപിമാര്‍ക്ക് സീറ്റ് നല്‍കേണ്ടതില്ല എന്നനിലപാടില്‍ വി ഡി സതീശന് ഉറച്ചുനിന്നു. ഇതോടെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി തീരുമാനമാകാതെ പിരിഞ്ഞു. ഇതിന് ശേഷം ഖര്‍ഗെയുടെ വസതിയിലും യോഗം ചേര്‍ന്നു. സുധാകരന് സീറ്റ് നല്‍കേണ്ടതില്ല എന്ന നിലപാടായിരുന്നു ഖര്‍ഗെയും സ്വീകരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണി വരെ യോഗം തുടര്‍ന്നു. എന്നിട്ടും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തീരുമാനമായില്ല.
ഇതോടെ സുധാകരന് നിലപാട് കടുപ്പിച്ചു. ഒരു ഘട്ടത്തില്‍ സുധാകരന് സ്വതന്ത്രനായി മത്സരിക്കുമെന്നുവരെ വിവരം വന്നു. ഇതോടെ അനുനയ നീക്കവുമായി മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും എ കെ ആന്റണിയും രംഗത്തെത്തി. എത്രയും പെട്ടെന്ന് വിഷയത്തില്‍ ഇടപെടണം എന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിയുമായി സംസാരിച്ചു. സുധാകരനെ മത്സരിപ്പിക്കണമെന്ന നിലപാടും രമേശ് ചെന്നിത്തല സ്വീകരിച്ചു. സുധാകരന് മത്സരിക്കുന്നത് കണ്ണൂരില്‍ മാത്രമല്ല മറ്റിടങ്ങളിലും ഗുണം ചെയ്യുമെന്ന് രമേശ് ചെന്നിത്തല രാഹുല്‍ ഗാന്ധിയെ അറിയിച്ചു. ഇനിയും വൈകിക്കൂട എന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കിയെങ്കിലും കാത്തിരിക്കാനായിരുന്നു രാഹുലിന്റെ മറുപടി. ഇതിനിടെ സുധാകരനെ ഫോണില്‍ ബന്ധപ്പെട്ട എ കെ ആന്റണി മത്സരിച്ചാല്‍ യുഡിഎഫ് പരാജയപ്പെടുമെന്ന് പറഞ്ഞു. ഇതോടെ സുധാകരന് അനുനയത്തിന് വഴങ്ങി. സുധാകരന് സീറ്റുണ്ടാകുമെന്ന വിവരവും ഇതിനിടെ പുറത്തുവന്നു. ഇന്ന് വൈകിയും സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവരാതായതോടെയാണ് സുധാകരന് നിലപാട് കടുപ്പിച്ചത്.
Content Highlights- Congress high command has reportedly denied a seat to K Sudhakaran in the upcoming elections