'സുധാകരൻ ഇങ്ങനെയൊരു സ്റ്റെപ്പ് എടുക്കുമെന്ന് വിചാരിച്ചില്ല, പുന്നപ്രയിൽ പാർട്ടിയാണ് ഫസ്റ്റ്'; വി എ അരുൺകുമാർ

പുന്നപ്ര സമരഭൂമിയാണ് എന്നും പാർട്ടിയാണ് ഏറ്റവും ഒന്നാമത്തെ കാര്യമെന്നും അരുൺകുമാർ

ആലപ്പുഴ: ജി സുധാകരൻ പാർട്ടി വിടുമെന്ന് താൻ കരുതിയിരുന്നില്ല എന്ന് വിഎസ് അച്യുതാനന്ദന്റെ മകൻ വി എ അരുൺകുമാർ. സമരഭൂമിയാണ് പുന്നപ്ര എന്നും പാർട്ടിയാണ് ഏറ്റവും ഒന്നാമത്തെ കാര്യമെന്നും അരുൺകുമാർ പറഞ്ഞു. പാർട്ടി പറയുന്നത് മാത്രമേ അണികൾ കേൾക്കുകയുള്ളൂ എന്നും പ്രശ്നത്തിന് ഉടൻ പരിഹാരമാകുമെന്നാണ് പ്രതീക്ഷയെന്നും അരുൺകുമാർ വ്യക്തമാക്കി.

സിപിഐഎം ബന്ധം അവസാനിപ്പിച്ച ജി സുധാകരനെതിരെ വ്യാപക അമർഷമാണ് പാർട്ടിയിൽ ഉള്ളത്. കഴിഞ്ഞ ദിവസം ആലപ്പുഴയിൽ നടന്ന ബഹുജന റാലിയിൽ സുധാകരനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. ആർഎസ്എസ് നേതാക്കളെ വലിയ ചുടുകാട്ടിൽ കയറ്റിയത് ജി സുധാകരൻ ആണെന്നും രക്തസാക്ഷികളുടെ നെഞ്ചത്ത് ചവിട്ടാൻ ജി സുധാകരൻ അനുമതി നൽകിയെന്നുമാണ് അമ്പലപ്പുഴ ഏരിയ സെക്രട്ടറി ശ്യാംജി പറഞ്ഞത്.

ഒരു പുരുഷായുസ്സിൽ ഒരുപാട് തവണ ജനപ്രതിനിധിയായ ആളാണ് ജി സുധാകരനെന്നും പാർട്ടി നേതാവ് എന്നതിൽ ഉപരി അദ്ദേഹത്തെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്നുവെന്നും സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസറും പറഞ്ഞിരുന്നു. മെമ്പർഷിപ്പ് പുതുക്കിയിരുന്നെങ്കിൽ പാർട്ടിയിൽ നിന്ന് പുറത്താക്കേണ്ടി വന്നേനെയെന്നും എന്നാൽ ഇതറിഞ്ഞ് മനപ്പൂർവം ജി സുധാകരൻ മെമ്പർഷിപ്പ് പുതുക്കാതിരിക്കുകയായിരുന്നുവെന്നും ആര്‍ നാസര്‍ പറഞ്ഞിരുന്നു.

ഇന്നലെ ജി സുധാകരൻ ഒരു പേരു കൂടി തനിക്ക് നൽകിയെന്നും അത് പൊളിറ്റിക്കൽ ക്രിമിനൽ എന്നാണെന്നുമാണ് എച്ച് സലാം എംഎല്‍എ പ്രതികരിച്ചത്. വി എസ് അച്യുതാനന്ദനെ ഡ്രാക്കുള എന്ന് വിളിച്ച ആളാണ് ജി സുധാകരൻ. തന്നെ പൊളിറ്റിക്കൽ ക്രിമിനൽ എന്ന് വിളിച്ചതിൽ അത്ഭുതം ഇല്ലായെന്നും സലാം പറഞ്ഞിരുന്നു.

സിപിഐഎമ്മുമായി ഇടഞ്ഞ ജി സുധാകരൻ അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്രനായി മത്സരിക്കാൻ ഒരുങ്ങുകയാണ്. താൻ പാർട്ടി അംഗത്വം ഒഴിഞ്ഞെന്നും പാർട്ടി വിട്ടുവെന്നും ജി സുധാകരൻ തന്നെ വ്യക്തമാക്കിയിരുന്നു. അവഗണന ആരോപിച്ചാണ് സുധാകരൻ പാർട്ടിയിൽ നിന്ന് പുറത്തുപോയത്. നിരവധി തവണ സിപിഐഎം അനുനയശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും സുധാകരൻ വഴങ്ങിയിരുന്നില്ല. ഒടുവിൽ സിപിഐഎമ്മും സുധാകരനെ അവഗണിക്കാൻ തീരുമാനിക്കുകയായിരുന്നു.

Content Highlights: V A Arunkumar says he never expected K Sudhakaran to leave Congress, emphasizing Punnapra as a key political battleground and the party as the top priority.

To advertise here,contact us