തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയം കീറാമുട്ടിയായി തുടരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലാണ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ തർക്കം നിലനിൽക്കുന്നത്. ആലപ്പുഴ, എറണാകുളം, കാസർഗോഡ് ജില്ലകളിലും ഭിന്നത ഉടലെടുത്തിട്ടുണ്ട്.
വാമനപുരത്ത് പാലോട് രവിക്ക് എതിരെ പ്രതിഷേധം ശക്തമാണ്. നെടുമങ്ങാട് മീനാങ്കൽ കുമാറിനെതിരെ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. ചിറയൻകീഴിൽ രമ്യ ഹരിദാസിനെ അംഗീകരിക്കില്ലെന്നാണ് ഒരുവിഭാഗം നേതാക്കളുടെ നിലപാട്. ചടയമംഗലത്ത് ആർ ചന്ദ്രശേഖരനെതിരേയും പരാതികൾ ഉയർന്നിട്ടുണ്ട്. ഇതോടെ ഇവിടെ വിമത സ്ഥാനാർത്ഥിയെ നിർത്താനടക്കം നീക്കം നടക്കുന്നുണ്ട്. പുനലൂർ സീറ്റ് ലീഗിൽനിന്ന് ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാണ്. ഇവിടെ അഡ്വ. ഷിഹാബുദ്ദീൻ കാര്യയത്തിനെ പരിഗണിക്കണമെന്നാണ് ആവശ്യം.
കോന്നിയിൽ മത്സരിക്കാൻ തയ്യാറെടുത്തിരിക്കയാണ് യുഡിഎഫ് കൺവീനറായ അടൂർ പ്രകാശ് എംപി. എന്നാൽ ഇവിടെ അവകാശവാദവുമായി സതീഷ് കൊച്ചുപറമ്പിലും രംഗത്തുണ്ട്. ആറന്മുളയിൽ അബിൻ വർക്കിയെ മത്സരിപ്പിക്കരുതെന്ന് ഒരു വിഭാഗം ആവശ്യമുന്നയിച്ചു.
ആലപ്പുഴയിൽ കടുത്ത നിലപാടുമായി എ എ ഷുക്കൂർ തുടരുകയാണ്. അതേസമയം അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണയ്ക്കുന്നതിൽ കോൺഗ്രസിൽ അതൃപ്തി കടുക്കുകയാണ്.
തൃക്കരിപ്പൂരിൽ ജോമോൻ ജോസിന് എതിരെ ഡിസിസി രംഗത്തെത്തിയിട്ടുണ്ട്. ജോമോൻ ജോസിനെ മത്സരിപ്പിക്കരുതെന്നാണ് ഡിസിസി നിലപാട്. കണ്ണൂരിനെ ചൊല്ലി മുതിർന്ന നേതാവ് കെ സുധാകരൻകൂടി ഇടഞ്ഞതോടെ സ്ഥാനാർത്ഥി നിർണയത്തിൽ ആശയക്കുഴപ്പം തുടരുകയാണ്.
പെരുമ്പാവൂരിൽ സിറ്റിംങ് എംഎൽഎ എദോസ് കുന്നപ്പള്ളി സീറ്റ് ഉറപ്പിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയുമാണ് എൽദോസിനായി സമ്മർദ്ദം ചെലുത്തിയത്. മനോജ് മൂത്തേടനെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു എ ഗ്രൂപ്പിന്റെ നിലപാട്. അതേസമയം കൊച്ചിയിൽ മുഹമ്മദ് ഷിയാസിന്റെയും ദീപ്തി മേരി വർഗീസിന്റെയും പേരുകളാണ് സജീവ പരിഗണനയിൽ ഉള്ളത്. വൈപ്പിനിൽ മനു ജേക്കബിനാണ് പ്രഥമപരിഗണന.
Content Highlights: Congress candidate selection for assembly elections in crisis