മലപ്പുറം: പൊന്നാനിയിലെ സ്ഥാനാർത്ഥിയെ സംബന്ധിച്ച് സിപിഐഎമ്മിൽ അതൃപ്തി പുകയുന്നതിനിടെ അണികളോട് സംയമനം പാലിക്കാൻ ആഹ്വാനം ചെയ്ത് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ധിഖ്. പാർട്ടിയുടെ തീരുമാനം നമ്മൾ നടപ്പിലാക്കുമെന്നും വിവാദങ്ങളിൽ നിന്ന് പാർട്ടിയെ സ്നേഹിക്കുന്നവർ വിട്ടുനിൽക്കണമെന്നും ടി എം സിദ്ധിഖ് ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു സിദ്ധിഖിന്റെ പ്രതികരണം.
'കണ്ടെത്തിയ സ്ഥാനാർത്ഥിയെ പാർട്ടി തീരുമാനിക്കും. ആ തീരുമാനം പാർട്ടി പ്രഖ്യാപിക്കും. നമ്മൾ അത് നടപ്പിലാക്കും. മറ്റ് വിവാദങ്ങളിൽ നിന്ന് പാർട്ടിയെ സ്നേഹിക്കുന്നവർ വിട്ടുനിൽകണം' എന്നാണ് സിദ്ധിഖിന്റെ പോസ്റ്റ്. എം കെ സക്കീറിനെ പൊന്നാനിയിൽ ഇടതുപക്ഷം സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെ വലിയ അതൃപ്തിയാണ് പാർട്ടിയിൽ ഉണ്ടായിട്ടുള്ളത്. ടി എം സിദ്ദിഖിനെ സ്ഥാനാർത്ഥിയാക്കണം എന്ന് ഒരുവിഭാഗം പ്രവർത്തകർ ആവശ്യപ്പെട്ടിരുന്നു. ജില്ലാ സെക്രറ്ററിയേറ്റ് യോഗത്തിലടക്കം ഈ ആവശ്യം ശക്തമായി ഉന്നയിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയിലും വലിയ വാദപ്രതിവാദങ്ങളാണ് വിഷയത്തെ ചൊല്ലി നടക്കുന്നത്.
2021ലും സിദ്ധിഖിന് സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെട്ടിരുന്നു. പിന്നാലെ പൊന്നാനിയിൽ പരസ്യപ്രതിഷേധങ്ങൾ അടക്കം അരങ്ങേറിയിരുന്നു.സിദ്ധിഖിനെതിരെ പാർട്ടി അച്ചടക്ക നടപടി എടുക്കേണ്ട അവസ്ഥയിലേക്ക് വരെ പരസ്യപ്രതിഷേധങ്ങൾ എത്തിയിരുന്നു. പിന്നാലെ ടി എം സിദ്ധിഖിനെ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും നീക്കിയിരുന്നു. 2022ലാണ് സിദ്ധിഖ് പാർട്ടി നേതൃസ്ഥാനങ്ങളിലേക്ക് തിരിച്ചുവരുന്നത്.
പൊന്നാനിയിൽ മത്സരിക്കുന്ന എം കെ സക്കീറിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഒരാൾക്ക് തന്നെ എല്ലാ പദവികളും എന്തുകൊണ്ട് നൽകുന്നു എന്നാണ് പ്രധാന വിമർശനം. സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരമാണ് പൊന്നാനിയിൽ സക്കീറിനെ ഉൾപ്പെടുത്തിയത്. പല ഘടകങ്ങൾ പരിഗണിച്ചാണ് എം കെ സക്കീറിനെ സ്ഥാനാർത്ഥിയായി പരിഗണിച്ചതെന്നും ഇനി പുനരാലോചന ഇല്ലെന്നും സംസ്ഥാന കമ്മിറ്റി വ്യക്തമാക്കിയിരുന്നു. പൊന്നാനിയിയിൽ മത്സരിക്കാനായി എം കെ സക്കീർ കഴിഞ്ഞ ദിവസം വഖഫ് ബോർഡ് ചെയർമാൻ സ്ഥാനം രാജിവെച്ചിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ 1278 വോട്ടിന്റെ മുന്‍തൂക്കം യുഡിഎഫിനുണ്ട്. മണ്ഡലത്തിലെ ആറ് തദ്ദേശ സ്ഥാപനങ്ങളില്‍ നാല് എണ്ണത്തില്‍ യുഡിഎഫിനും രണ്ടെണ്ണത്തില്‍ എല്‍ഡിഎഫിനുമാണ് ഭരണം. തങ്ങളുടെ കോട്ടയായ പൊന്നാനി നഗരസഭ കൈവിടാതെ കാത്തുസൂക്ഷിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞിരുന്നു. 53 വാര്‍ഡുകളില്‍ 30ല്‍ എല്‍ഡിഎഫ് വിജയിച്ചു. 18 സീറ്റുകളില്‍ യുഡിഎഫും രണ്ടിടത്ത് എന്‍ഡിഎയും വിജയിച്ചു.
ആലംകോടും പെരുമ്പടപ്പും മാറഞ്ചേരിയും നന്നംമുക്കും യുഡിഎഫിന് ലഭിച്ചു. പൊന്നാനി നഗരസഭയെ കൂടാതെ വെളിയങ്കോട് പഞ്ചായത്തിലാണ് എല്‍ഡിഎഫിന് ഭരണം ലഭിച്ചത്. മണ്ഡലത്തിലെ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ഭരണം യുഡിഎഫിനാണ്.
Content Highlights: T. M. Siddique urged restraint among cadres of the Communist Party of India (Marxist) amid discontent over the candidate decision in Ponnani, asking supporters to avoid controversies and uphold party discipline.