താനൂരില്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ല: അബ്ദുറഹിമാനെ തിരൂരിൽ പരിഗണിക്കാൻ സിപിഐഎം; മങ്കടയിലും മാറ്റം?

തിരൂരില്‍ സ്ഥാനാര്‍ത്ഥിയാക്കി അബ്ദുറഹിമാനെ അനുനയിപ്പിക്കാനും സിപിഐഎം ശ്രമം നടത്തുന്നുണ്ട്

മലപ്പുറം: സിപിഐഎമ്മിലെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ രണ്ടിടങ്ങളില്‍ മാറ്റം വരാന്‍ സാധ്യത. താനൂരില്‍ മന്ത്രി വി അബ്ദുറഹിമാന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കില്ല. ഇത്തവണ തിരൂരില്‍ മത്സരിക്കാന്‍ അബ്ദുറഹിമാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അനുവാദമില്ലാതെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് വി അബ്ദുറഹിമാന്‍ ഇതുവരെ പ്രചാരണത്തിനിറങ്ങിയിട്ടില്ല. തിരൂരില്‍ സ്ഥാനാര്‍ത്ഥിയാക്കി അബ്ദുറഹിമാനെ അനുനയിപ്പിക്കാനും സിപിഐഎം ശ്രമം നടത്തുന്നുണ്ട്. ഇതിനിടെ മങ്കടയിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച എം പി അലവിയെ മാറ്റാനും നീക്കമുണ്ട്. മണ്ഡലം പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും മുസ്ലിം ലീഗ് പുറത്താക്കിയ കുന്നത്ത് മുഹമ്മദിനെയാണ് മങ്കടയിൽ സിപിഐഎം നേതൃത്വം പുതിയതായി പരിഗണിക്കുന്നത്.

താനൂരില്‍ ഇത്തവണ മത്സരിക്കാനില്ലെന്ന് അബ്ദുറഹിമാന്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തെ നേരത്തെ അറിയിച്ചിരുന്നു. തിരൂര്‍ മത്സരിക്കാനുളള താല്‍പ്പര്യവും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ തന്റെ അനുവാദം ഇല്ലാതെ താനൂരില്‍ സ്ഥാനാര്‍ത്ഥിയാക്കി സിപിഐഎം പ്രഖ്യാപിച്ചെന്നാണ് പരാതി. പാര്‍ട്ടി തന്നെ കേട്ടില്ലെന്നാണ് അബ്ദുറഹിമാന്റെ ആരോപണം. താല്‍പ്പര്യം ഇല്ലാഞ്ഞിട്ടും തന്നെ നിര്‍ബന്ധിച്ച് സ്ഥാനാര്‍ത്ഥിയാക്കിയതിലാണ് അതൃപ്തി. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയിട്ടും അബ്ദുറഹിമാന്‍ ഇതുവരെ പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. എന്നാല്‍ ആരോഗ്യകാരണങ്ങളാലാണ് പ്രചാരണം തുടങ്ങാത്തത് എന്നാണ് സിപിഐഎമ്മിന്റെ വിശദീകരണം.

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുളള സ്ഥാനാര്‍ത്ഥികളെ മാർച്ച് 15-നാണ് സിപിഐഎം പ്രഖ്യാപിച്ചത്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെയാണ് സ്ഥാനാർത്ഥി. തളിപ്പറമ്പിൽ പി കെ ശ്യാമള ടീച്ചർ, മട്ടന്നൂർ വി കെ സനോജ്, ബേപ്പൂർ പി എ മുഹമ്മദ് റിയാസ്, തിരുവമ്പാടി ലിന്റോ ജോസഫ്, തൃത്താല എം ബി രാജേഷ്, ആലുവ എ എം ആരിഫ് തുടങ്ങി 75 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചത്. 11 മണ്ഡലങ്ങളില്‍ സ്വതന്ത്രരാണ് മത്സരിക്കുന്നത്. അതില്‍ ആറ് പേരെ പ്രഖ്യാപിച്ചു. അഞ്ച് പേരെ പിന്നീട് പ്രഖ്യാപിക്കും.

Content Highlights: V Abdurahman says he is not interested in contesting from Tanur; likely to seek election from Tirur

To advertise here,contact us