'മലവെള്ളപ്പാച്ചിലിൽ ഈട്ടി തടിയായാലും തേക്കായാലും ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ടെന്ന് ഉണ്ണിത്താന്‍

ഹൈക്കമാന്‍ഡ് തീരുമാനം വന്നാല്‍ ആരും എതിര്‍ക്കുമെന്ന് കരുതുന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: എംപിമാര്‍ മത്സരിക്കേണ്ടെന്ന് ആവര്‍ത്തിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി. എംഎല്‍എ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാനാണ് എംപിമാര്‍ ശ്രമിക്കേണ്ടതെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. സീറ്റ് ആവശ്യപ്പെടാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആളുകളുടെ സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്. മലവെള്ളപ്പാച്ചിലില്‍ ഈട്ടി തടിയായാലും തേക്കായാലും ഒലിച്ചുപോകുമെന്നും അദ്ദേഹം പരിഹസിച്ചു. ഹൈക്കമാന്‍ഡ് തീരുമാനം വന്നാല്‍ ആരും എതിര്‍ക്കുമെന്ന് കരുതുന്നില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

എംപിയായിരിക്കെ കണ്ണൂരില്‍ നിന്ന് നിയമസഭയിലേക്ക് മത്സരിക്കണമെന്ന് കെ സുധാകരന്റെ ആവശ്യം ഉന്നയിക്കവേയാണ് രാജ്‌മോഹന്‍ ഉണ്ണിത്താന്റെ പ്രതികരണം. കണ്ണൂരില്‍ മത്സരിക്കുമെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണ് കെ സുധാകരന്‍. മത്സരിക്കാന്‍ എംപിമാര്‍ക്ക് അവകാശമുണ്ടെന്നും പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കിയാണ് മത്സരിക്കാന്‍ തീരുമാനിച്ചതെന്നും കെ സുധാകരന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. മത്സരിക്കാന്‍ അര്‍ഹതയുള്ളവര്‍ മത്സരിക്കണം. ചര്‍ച്ചയ്ക്ക് നേതൃത്വം വേദിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെ സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഫേസ്ബുക്കില്‍ പങ്കുവെച്ച വൈകാരിക കുറിപ്പ് താന്‍ തന്നെയാണ് എഴുതിയതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തന്നെ വിളിച്ചിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു. കൃത്യമായ വിവരങ്ങള്‍ ഇല്ലാതെയാണ് പ്രതിപക്ഷ നേതാവ് പ്രതികരിച്ചത്. ആരെങ്കിലും പറഞ്ഞത് വിശ്വസിച്ചതാകും. പ്രതിപക്ഷ നേതാവിനെ കുറ്റപ്പെടുത്തുന്നില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

കെ സുധാകരന് സ്ഥാനാര്‍ത്ഥിയാക്കാമെന്ന് ഉറപ്പ് കൊടുക്കാന്‍ കഴിയുന്ന വലിയ നേതാവല്ല താന്‍. സ്ഥാനാര്‍ത്ഥിയാക്കാമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടുമില്ല. ആരും സ്വയം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കേണ്ട. താന്‍ മത്സരിക്കണമെന്നതടക്കം പാര്‍ട്ടിയാണ് തീരുമാനിക്കുക. പാര്‍ട്ടി തീരുമാനിക്കുന്നവരാണ് സ്ഥാനാര്‍ത്ഥികള്‍ അതിന് അപ്പുറത്തേക്ക് ആരും പോകേണ്ടതില്ലെന്നും സതീശന്‍ പറഞ്ഞു.

Content Highlights: Rajmohan Unnithan says MPs should not contest in assembly election on K Sudhakaran controversy

To advertise here,contact us