കോൺഗ്രസ് രണ്ട് ദിവസത്തിനകം സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കും;26 ദിവസത്തിൽ ദുർഭരണം അവസാനിക്കുമെന്ന് കെ സി വേണുഗോപാൽ

തെരഞ്ഞെടുപ്പ് കമ്മീഷന്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായാണ് തീരുമാനിച്ചതെന്നും പ്രചാരണത്തിന് വളരെ കുറച്ച് ദിവസമേ ലഭിക്കുന്നുളളുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു

കൊച്ചി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം രണ്ടുദിവസത്തിനകം ഉണ്ടാകുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. 26 ദിവസത്തിനുളളില്‍ കേരളത്തിലെ ദുര്‍ഭരണം അവസാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ സാധാരണയില്‍ നിന്ന് വ്യത്യസ്തമായാണ് തീരുമാനിച്ചതെന്നും പ്രചാരണത്തിന് വളരെ കുറച്ച് ദിവസമേ ലഭിക്കുന്നുളളുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരനുമായി സംസാരിച്ചിട്ടില്ലെന്നും അമ്പലപ്പുഴ സീറ്റില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലീഗുമായി പ്രശ്‌നങ്ങളില്ലെന്നും സീറ്റ് ധാരണയില്‍ അവസാനവട്ട മിനുക്കുപണി നടക്കുകയാണെന്നും കെ സി പറഞ്ഞു. എംപിമാര്‍ മത്സരിക്കുമോ എന്നതിലും ഉത്തരമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളം ഉള്‍പ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തെയും നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ ഇന്ന് പ്രഖ്യാപിച്ചിരുന്നു. കേരളം, തമിഴ്‌നാട്, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെയും തെരഞ്ഞെടുപ്പ് തിയതികളാണ് പ്രഖ്യാപിച്ചത്. അസമിലും കേരളത്തിലും പുതുച്ചേരിയിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുക. തമിഴ്‌നാട്ടില്‍ ഏപ്രില്‍ 29-ന് വോട്ടെടുപ്പ് നടക്കും. ഒറ്റ ഘട്ടമായാണ് മൂന്ന് സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ടം ഏപ്രില്‍ 23-നും രണ്ടാംഘട്ടം ഏപ്രില്‍ 29-നും നടക്കും. മെയ് നാലിനായിരിക്കും നാല് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തിയതികള്‍ പ്രഖ്യാപിച്ചത്.

Content Highlights: Congress will announce candidates within two days says KC Venugopal

To advertise here,contact us