കാസർകോട്: തൃക്കരിപ്പൂർ സന്ദീപ് വാര്യരെ പരിഗണിക്കുന്നതിൽ എതിർപ്പുമായി യൂത്ത് കോൺഗ്രസും. ജില്ലയിൽ തന്നെയുള്ള സ്ഥാനാർത്ഥി വേണമെന്നാണ് യൂത്ത് കോൺഗ്രസിന്റെ ആവശ്യം. ഇത് സംബന്ധിച്ച് യൂത്ത് കോൺഗ്രസ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് കത്ത് നൽകി. കമ്മിറ്റി പിരിച്ചുവിട്ട് പ്രതിഷേധിക്കുമെന്നാണ് യൂത്ത് കോൺഗ്രസിന്റെ മുന്നറയിപ്പ്. കഴിഞ്ഞതവണ കേരള കോൺഗ്രസ് മത്സരിച്ച സീറ്റാണിത്. ഇത്തവണ കാഞ്ഞങ്ങാട് കേരള കോൺഗ്രസിന് നൽകി കോൺഗ്രസ് സീറ്റ് ഏറ്റെടുത്തതാണ്.
സന്ദീപ് വാര്യരുടെ സ്ഥാനാർത്ഥിത്വത്തിന് എതിരെ എതിർപ്പുമായി കാസർകോട് കോൺഗ്രസും രംഗത്തെത്തിയിരുന്നു. ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ കടുത്ത അതൃപ്തിയാണ് നേതൃത്വത്തെ അറിയിച്ചത്. യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടത് പോലെ മത്സരിക്കാൻ വേറെ ആളെയിറക്കേണ്ടെന്നും മണ്ഡലത്തിൽ സന്ദീപിനെ മത്സരിപ്പിക്കരുതെന്നും ജില്ലയിൽ നിന്നുള്ള നേതാവിനെ തന്നെ മത്സരിപ്പിക്കണമെന്നുമാണ് കോൺഗ്രസ് ജില്ല നേതൃത്വത്തിന്റെ അഭിപ്രായം. ഇതിന്റെ ഭാഗമായി വ്യാഴാഴ്ത ഡിസിസി അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
പി കെ ഫൈസലിന് പുറമേ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസും ഈ സീറ്റിനായി ചരടുവലിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. കാസർകോട് ജില്ലയെ പൂർണമായും ഒഴിവാക്കിയാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് 55 സ്ഥാനാർത്ഥികളുടെ പട്ടിക പുറത്തുവിട്ടത്.
Content Highlights: Youth Congress leaders have expressed strong disagreement over the candidature of Sandeep Varier and formally wrote to the KPCC president