കോഴിക്കോട്: മുസ്ലിം ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പട്ടികയിൽ ഇടം നേടാത്തതിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് പ്രതികരണവുമായി എം കെ മുനീർ. മികച്ച സ്ഥാനാർത്ഥി പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നതെന്നും മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാർട്ടിയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എം കെ മുനീറിന്റെ വാക്കുകൾ:
സ്ത്രീകളുടെ പ്രാതിനിധ്യം മുസ്ലിം ലീഗിലുണ്ടോ എന്ന ചോദ്യമുന്നയിച്ചവർക്ക് മറുപടിയായി രണ്ട് സ്ത്രീകളെയും യുവാക്കളുടെ പ്രാതിനിധ്യത്തെ കുറിച്ച് ആശങ്ക ഉയർത്തിവർക്കായി യുവാക്കളുടെ ഒരു നിരതന്നെയുള്ള പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിചയസമ്പന്നനായി ഈ നേതാക്കളെ നയിക്കുന്നത് പി കെ കുഞ്ഞാലിക്കുട്ടിയാണ്. കഴിഞ്ഞ നിയസഭ തെരഞ്ഞെടുപ്പിൽ മികച്ച പ്രവർത്തനം കാഴ്ചവച്ചവർ, വിവിധ മേഖലകളിൽ മികവ് തെളിച്ചവർ എന്നിവരടങ്ങിയ മികച്ച പട്ടികയാണ് പ്രഖ്യാപിച്ചത്. മത്സരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പാർട്ടിയാണ്. ഏകദേശം 30 വർഷമായി പാർലമെന്ററി രാഷ്ട്രീയത്തിൽ നിയമസഭയിലുണ്ട്.
തന്നെക്കാൾ അർഹതയുള്ളവർ നിൽക്കുമ്പോഴാണ് ഈ അവസരം നൽകിയത്. 29ാം വയസിലാണ് കോഴിക്കോട് രണ്ടാം മണ്ഡലത്തിൽ മത്സരിച്ചത്. പുതിയ ആളുകൾക്ക് അവസരം നിഷേധിക്കാൻ പാടില്ല. ഫൈസൽ ബാബു ദേശീയ രാഷ്ട്രീയത്തിൽ മികച്ച് നിൽക്കുന്ന വ്യക്തിത്വമാണ്. അദ്ദേഹത്തെ ജയിപ്പിക്കേണ്ട ഉത്തരവാദിത്തം തനിക്കുണ്ട്. മുമ്പ് തന്നെ സ്ഥാനാർത്ഥിത്വത്തെ കുറിച്ച് തന്നെ അറിയിച്ചിട്ടുണ്ട്. സൈബർ ഇടങ്ങളിൽ തന്റെ ആരോഗ്യത്തെ കുറിച്ച് നടന്ന ആക്രമണങ്ങളൊന്നും സ്ഥാനാർത്ഥിത്വത്തെ ബാധിച്ചിട്ടില്ലെന്നും പ്രചാരണ രംഗത്ത് സജീവമായി ഉണ്ടാകുമെന്നും മുനീർ മാധ്യമങ്ങളോട് പറഞ്ഞു.
Content highlights: M. K. Muneer reacts to reports of being omitted from the party’s candidate list as the Muslim League considers a generational shift ahead of Kerala elections