ന്യൂഡൽഹി: പുറത്തുവരാൻ പോകുന്നത് ജയത്തിലേക്കുള്ള പട്ടികയാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പിൽ എംപി. സ്ഥാനാര്‍ത്ഥി പട്ടിക വരാന്‍ വൈകിയത് എന്തുകൊണ്ടാണെന്ന് പട്ടിക വന്നുകഴിയുമ്പോള്‍ കേരളത്തിലെ ജനത്തിനും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും മനസിലാകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എംപിമാര്‍ മത്സരിക്കുമെന്നും ഇല്ലെന്നുമെല്ലാം മാധ്യമങ്ങളാണ് പ്രഖ്യാപിക്കുന്നതെന്നും സമയമാവുമ്പോള്‍ പാര്‍ട്ടി തന്നെ കൃത്യമായ തീരുമാനം പറയുമെന്നും ഷാഫി കൂട്ടിച്ചേർത്തു.
യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തര്‍ക്കമില്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. എല്ലാ കാര്യങ്ങളും പരിഗണിച്ച് വേണം തീരുമാനം എടുക്കാനെന്നും വിസ്മയങ്ങള്‍ തുടരുമെന്നും വി ഡി സതീശന് വ്യക്തമാക്കി. പത്ത് വര്‍ഷം കൊണ്ട് സിപിഐഎം തകര്‍ന്നെന്നും അവരുടെ നേതൃത്വം അധഃപതിച്ചെന്നും അദ്ദേഹം പറഞ്ഞു. മുഴുവന്‍ അഴിമതി എന്ന് പറയുന്നത് പ്രധാനപ്പെട്ട നേതാക്കളാണെന്നും തളിപ്പറമ്പിലെ കാര്യത്തില്‍ യുഡിഎഫ് ആലോചിച്ച് തീരുമാനമെടുക്കുമെന്നും വി ഡി സതീശന് പറഞ്ഞു. ആന്തൂര്‍ സാജന്റെ കൊലപാതകത്തിന് ഉത്തരവാദിയായ ആളെയാണ് സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതില്‍ ഒരു തിരക്കുമില്ലെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഇന്ന് പറഞ്ഞിരുന്നു. പട്ടിക ഇന്ന് പ്രഖ്യാപിക്കില്ലെന്നും സണ്ണി ജോസഫ് പ്രതികരിച്ചു. നാളെ കേന്ദ്ര തെരഞ്ഞെടുപ്പ് സമിതിക്ക് ശേഷം ആദ്യ പട്ടിക പ്രഖ്യാപനം നടത്താനാണ് നീക്കം. എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ നേതാക്കള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമാണെന്നാണ് പുറത്തുവരുന്ന വിവരം. പല മണ്ഡലങ്ങളിലും ഭിന്നാഭിപ്രായമുണ്ട്. തീരുമാനമായ പല മണ്ഡലങ്ങളിലും വീണ്ടും ചര്‍ച്ച നടത്തും. ആദ്യഘട്ട പട്ടിക വൈകാന്‍ കാരണം ഈ തര്‍ക്കമാണെന്നാണ് വിവരം.
Content Highlights: Shafi Parambil says the candidate list that will lead to victory is about to be released