കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് വേണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന കെ സുധാകരനെതിരെ കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. എംപി ആണോ എംഎൽഎ ആണോ വലുത് എന്നും എല്ലാവരും അത് മനസിലാക്കണം എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ മത്സരിക്കുമോ എന്ന ചോദ്യത്തോടായിരുന്നു ഉണ്ണിത്താന്റെ വിമർശനം.
'എന്നെ കാസർകോട്ടെ ജനങ്ങൾ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷത്തിൽ ജയിപ്പിച്ചത് എൽഎംഎ ആകാനല്ല, എംപിയാകാനാണ്. ഏഴ് എംഎൽഎമാരുടെ നേതാവാണ് ഞാൻ. എനിക്ക് ഒരു എംഎൽഎ ആയി ചുരുങ്ങാൻ പറ്റുമോ? എല്ലാവരും അത് മനസിലാക്കാം. ഏഴ് എംഎൽഎമാരുടെ നേതാവാണോ ഒരു എംഎൽഎയാണോ വലുത്?' എന്നായിരുന്നു ഉണ്ണിത്താന്റെ മറുപടി.
സുധാകരനെ കോൺഗ്രസ് പാർട്ടി തഴഞ്ഞിട്ടില്ല എന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു. മാധ്യമങ്ങളാണ് സുധാകരനെ തട്ടുന്നത്. പാർട്ടിക്ക് ഒരു സിസ്റ്റമുണ്ട്. സ്ക്രീനിങ് കമ്മിറ്റി കൂടി ലിസ്റ്റ് അയച്ചതിന് ശേഷം സിഇസി ആണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നത്. നിലവിലുള്ള എംഎൽഎമാരെത്തന്നെ മത്സരിപ്പിക്കുന്നത് കൊണ്ടാണ് ഇടത് പാർട്ടികൾക്ക് പെട്ടെന്ന് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ കഴിഞ്ഞതെന്നും കോൺഗ്രസ് ഉടൻ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും ഉണ്ണിത്താൻ കൂട്ടിച്ചേർത്തു.
രണ്ട് ദിവസം മുൻപും രാജ്മോഹൻ ഉണ്ണിത്താൻ സുധാകരനെതിരെ വിമർശനവുമായി രംഗത്തുവന്നിരുന്നു. എംഎല്‍എ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനാണ് എംപിമാര്‍ ശ്രമിക്കേണ്ടതെന്നും മലവെള്ളപ്പാച്ചിലില്‍ ഈട്ടി തടിയായാലും തേക്കായാലും ഒലിച്ചുപോകുമെന്നുമാണ് ഉണ്ണിത്താൻ പറഞ്ഞത്. ഹൈക്കമാന്‍ഡ് തീരുമാനം വന്നാല്‍ ആരും എതിര്‍ക്കുമെന്ന് കരുതുന്നില്ലെന്നും രാജ്മോഹന്‍ ഉണ്ണിത്താന് പറഞ്ഞിരുന്നു.
Content Highlights: Rajmohan Unnithan takes an indirect dig at K. Sudhakaran over the Assembly seat demand, saying the importance of an MP’s role must be understood amid Congress election discussions in Kerala.