തിരുവനന്തപുരം: ചിറയിന്‍കീഴ് കോണ്‍ഗ്രസ്സില്‍ പൊട്ടിത്തെറി. രമ്യ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലാണ് പ്രതിഷേധം. ഇതേത്തുടര്‍ന്ന് പ്രവര്‍ത്തകര്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെയും രമ്യ ഹരിദാസിന്റെയും കോലം കത്തിച്ചു. കഠിനംകുളം പഞ്ചായത്ത് ഓഫീസിന്റെ പരിസരത്തായിരുന്നു പ്രതിഷേധം.
രമ്യയെ ചിറയിന്‍കീഴില്‍ മത്സരിപ്പിക്കാനുളള നീക്കത്തിനെതിരെ നേരത്തെയും പ്രതിഷേധം ഉയര്‍ന്നിരുന്നു. കോഴിക്കോട് ജില്ലക്കാരിയായ രമ്യയെ ചിറയിന്‍കീഴ് കെട്ടിയിറക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു വിമര്‍ശനം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രാദേശിക നേതാക്കള്‍ എഐസിസി നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. പട്ടികയില്‍ ഇടംപിടിച്ചിരുന്ന അജിത് കുമാര്‍, ജി ലീന, അനൂപ്, മനോജ് മോഹന്‍ എന്നിവരാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്.
അടൂര്‍ പ്രകാശ് എംപി തിരുവനന്തപുരത്തെ പ്രവര്‍ത്തകരുടെ വികാരം വ്രണപ്പെടുത്തുകയാണെന്നും രമ്യ ഭയന്നോടിയാണ് തിരുവനന്തപുരത്തേക്ക് എത്തുന്നതെന്നും ഇവര്‍ പരാതിയില്‍ ആരോപിച്ചിരുന്നു. ഗ്രൗണ്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാതെ പാട്ടുംപാടി കറങ്ങി നടന്ന് തോറ്റയാളാണ് രമ്യാ ഹരിദാസ് എന്നും പരാതിയില്‍ പറയുന്നു.
രമ്യാ ഹരിദാസിന് സീറ്റ് നല്‍കുന്നത് ജില്ലയിലെ ദളിത് പ്രവര്‍ത്തകരെ അവഹേളിക്കുന്നതിന് തുല്യമാണെന്നും സംവരണ സീറ്റില്‍ ജില്ലയിലെ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും മുന്നില്‍ നിന്ന നേതാക്കളെ തഴയുകയാണെന്നുമാണ് വിമര്‍ശനം. പ്രാദേശിക നേതാക്കളുടെ എതിര്‍പ്പ് പരിഗണിക്കാതെ രമ്യയെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ആരോപണമുണ്ട്.
Content Highlights: chirayinkeezhu congress protest against the candidacy of ramya haridas