യാത്രയാക്കാനെത്തി, വിമാനത്താവളത്തിൽനിന്നുള്ള മടക്കയാത്രയിൽ അപകടം; കൊണ്ടോട്ടിയിലെ വാഹനാപകടത്തിൽ മരണം നാലായി

സൗദിയിലേക്ക് യാത്രയാക്കാനായി കരിപ്പൂർ വിമാനത്താവളത്തിൽ പോയി മടങ്ങിയ കുടുംബമാണ് അപകടത്തിൽപ്പെട്ടത്

കോഴിക്കോട്: കൊണ്ടോട്ടി മൊറയൂരിലുണ്ടായ വാഹനാപകടത്തിൽ മരണം നാലായി. മൊറയൂർ വാലഞ്ചേരിയിൽ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഞ്ചേരി പുല്ലാര സ്വദേശി പാറോക്കോടൻ ഇബ്രാഹിം(45) ആണ് ഇന്ന് രാവിലെ മരിച്ചത്. ഇബ്രാഹിമിന്റെ മകൻ ബാസിതിനെ സൗദിയിലേക്ക് യാത്രയാക്കാനായി കരിപ്പൂർ വിമാനത്താവളത്തിൽ പോയി മടങ്ങുമ്പോൾ ആണ് അപകടമുണ്ടായത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം.

അപകടത്തിൽ ഇബ്രാഹിമിന്റെ മകൾ ബാസില(19), പാലക്കാട് കൽപാത്തി ശങ്കുവരത്തോട് ഹൈദരാലിയുടെ ഭാര്യ സക്കീന(42), മണ്ണാർക്കാട് മുക്കണ്ണം ചീരത്തടയൻ സിദ്ദീഖിന്റെയും സുലൈഖയുടെയും മകൻ ഷിയാസ്(24) എന്നിവരും മരിച്ചു. ബാസിതിന്റെ സഹോദരിയാണ് മരിച്ച ബാസില. ബാസിതിന്റെ ഭാര്യ അഫ്രീനയുടെ മാതാവാണ് മരിച്ച സക്കീന. ബാസിതിന്റെ സുഹൃത്തായിരുന്ന ഷിയാസാണ് വാഹനം ഓടിച്ചിരുന്നത്. ഷിയാസിന്റെ വിവാഹം ഏപ്രിൽ 18ന് നടക്കാനിരിക്കെയാണ് വിയോഗം.

ബാസിത് സൗദിയിലേക്ക് മടങ്ങുന്ന ദിവസം മൂന്നു കാറുകളിലായി കോഴിക്കോട് വിമാനത്താവളത്തിലേക്ക് രാവിലെ വീട്ടിൽനിന്നിറങ്ങിയതായിരുന്നു ബന്ധുക്കൾ. ബാസിതിനെ യാത്രയാക്കി മടങ്ങവെ കാർ മൊറയൂർ വാലഞ്ചേരിയിൽവെച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ബാസിതിന്റെ ഭാര്യയും ചികിത്സയിലാണ്. അതേസമയം അപകടവിവരമറിഞ്ഞ് ബാസിത് യാത്ര ഉപേക്ഷിച്ച് വിമാനത്താവളത്തിൽനിന്നും പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രിയിലേക്ക് മടങ്ങിയിരുന്നു. അപകടത്തിൽ കൊണ്ടോട്ടി പൊലീസ് കേസെടുത്തിട്ടുണ്ട്.

Content Highlights: tragic road accident at kondotty, four people dead

To advertise here,contact us