ആലപ്പുഴ: എച്ച് സലാം എംഎൽഎക്കെതിരെ കടുത്ത വിമർശനവുമായി ജി സുധാകരൻ. എച്ച് സലാം പൊളിറ്റിക്കൽ ക്രിമിനൽ ആണെന്ന് ജി സുധാകരൻ റിപ്പോർട്ടറിനോട് പറഞ്ഞു. പൊളിറ്റിക്കൽ ക്രിമിനലാണെന്ന് സലാം തന്നെ സമ്മതിച്ചിരിക്കുന്നു. തനിക്കെതിരെയുള്ള തെളിവുകൾ എച്ച് സലാം പുറത്തുവിടണമെന്നും സഖാക്കളുടെ പിന്നാലെ കൂടി തെളിവ് ശേഖരിക്കലാണോ സലാമിന്റെ പണിയെന്നും ജി സുധാകരൻ ചോദിച്ചു. സിപിഐഎമ്മുമായി ഇടഞ്ഞ് അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ജി സുധാകരന്റെ പ്രതികരണം.
തനിക്കെതിരെ എച്ച് സലാമിന്റെ കയ്യിലുണ്ടെന്ന് പറഞ്ഞ തെളിവുകളെല്ലാം അദ്ദേഹം പുറത്തുവിടട്ടെ. മറ്റുള്ള സഖാക്കളുടെ കാര്യങ്ങൾ രഹസ്യമായി പിന്നാലെ നടന്ന് ശേഖരിക്കലാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഒരു നേതാവിന്റെ ജോലിയെന്ന് അദ്ദേഹം സ്വയം സമ്മതിച്ചു. അതല്ല പാർട്ടി നേതാക്കന്മാരുടെ ജോലി. മറ്റുള്ളവരുടെ രഹസ്യവിവരങ്ങൾ അന്വേഷിച്ച് നടക്കുന്നത് ഒരു ക്രിമിനൽ സ്വഭാവമാണ്, അതിനെയാണ് പൊളിറ്റിക്കൽ ക്രിമിനലിസമെന്ന് പറയുന്നത്. ഞങ്ങളാരും അത് ചെയ്യാറില്ല. വ്യക്തിഹത്യ നടത്തുന്നതല്ല രാഷ്ട്രീയമെന്നും ജി സുധാകരൻ പറഞ്ഞു.
തന്നോട് അനുനയത്തിന്റെ ആവശ്യമില്ല, ഇനിയുള്ള കാലവും ജനങ്ങളോടൊപ്പം നിന്ന് വിവിധ മേഖലകളിൽ പ്രവർത്തിക്കും. അമ്പലപ്പുഴയുടെ വികസനത്തിനും അഴിമതിക്കുമെതിരായ പോരാട്ടമായിരിക്കുമിത്. എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളിലും അതിന്റെ മൂല്യങ്ങളെ കാർന്നുതിന്നുന്ന പൊളിറ്റിക്കൽ കേഡർമാരുണ്ടായി വരുന്നുണ്ട് അതിനെതിരായ പോരാട്ടം കൂടിയായിരിക്കും തന്റേതെന്നും ജി സുധാകരൻ പറഞ്ഞു.
യുഡിഎഫിൽ ആരോടും താൻ പിന്തുണ തേടിയിട്ടില്ല, യുഡിഎഫിൽനിന്ന് ആരും തന്റെ പിന്തുണയും ചോദിച്ചിട്ടില്ല. അത്തരത്തിൽ യാതൊരു ചർച്ചയും നടന്നിട്ടില്ല. പൂർണസ്വതന്ത്രനായി മത്സരിക്കുമെന്നും ജി സുധാകരൻ പറഞ്ഞു. ഒരുതരത്തിലും പരിഗണിക്കാതിരുന്നിട്ടില്ലെന്ന ജില്ലാ സെക്രട്ടറി ആർ നാസറിന്റെ പ്രതികരണത്തെ കുറിച്ചും ജി സുധാകരൻ പ്രതികരിച്ചു. ഏതാനും വർഷം മുമ്പ് മാത്രമാണ് നാസർ പാർട്ടി സെക്രട്ടറി ആയത്. അതിന് മുമ്പുള്ള കാര്യം പറയാൻ അദ്ദേഹത്തിന് എന്ത് കാര്യമാണെന്നായിരുന്നു ജി സുധാകരന്റെ മറുപടി.
എം വി ഗോവിന്ദൻ പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയാണ് അദ്ദേഹത്തിന് വാക്കുകൾക്കെല്ലാം മറുപടി പറയാനോ അദ്ദേഹത്തിന്റെ ബുദ്ധിയെ കുറിച്ച് പറയാനോ താൻ ആളല്ല. എന്നെ ആക്ഷേപിക്കരുതെന്ന് പാർട്ടി ദേശീയ ജനറൽ സെക്രട്ടറി എം എ ബേബി പറഞ്ഞിരുന്നു. എന്നാൽ സജി ചെറിയാനും എച്ച് സലാമും വഞ്ചകൻ എന്നല്ലേ തന്നെ വിളിച്ചത്. എം എ ബേബി പറയുന്നത് എവിടെയാണ്, ഇവർ പ്രവർത്തിക്കുന്നത് എവിടെയാണ്?. പാർട്ടിയുടെ കീഴിലാണ് ഇവർ പ്രവർത്തിക്കുന്നതെന്ന് എങ്ങനെ പറയാനാകുമെന്നും ജി സുധാകരൻ ചോദിച്ചു.
ജനങ്ങൾക്ക് തന്നെ അറിയാം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് തേടി വീട് കയറാൻ ചെന്നപ്പോൾ ആ വീടുകളിലുള്ളവർ വോട്ട് തനിക്കാണെന്നാണ് ഉറപ്പിച്ചുപറഞ്ഞിരുന്നു. അവർ വോട്ട് തനിക്കാണെന്ന് തീരുമാനിച്ച് വെച്ചവരാണെന്നും ജി സുധാകരൻ പറഞ്ഞു.
Content Highlights: G Sudhakaran strongly criticizes H Salam MLA, he says he will contest as a complete independent