തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ മണിക്കൂറുകൾ ബാക്കി നിൽകെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കി മുതിർന്ന കമ്യൂണിസ്റ്റ് നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന്റെ മകനുമായ വി എ അരുൺ കുമാർ. രാഷ്ട്രീയ കേരളം വലിയ ചർച്ചകളിലൂടെയും ചരടുവലികളിലൂടെയും കടന്നുപോകുന്ന ഒരു നിമിഷമാണിതെന്നും പലയിടങ്ങളിലും സ്ഥാനാർത്തി നിർണയത്തെ ചൊല്ലി തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും കാണാമെന്നും വി എ അരുൺ കുമാർ അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തിൽ വ്യക്തികളേക്കാൾ വലുത് ആശയങ്ങളാണെന്ന് എടുത്ത് പറഞ്ഞാണ് വി എ അരുൺ കുമാർ ഫേസ് ബുക്ക് പോസ്റ്റ് പങ്കുവെച്ചത്. ഇത്തരം ഘട്ടങ്ങളിൽ പ്രസ്ഥാനത്തിനൊപ്പം നിൽക്കുക എന്നതാണ് നിലപാടെന്നും ആ പ്രസ്ഥാനം ഉയർത്തിപ്പിടിക്കേണ്ട മൂല്യങ്ങൾക്കും നീതിക്കും വേണ്ടി നിലകൊള്ളുക എന്നതും പ്രധാനമാണെന്ന് വി എ അരുൺ കുമാർ വ്യക്തമാക്കി.
അച്ഛന്റെ സ്മരണകൾ നിലനിർത്താനായി ബജറ്റിൽ ഫണ്ട് അനുവദിച്ചതിൽ സന്തോഷമുണ്ടെന്നും എന്നാൽ വി എസ് അച്യുതാനന്ദൻ എന്ന പോരാളിക്ക് നൽകേണ്ട ആദരം കേവലം ഫണ്ട് അനുവദിക്കുന്നതിലോ പ്രതിമയിലോ ഒതുക്കേണ്ടതല്ലെന്നും അദേഹം പറഞ്ഞു. വരുംതലമുറയ്ക്ക് വിജ്ഞാനവും വിപ്ലവവീര്യവും പകരുന്ന വിപുലമായ ഒരു ക്യാമ്പസ്സാണ് അദ്ദേഹത്തിന്റെ പേരിൽ ഉയരേണ്ടതെന്നും വി എ അരുൺ കുമാർ കൂട്ടിച്ചേർത്തു.
ഭരണത്തിന്റെ അവസാന നാളുകളിൽ പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികളേക്കാൾ, ദീർഘവീക്ഷണത്തോടെയുള്ള കർമ്മപദ്ധതികളാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്നും അദേഹം പറഞ്ഞു. അച്ഛൻ കാണിച്ചുതന്ന ആദർശങ്ങളുടെയും പോരാട്ടവീര്യത്തിന്റെയും നേർവഴിയെ നടക്കാൻ ശ്രമിച്ചുകൊണ്ട്, പ്രസ്ഥാനം എടുക്കുന്ന ശരിയായ തീരുമാനങ്ങൾക്കൊപ്പം എന്നും ഞാനുണ്ടാകുമെന്നും വി എ അരുൺ കുമാർ ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ഫേസ് ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം
തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് വൈകുന്നേരത്തോടെ കേരളത്തിന്റെ ജനവിധിക്കുള്ള തീയതികൾ പ്രഖ്യാപിക്കുമെന്നാണ് തോന്നുന്നത്. രാഷ്ട്രീയ കേരളം വലിയ ചർച്ചകളിലൂടെയും ചരടുവലികളിലൂടെയും കടന്നുപോകുന്ന ഒരു നിമിഷമാണിത്. ചിലയിടങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണയത്തെ ചൊല്ലിയുള്ള തർക്കങ്ങളും, മറ്റു ചിലയിടങ്ങളിൽ പഴയ സഹപ്രവർത്തകർ പോലും വ്യത്യസ്ത ചേരികളിൽ നിന്ന് നടത്തുന്ന പോരാട്ടങ്ങളും നാം കാണുന്നു. ജനാധിപത്യം അതിന്റെ എല്ലാ സങ്കീർണ്ണതകളോടും കൂടി മുന്നിലെത്തുമ്പോൾ, ഒരു കാര്യം എടുത്തു പറയാൻ ഞാൻ ആഗ്രഹിക്കുന്നു—വ്യക്തികളേക്കാൾ വലുത് ആശയങ്ങളാണ്.
തിരുവനന്തപുരത്തിന് പുറത്തുള്ള ഈ യാത്രയ്ക്കിടയിലും പല വാർത്തകളും എന്റെ ശ്രദ്ധയിൽപ്പെടുന്നുണ്ട്. മലമ്പുഴയിലും ആലപ്പുഴയിലുമൊക്കെ ഉയരുന്ന പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ കേരളം കൗതുകത്തോടെയാണ് നോക്കിക്കാണുന്നത്. ഇത്തരം ഘട്ടങ്ങളിൽ പ്രസ്ഥാനത്തിനൊപ്പം നിൽക്കുക എന്നതിനൊപ്പം തന്നെ, ആ പ്രസ്ഥാനം ഉയർത്തിപ്പിടിക്കേണ്ട മൂല്യങ്ങൾക്കും നീതിക്കും വേണ്ടി നിലകൊള്ളുക എന്നതും പ്രധാനമാണ്.
അച്ഛന്റെ സ്മരണകൾ നിലനിർത്താനായി ബജറ്റിൽ ചില തുകകൾ വകയിരുത്തിയത് കണ്ടു. അതിൽ സന്തോഷമുണ്ട്. എന്നാൽ, വിഎസ് എന്ന പോരാളിക്ക് നൽകേണ്ട ആദരം കേവലം ഫണ്ട് അനുവദിക്കുന്നതിലോ ഒരു പ്രതിമയിലോ ഒതുങ്ങേണ്ടതല്ല എന്ന് ഞാൻ വിശ്വസിക്കുന്നു. വരുംതലമുറയ്ക്ക് വിജ്ഞാനവും വിപ്ലവവീര്യവും പകരുന്ന വിപുലമായ ഒരു ക്യാമ്പസ്സാണ് അദ്ദേഹത്തിന്റെ പേരിൽ ഉയരേണ്ടത്. ഭരണത്തിന്റെ അവസാന നാളുകളിൽ പ്രഖ്യാപിക്കപ്പെടുന്ന പദ്ധതികളേക്കാൾ, ദീർഘവീക്ഷണത്തോടെയുള്ള കർമ്മപദ്ധതികളാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിട്ടുന്നത് ജനകീയ പൊരാട്ടങ്ങളുലൂടെയും ത്യാഗനിർഭരമായ പ്രവർത്തനങ്ങളിലൂടെയും നേടിയെടുത്ത കഴിവും അർജവത്തിലൂടെയാണ്. അച്ഛൻ കാണിച്ചുതന്ന ആദർശങ്ങളുടെയും പോരാട്ടവീര്യത്തിന്റെയും നേർവഴിയെ നടക്കാൻ ശ്രമിച്ചുകൊണ്ട്, പ്രസ്ഥാനം എടുക്കുന്ന ശരിയായ തീരുമാനങ്ങൾക്കൊപ്പം എന്നും ഞാനുണ്ടാകും.Content Highlights: 'We need a campus in the name of VS; respect should not be limited to just funds or a statue': VA Arun Kumar