തിരുവനന്തപുരം: 48 മണിക്കൂറിനുള്ളിൽ യുഡിഎഫ് 140 മണ്ഡലങ്ങളിലേക്കും സ്ഥാർത്ഥികളെ പ്രഖ്യാപിക്കുമെന്ന സൂചന നൽകി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. പ്രതിപക്ഷ നേതാവും ദേശീയ നേതാക്കളും പറഞ്ഞത് പോലെ മിനിമം 100 സീറ്റുകൾ ലഭിക്കുമെന്ന വിശ്വാസത്തിലാണ് യുഡിഎഫ് മുന്നോട്ട് നീങ്ങുന്നത്. അക്കാര്യത്തിൽ യാതൊരു തർക്കവുമില്ല. തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യപിച്ച് 48 മണിക്കൂറിനുള്ളിൽ യുഡിഎഫിൻ്റ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിക്കാണ് തീരുമാനം. ഉടൻ തന്നെ യുഡിഎഫിൻ്റെ സ്ഥാനാർത്ഥികൾ രംഗത്ത് വരുമെന്നും കെ മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കെ സുധാകരൻ്റെ കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണെന്നും പ്രതിസന്ധിയിലും പാർട്ടിക്കൊപ്പം നിന്ന സുധാകരൻ തീരുമാനം എന്തായാലും അത് അംഗീകരിക്കുമെന്നും മുരളീധരൻ വ്യക്തമാക്കി. കോൺഗ്രസ് ജനാധിപത്യ പാർട്ടിയായത് കൊണ്ട് തട്ടലും മുട്ടലും ഒക്കെ എല്ലാ സന്ദർഭങ്ങളിലുമുണ്ടാവുമെന്നും പറഞ്ഞു. ഡൽഹിയിൽ ഇത്തവണ മുറി കിട്ടാനുണ്ട്. സാധാരണ കേരളത്തിൽ ഇലക്ഷൻ എന്ന് പറഞ്ഞാൽ ഡൽഹിയിൽ മുറി കിട്ടാനുണ്ടാവില്ലെന്നും മുരളീധരൻ പറഞ്ഞു. എന്നാൽ അമ്പലപ്പുഴയിൽ ജി സുധാകരൻ്റെ കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നും മൂന്നാമതും പിണറായി വരും എന്ന് പറഞ്ഞതിൽ ജി സുധാകരനോട് വിയോജിപ്പുണ്ടെന്നും അദേഹം പറഞ്ഞു.
താൻ വട്ടിയൂർക്കാവിൽ തന്നെയാണെന്നും 2012 മുതൽ ഇന്ന് വരെ വോട്ട് ആ മണ്ഡലത്തിലാണെന്നും മുരളീധരൻ പറഞ്ഞു. വട്ടിയൂർക്കാവിൽ ശക്തമായ ത്രികോണ മത്സരമാണ് ഉണ്ടാകാറുള്ളത്. പക്ഷേ ഇത്തവണ മുരളീധരനെ തോൽപിക്കുക എന്ന ബിജെപി അജണ്ട വെച്ച് നോക്കുമ്പോൾ യുഡിഎഫ്, എൽഡിഎഫ് മത്സരമാകാനാണ് സാധ്യത. എങ്കിലും ആരെയും വിലകുറച്ച് കാണുന്നില്ലെന്നും അദേഹം പറഞ്ഞു.
Content Highlights: UDF will announce candidates for all 140 constituencies within 48 hours: K Muraleedharan