രമേഷ് പിഷാരടിക്ക് ഉള്ളതും സണ്ണി എം കപിക്കാടിനും സി കെ ജാനുവിനും ഇല്ലാത്തതുമായ ഒന്ന് ജാതി പ്രിവിലേജ്:ദിനു വെയിൽ

സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്

കൊച്ചി: ആക്ടിവിസ്റ്റ് സണ്ണി എം കപിക്കാടിനും സി കെ ജാനുവിനും കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതിന് പിന്നാലെ രൂക്ഷ വിമര്‍ശനവുമായി ആക്ടിവിസ്റ്റ് ദിനു വെയില്‍. പാലക്കാട് കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായ രമേഷ് പിഷാരടിക്ക് ഉള്ളതും സണ്ണി എം കപിക്കാടിനും സി കെ ജാനുവിനും ഇല്ലാത്തതുമായ ഒന്ന് ജാതി പ്രിവിലേജാണെന്ന് ദിനു വെയില്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ദിനുവിന്റെ രൂക്ഷ വിമര്‍ശനം.

കഴിഞ്ഞ ദിവസമാണ് കോണ്‍ഗ്രസിന്റെ ഒന്നാം ഘട്ട സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. എന്നാല്‍ ഇതില്‍ വൈക്കത്ത് നിന്നും കോണ്‍ഗ്രസ് മത്സരിപ്പിക്കുമെന്ന സൂചനകളുണ്ടായിരുന്ന സണ്ണി കപിക്കാടിന് സീറ്റുണ്ടായിരുന്നില്ല. വൈക്കത്ത് കെ ബിനിമോനെയാണ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാക്കിയത്. സമാന രീതിയില്‍ സി കെ ജാനുവിനും സീറ്റ് നല്‍കിയില്ല. പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

കോണ്‍ഗ്രസ് രാഷ്ട്രീയ സത്യസന്ധത കാണിച്ചില്ലെന്ന് സണ്ണി എം കപിക്കാട് പ്രതികരിച്ചു. സീറ്റ് നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വാക്കുനല്‍കിയിരുന്നെന്നും വാക്ക് പാലിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്നും സണ്ണി എം കപിക്കാട് പറഞ്ഞു. യുഡിഎഫ് ഇങ്ങോട്ടുവന്ന് സീറ്റ് ഓഫര്‍ ചെയ്തതാണെന്നും രാഷ്ട്രീയ സാഹചര്യം അനുസരിച്ച് തീരുമാനങ്ങള്‍ മാറ്റാനുളള അവകാശം അവര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയത്തില്‍ പറ്റിച്ചു എന്ന വാക്കില്ലെന്നും അവര്‍ക്ക് വാക്കുപാലിക്കാന്‍ കഴിഞ്ഞില്ലെന്നും സണ്ണി എം കപിക്കാട് വ്യക്തമാക്കി.

'വിവാദമേതുമില്ല. പക്ഷെ ഒരു വസ്തുതയുണ്ട്. സ്ഥാനാര്‍ത്ഥിത്വം അങ്ങോട്ട് ആവശ്യപ്പെട്ടതല്ല. യുഡിഎഫ് ഇങ്ങോട്ട് ഓഫര്‍ ചെയ്തതാണ്. അവര്‍ രാഷ്ട്രീയ സത്യസന്ധത കാണിക്കുമെന്ന് വിചാരിച്ചു എന്ന് മാത്രം. അവരുടെ രാഷ്ട്രീയ സാഹചര്യംവെച്ച് തീരുമാനങ്ങള്‍ മാറ്റിയെടുക്കാനുളള അവകാശം അവര്‍ക്കുണ്ട്. അതിനെ ചോദ്യംചെയ്യുന്നില്ല. കേരളത്തിലെ പതിനെട്ടോളം സംഘടനകളുടെ നേതാക്കള്‍ ഒരുമിച്ചുകൂടുന്ന നേരത്താണ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പുതന്നത്. പറ്റിച്ചു എന്ന വാക്കൊന്നും രാഷ്ട്രീയത്തിലില്ല. സാഹചര്യം അനുസരിച്ചും സ്വാധീനം അനുസരിച്ചും മാറും. സീറ്റ് കിട്ടാന്‍ പ്രത്യേകം പുറകെ നടന്ന ആളല്ല ഞാന്‍. അവര്‍ ഓഫര്‍ ചെയ്തതാണ്. അവര്‍ക്ക് വാക്കുപാലിക്കാന്‍ കഴിഞ്ഞില്ല', സണ്ണി എം കപിക്കാട് പറഞ്ഞു.

55 മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥികളെയാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചിരുന്നു. കേരളം, തമിഴ്നാട്, പശ്ചിമ ബംഗാള്‍, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തീയതികളാണ് പ്രഖ്യാപിച്ചത്. അസമിലും കേരളത്തിലും പുതുച്ചേരിയിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുക.

തമിഴ്നാട്ടില്‍ ഏപ്രില്‍ 29-ന് വോട്ടെടുപ്പ് നടക്കും. ഒറ്റ ഘട്ടമായാണ് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഏപ്രില്‍ 23-നും രണ്ടാംഘട്ടം ഏപ്രില്‍ 29-നും നടക്കും. മെയ് നാലിനായിരിക്കും നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിയതികള്‍ പ്രഖ്യാപിച്ചത്.

Content Highlights: Dinu veyil about seat denied Sunny Kapikkad and C K Janu by Congress

To advertise here,contact us