'മാധ്യമങ്ങളെ കാണുമ്പോള്‍ എല്ലാം മറക്കരുത്'; കെ സുധാകരനെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍

താന്‍ സീറ്റിനായി ഇത്രയും കാലത്തിനിടെ ഭിക്ഷാടനം നടത്തിയിട്ടില്ലെന്നും മുല്ലപ്പള്ളി

കോഴിക്കോട്: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെതിരെ മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നമുണ്ടെങ്കില്‍ പാര്‍ട്ടിക്കുള്ളില്‍ പറയണമെന്നുംപരസ്യമായി അഭിപ്രായം പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളെ കാണുമ്പോള്‍ എല്ലാം മറക്കരുത്. താന്‍ സീറ്റിനായി ഇത്രയും കാലത്തിനിടെ ഭിക്ഷാടനം നടത്തിയിട്ടില്ല. ഇപ്പോള്‍ ഇക്കാര്യങ്ങള്‍ പറയേണ്ട സാഹചര്യമല്ല എന്ന് തനിക്കറിയാം.താന്‍ സീറ്റിനായി ആരോടും സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. മത്സരിക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടാണ് താന്‍ ഇതുവരെ മത്സരിച്ചിട്ടുള്ളത്. ഇന്ദിരാഗാന്ധി നേരിട്ട് ആവശ്യപ്പെട്ടിട്ടാണ് താന്‍ ചിറ്റൂരില്‍ മത്സരിച്ചത്. തുടര്‍ന്നുള്ള മത്സരങ്ങളും പാര്‍ട്ടി ആവശ്യപ്പെട്ടത് പ്രകാരമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇത്തവണത്തെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സാമുദായിക സമവാക്യങ്ങള്‍ പാലിച്ചോ എന്ന ചോദ്യത്തിന് തന്റെ കാലത്തുള്ള പട്ടികയില്‍ പാലിച്ചിരുന്നു എന്നായിരുന്നു മറുപടി. സാമുദായിക സമവാക്യങ്ങള്‍ പാലിക്കുന്ന പട്ടികയുമായാണ് കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 56 പുതുമുഖങ്ങളെ അവതരിപ്പിച്ചു. എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും തുല്യമായ പരിഗണന നല്‍കി. അതില്‍ അഭിമാനമുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നതിന് പിന്നാലെ കെ സുധാകരനെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിനെതിരെ സുധാകരൻ അനുയായികളുടെ വ്യാപക പ്രതിഷേധമുയർന്നിരുന്നു. കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിനെതിരെ പേരാവൂരിൽ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു.

കെ എസ് ബ്രിഗേഡിന്റെ പേരിലായിരുന്നു താക്കീത്.  'നന്ദി ഇല്ലെങ്കിലും നന്ദികേട് ആവരുത് സണ്ണീ… തിരിച്ചടി നേരിടേണ്ടിവരും… ശ്രീ കെ സുധാകരന് അഭിവാദ്യങ്ങള്‍' എന്നാണ് പോസ്റ്ററില്‍ പറയുന്നത്. പേരാവൂര്‍ മണ്ഡലത്തിലെ അയ്യന്‍കുന്നിലാണ് പോസ്റ്റര്‍ പതിച്ചത്. ഇന്നലെ രാത്രി കണ്ണൂര്‍ ഡിസിസി പരിസരത്തേക്ക് കെ സുധാകരന്‍ അനുകൂലികളുടെ പന്തംകൊളുത്തി പ്രകടനവും നടന്നിരുന്നു. 'കണ്ണേ കരളേ കെഎസേ, നമ്മുടെ ഓമന നേതാവെ, അല്ലറ ചില്ലറ നേതാവല്ല, ഇതാണ് നമ്മുടെ നേതാവ്' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടായിരുന്നു സുധാകരന്‍ അനുകൂലികളുടെ പ്രകടനം.

അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ എംപിമാരിൽ കെ സുധാകരന് മാത്രം ഇളവ് നല്‍കുന്ന കാര്യം ഹൈക്കമാന്‍ഡ് പരിഗണിക്കുന്നുണ്ട്. സുധാകരൻ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഭീഷണി മുഴക്കിയതിനാൽ അനുനയിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

Content Highlights: mullappally ramachandran against k sudhakaran

To advertise here,contact us