കൊച്ചി: സീറ്റ് ചർച്ചകൾക്കിടെ വിവിധ ഭാഗങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് കെ സുധാകരനെ അനുകൂലിച്ച് ഫ്ളക്സുകള്‍. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പറവൂരിലെ ഓഫീസിനടുത്തും സുധാകരനെ അനുകൂലിച്ച് കൊണ്ട് ഫ്ളക്സുകള്‍ ഉയര്‍ന്നു. ഇടപ്പള്ളി, ആലുവ, മൂവാറ്റുപുഴ എന്നിവിടങ്ങളിലും സുധാകരന് അനുകൂലമായ ഫ്ളക്സുകള്‍ വെച്ചു. എംപിമാർ മത്സരിക്കേണ്ടെന്ന തീരുമാനം ഉള്ളതിനാൽ കണ്ണൂരില്‍ സീറ്റ് നല്‍കണമെന്ന കെ സുധാകരന്റെ ആവശ്യത്തിൽ അന്തിമ തീരുമാനം ആയില്ല. കെ സുധാകരന് ഇതിൽ അതൃപ്തി പ്രകടമാക്കിയിരുന്നു. പിന്നാലെയാണ് സുധാകരനെ അനുകൂലിച്ച് ഫ്ളക്സ് ഉയര്‍ന്നത്.
വാക്കുകള്‍ പാലിക്കപ്പെടേണ്ടതാണ്, ചരിത്രം വാക്ക് പാലിച്ചവരുടേതാണ് എന്ന തലക്കെട്ടിലാണ് പോസ്റ്ററിലെ വാചകങ്ങള്‍ തുടങ്ങുന്നത്. 'അതും ഉന്നതരായ വ്യക്തികള്‍ നല്കുന്ന വാക്കുകള്‍ പൊന്നിനും, പണത്തിനും പ്രമാണങ്ങള്‍ക്കും അപ്പുറത്തുള്ള ഉറപ്പാണ്. 'Rahul Ji, I want to contest on the upcoming kerala election.' 'Of course, brother. You have my full support-go ahead.' എന്നാണ് പോസ്റ്ററിലുള്ളത്.
പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയുടെ ഈ വാക്ക് മതി, അത് ധര്‍മടത്തോ, മട്ടന്നൂരോ കേരളത്തില്‍ 140 നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കാന്‍ കെ സുധാകരന്റെ ചങ്കുറപ്പ്. അതാണ് 110% എന്നും ഉറപ്പ് എന്നും ഉറക്കെ പറഞ്ഞത്. ബോധ്യങ്ങളില്‍ നിന്നാണ് വാക്കുകള്‍ പുറത്തേക്ക് വരുന്നത്. രാഹുല്‍ ഗാന്ധിയുടെ ഉറപ്പ് കെ സുധാകരന് നെഞ്ചിലേറ്റിയത് പോലെ തന്നെ കേരളത്തിലെ കോണ്‍ഗ്രസുകാരും കെഎസിനെ നെഞ്ചിലേറ്റിക്കഴിഞ്ഞു'; എന്നും പോസ്റ്ററിലുണ്ട്.
എറണാകുളത്ത് കൂടാതെ പത്തനംതിട്ടയിലും സുധാകരനെയും അടൂര്‍ പ്രകാശിനെയും അനുകൂലിച്ച് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. 'ശിവഗിരി മഠം നിര്‍ദേശിച്ച ഇരുവരെയും തഴഞ്ഞുകൊണ്ട് പാര്‍ട്ടി ഇതെങ്ങോട്ട്. ഇരുവരെയും ഒഴിവാക്കിയാല്‍ പ്രത്യാഘാതമുണ്ടാകും. കോന്നിയില്‍ ഈഴവ സമുദായത്തെ തഴഞ്ഞാല്‍ പ്രത്യാഘാതമുണ്ടാകും. അടൂര്‍ പ്രകാശിനെ ഒഴിവാക്കി ആരെ കോന്നിയില്‍ ഇറക്കിയാലും പ്രകാശം പരക്കില്ല.' എന്നായിരുന്നു കെ സുധാകരനും അടൂര്‍ പ്രകാശിനും അനുകൂലമായ പോസ്റ്ററില്‍ എഴുതിയിരുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എംപിമാര്‍ക്കുള്ള വിലക്കില്‍ കെ സുധാകരന് കടുത്ത അതൃപ്തിയാണുള്ളത്. നാടകീയ സംഭവങ്ങളാണ് ഇന്ന് നടന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്ക് വേണ്ടി ഡല്‍ഹിയിലെത്തിയ സുധാകരന് കടുത്ത അതൃപ്തിയോടെ നാട്ടിലേക്ക് മടങ്ങുകയായിരുന്നു. സുധാകരന് കണ്ണൂര്‍ സീറ്റ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂര്‍ ഡിസിസി ഓഫീസിന് മുന്നില്‍ മുൻപും പോസ്റ്ററുകള്‍ അടക്കം പ്രത്യക്ഷപ്പെട്ടിരുന്നു.
പിന്നാലെ വൈകാരികമായ ഒരു ഫേസ്ബുക്ക് പോസ്റ്റ് സുധാകരന് പങ്കുവെച്ചിരുന്നു. കണ്ണൂര്‍ എന്നത് തന്റെ ഹൃദയരക്തമാണെന്നും കണ്ണൂരിലെ കോണ്‍ഗ്രസ്സ് എന്നും തന്റെ മേല്വിലാസവുമാന്നെുമാണ് സുധാകരന് ഫേസ്ബുക്കില്‍ കുറിച്ചത്. താന്‍ അറിയാത്ത കണ്ണൂരില്ല, തന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനല് വഴികള്‍ ഒരുപക്ഷെ മറ്റുള്ളവര്‍ക്ക് മറക്കാനാകുമായിരിക്കും, പക്ഷെ തനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാര്‍ഥ്യങ്ങളാണെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
പിന്നാലെ അനുനയശ്രമങ്ങള്‍ക്കായി ദേശീയ കോണ്‍ഗ്രസ് നേതൃത്വം സുധാകരനോട് ഡല്‍ഹിയിലേക്ക് വരാന്‍ പറഞ്ഞിരുന്നു. തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലായിരിക്കും അനുനയ ചര്‍ച്ചകള്‍ നടക്കുക. ചര്‍ച്ചയില്‍ കണ്ണൂരില്‍ സ്ഥാനാര്‍ത്ഥിയാകണം എന്ന ആവശ്യം സുധാകരന് രാഹുല്‍ ഗാന്ധിയ്ക്ക് മുന്പില് ശക്തമായി അവതരിപ്പിക്കുമെന്നും ഇതിന് അനുകൂലമായ തീരുമാനമുണ്ടാകും എന്നുമാണ് സുധാകരനോട് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതേസമയം, സുധാകരന് സ്ഥാനാര്‍ത്ഥിത്വം നല്‍കാതെ തന്നെ അനുനയിപ്പിക്കുമെന്നും കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗം കരുതുന്നുണ്ട്.
Content Highlight; Flex boards expressing support for K Sudhakaran were reportedly placed near the office of V D Satheesan Paravur.