അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ്; സ്ഥാനാർത്ഥിയെ നിർത്തില്ല

എം ലിജുവിന്റെ സ്ഥാനാർത്ഥിത്വം പ്രതിസന്ധിയിൽ

ആലപ്പുഴ: അമ്പലപ്പുഴയിൽ മത്സരിക്കാനിറങ്ങുന്ന മുതിർന്ന നേതാവ് ജി സുധാകരനെ പിന്തുണയ്ക്കാൻ കോൺഗ്രസ് തീരുമാനം. മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ നിർത്തില്ല. ഇതോടെ അമ്പലപ്പുഴയിൽ സ്ഥാനാർത്ഥിത്വം പ്രതീക്ഷിച്ചിരുന്ന എം ലിജുവിന്റെ സ്ഥാനാർത്ഥിത്വം പ്രതിസന്ധിയിലായി. കോണ്‍ഗ്രസ് ജി സുധാകരന് പിന്തുണ പ്രഖ്യാപിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏവരും ഉറ്റുനോക്കുന്ന മണ്ഡലമായി അമ്പലപ്പുഴ മാറി.

പഴയ സഹപ്രവർത്തകനും നിലവിൽ എംഎൽഎയുമായ എച്ച് സലാമാണ് അമ്പലപ്പുഴയിൽ ജി സുധാകരന്റെ എതിരാളി.എച്ച് സലാം പൊളിറ്റിക്കൽ ക്രിമിനലാണെന്ന ജി സുധാകരന്‍റെ പരാമർശം ചർച്ചകൾക്ക് വഴിവെച്ചിരുന്നു. എന്നാൽ എല്ലാത്തിനോടും മറുപടി പറഞ്ഞു പോകാൻ താനില്ലെന്നായിരുന്നു സലാമിന്‍റെ പ്രതികരണം. വ്യക്തിപരമായ ശത്രുത ഇല്ലെന്നും താന്‍ കമ്മ്യൂണിസ്റ്റ് അല്ലായിരുന്നെങ്കില്‍ ജി സുധാകരന്‍ ഇലക്ഷന്‍ സെക്രട്ടറി ആക്കുമായിരുന്നോ എന്നും എച്ച് സലാം ചോദിച്ചിരുന്നു.

സിപിഐഎമ്മുമായി ഇടഞ്ഞതിന് പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട ജി സുധാകരനെ കോൺഗ്രസ് പിന്തുണച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അമ്പലപ്പുഴയിൽ തങ്ങൾക്ക് സ്ഥാനാർത്ഥിയുണ്ട് എന്നായിരുന്നു കഴിഞ്ഞ ദിവസം വരെയും കെ സി വേണുഗോപാൽ പറഞ്ഞത്. യുഡിഎഫിന് വിജയ സാധ്യതയുള്ള മണ്ഡലമാണെന്നും സുധാകരൻ സ്ഥാനാർത്ഥിയാകുമോ എന്നത് പറയാൻ താൻ ജ്യോത്സനല്ല എന്നുമായിരുന്നു വേണുഗോപാൽ കഴിഞ്ഞ ദിവസം പറഞ്ഞത്.

നിരന്തരമായ അവഗണന നേരിടുന്നു എന്ന് ആരോപിച്ചാണ് ജി സുധാകരൻ സിപിഐഎമ്മുമായി ഇടഞ്ഞത്. പിന്നാലെ അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നും സുധാകരൻ പ്രഖ്യാപിച്ചിരുന്നു. പാർട്ടിക്കെതിരെ രൂക്ഷവിമർശനമാണ് വാർത്താസമ്മേളനത്തിൽ സുധാകരൻ അഴിച്ചുവിട്ടത്.

പൊളിറ്റിക്കൽ ക്രിമിനലുകളെ ആയുധമാക്കി തനിക്കെതിരെ വ്യക്തിഹത്യ നടത്തുകയാണ് എന്നും തന്റെ അച്ഛനെ വിളിച്ചത് അതിന് ഉദാഹരണമാണ് എന്നും സുധാകരൻ പറഞ്ഞിരുന്നു. താൻ കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിനോട് 100 ശതമാനം നീതി പുലർത്തി. അഭിപ്രായങ്ങൾ തുറന്നു പറയുന്നത് തന്റെ പ്ലസ് പോയിന്റാണെന്നും ജി സുധാകരൻ പറഞ്ഞിരുന്നു.

മന്ത്രി സജി ചെറിയാനെയും അമ്പലപ്പുഴ എംഎൽഎ എച്ച് സലാമിനെയും വാർത്താസമ്മേളനത്തിൽ സുധാകരൻ വിമർശിച്ചിരുന്നു. എളമരം കരീമിനെയും സുധാകരൻ വെറുതെവിട്ടിരുന്നില്ല. പിന്നാലെ അനുനയശ്രമങ്ങളുമായി സിപിഐഎം നേതാക്കൾ സുധാകരന്റെ വീട്ടിൽ എത്തിയിരുന്നെങ്കിലും വിജയിച്ചിരുന്നില്ല.

പിന്നാലെ സുധാകരനെ പൂർണമായും അവഗണിക്കാൻ പാർട്ടി തീരുമാനിച്ചിരുന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് സുധാകരനെ അവഗണിക്കാൻ ധാരണയായത്. പ്രകോപനം ഉണ്ടാക്കേണ്ടതില്ലെന്നും സുധാകരൻ മത്സരിച്ചാലും ഭീഷണിയില്ലെന്നും നേതൃത്വം വിലയിരുത്തിയിരുന്നു. സുധാകരന്റെ ജന്മനാടായ ചാരുംമൂട്ടിൽ സിപിഐഎം നേതാക്കളുടെ നേതൃത്വത്തിൽ സുധാകരനെതിരെ പ്രകടനവും നടന്നിരുന്നു. 'കുലംകുത്തി' എന്ന് വിശേഷിപ്പിച്ചുകൊണ്ടുള്ള ബോർഡുകളും ഉയർന്നിരുന്നു.

Content Highlights: congress to support ousted cpim leader g sudhakaran in ambalappuzha. congress will not field candidate against sudhakaran in ambalappuzha

To advertise here,contact us