ആലപ്പുഴ: ജയിക്കാനാണ് മത്സരിക്കുന്നതെന്നും ആളുകളെ കണ്ടുകഴിഞ്ഞപ്പോള്‍ താനത് ഉറപ്പിച്ചുവെന്നും ജി സുധാകരന്. മൂന്ന് ദിവസം നഷ്ടപ്പെട്ടു. ആവശ്യത്തിന് നാമനിര്‍ദേശ പത്രിക തരാനില്ല. ഒരു സെറ്റ് ഫോറമാണ് ലഭിച്ചത്. കോണ്‍ഗ്രസ് തന്നെ പിന്തുണച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് അത് തന്നോട് ആണോ ചോദിക്കേണ്ടതെന്നും കോണ്‍ഗ്രസിന്റെ പാര്‍ട്ടി ഓഫീസിലാണ് ചോദിക്കേണ്ടതെന്നുമായിരുന്നു സുധാകരന്റെ മറുപടി. അവര്‍ ഒന്നും പറയുന്നില്ലെങ്കില്‍ കുറച്ചുദിവസം വെയിറ്റ് ചെയ്യണമെന്നും സുധാകരന് കൂട്ടിച്ചേര്‍ത്തു.
അമ്പലപ്പുഴയിൽ ജി സുധാകരന് കോണ്‍ഗ്രസ് പിന്തുണ നൽകിയതിൽ വലിയ രീതിയിലുള്ള പ്രതിഷേധം ഉയർന്നിരുന്നു. ജി സുധാകരന് പിന്തുണ പ്രഖ്യാപിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏവരും ഉറ്റുനോക്കുന്ന മണ്ഡലം കൂടിയായി അമ്പലപ്പുഴ മാറി. നിരന്തരമായ അവഗണന നേരിടുന്നു എന്ന് ആരോപിച്ചാണ് ജി സുധാകരൻ സിപിഐഎമ്മുമായി ഇടഞ്ഞത്. പിന്നാലെ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്ന് സുധാകരൻ പ്രഖ്യാപിക്കുകയായിരുന്നു. പാർട്ടിക്കെതിരെ രൂക്ഷവിമർശനമാണ് വാർത്താസമ്മേളനത്തിൽ സുധാകരൻ ഉന്നയിച്ചത്.
പൊളിറ്റിക്കൽ ക്രിമിനലുകളെ ആയുധമാക്കി തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണെന്നും തന്റെ അച്ഛനെ വിളിച്ചത് അതിന് ഉദാഹരണമാണെന്നും സുധാകരൻ പറഞ്ഞിരുന്നു. താൻ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനോട് 100 ശതമാനം നീതി പുലർത്തി. അഭിപ്രായങ്ങൾ തുറന്നു പറയുന്നത് തന്റെ പ്ലസ് പോയിന്റാണെന്നും ജി സുധാകരൻ പറഞ്ഞിരുന്നു.
Content Highlights: G Sudhakaran says he is contesting to win at ambalappuzha