സീറ്റ് ചർച്ചയ്ക്കായി കെ സുധാകരൻ ഡൽഹിയിലേക്കില്ല; രാഹുൽ വിളിച്ചില്ലെന്ന് സ്ഥിരീകരണം

തീരുമാനിക്കാത്ത ചർച്ചയ്ക്കായി ഡൽഹിയിലേക്ക് പോകേണ്ടെന്ന നിലപാടിൽ സുധാകരൻ

കോഴിക്കോട്: സീറ്റ് ചർച്ചകൾക്കായി കോൺഗ്രസ് നേതാവ് കെ സുധാകരൻ ഡൽഹിയിലേക്കില്ല. കണ്ണൂരിലെ സീറ്റുമായി ബന്ധപ്പെട്ട അസ്വാരസ്യങ്ങൾക്കിടെ കെ സുധാകരനെ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഡൽഹിയിലേക്ക് വിളിപ്പിച്ചുവെന്ന റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും അങ്ങനെ ഉണ്ടായിട്ടില്ലെന്നാണ് വിവരം. രാഹുൽ വിളിച്ചുവെന്ന റിപ്പോർട്ട് കെ സുധാകരനും തള്ളിയിട്ടുണ്ട്. തീരുമാനിക്കാത്ത ചർച്ചയ്ക്കായി ഡൽഹിയിലേക്ക് പോകേണ്ട എന്ന നിലപാടിലാണ് സുധാകരൻ.

നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂരിൽനിന്നും മത്സരിക്കണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച കെ സുധാകരനെ അവിടെ പരിഗണിക്കാത്തതിന് പിന്നാലെയാണ് അസ്വാരസ്യങ്ങൾ ഉടലെടുത്തത്. നിലവിൽ എംപിമാർ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്നാണ് ഹൈക്കമാൻഡിന്റെ തീരുമാനം. എന്നാൽ മത്സരിക്കുമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് കെ സുധാകരൻ. മത്സരിക്കാൻ എംപിമാർക്ക് അവകാശമുണ്ടെന്നും പ്രവർത്തകരുടെ വികാരം മനസ്സിലാക്കിയാണ് മത്സരിക്കാൻ തീരുമാനിച്ചതെന്നുമാണ് കെ സുധാകരന്റെ വാദം. മത്സരിക്കാൻ അർഹതയുള്ളവർ മത്സരിക്കണം. ചർച്ചയ്ക്ക് നേതൃത്വം വേദിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും കെ സുധാകരൻ റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.

കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്ക് വേണ്ടി ഡൽഹിയിലെത്തിയ സുധാകരൻ കടുത്ത അതൃപ്തിയോടെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയതിന് പിന്നാലെ കണ്ണൂരുമായി ബന്ധപ്പെട്ട് വൈകാരികമായ കുറിപ്പ് പങ്കുവെക്കുകയും ചെയ്തിരുന്നു. കണ്ണൂർ എന്നത് തന്റെ ഹൃദയ രക്തമാണെന്നും കണ്ണൂരിലെ കോൺഗ്രസ്സ്എന്നും തന്റെ മേൽവിലാസമാണെന്നുമാണ് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചത്. താൻ അറിയാത്ത കണ്ണൂരില്ല, തന്നെ അറിയാത്ത കണ്ണൂരുമില്ല. കടന്നുവന്ന കനൽ വഴികൾ ഒരുപക്ഷെ മറ്റുള്ളവർക്ക് മറക്കാനാകുമായിരിക്കും, പക്ഷെ തനിക്കതൊന്നും മരണത്തിലും മറക്കാനാവാത്ത പച്ചയായ യാഥാർഥ്യങ്ങളാണെന്നും കുറിപ്പിൽ പറഞ്ഞിരുന്നു.

Content Highlights: Congress leader K Sudhakaran will not go to Delhi for seat talks, he also denied the report that Rahul Gandhi had called

To advertise here,contact us