കൊച്ചി: യുവതിയുടെ 'തട്ടിക്കൊണ്ടുപോകൽ നാടകം' പൊളിച്ച് പൊലീസ്. രണ്ട് കാമുകന്മാരുമായി ഒരേസമയം ബന്ധം തുടർന്ന യുവതി ഇരുവരെയും കബളിപ്പിക്കാൻ നടത്തിയ ശ്രമമാണ് പൊലീസ് സിസിടിവി പരിശോധനയിലൂടെ തകർത്ത്. കൊച്ചിയിൽ ജോലി ചെയ്യുന്ന യുവതിക്കെതിരെ എളമക്കര പൊലീസ് കേസെടുക്കുകയും ചെയ്തു.
ബുധനാഴ്ച രാത്രി ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഒരു വെളുത്ത കാറിലെത്തിയ സംഘം തന്നെ വാഹനത്തിലേക്ക് ബലമായി കയറ്റി തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. യുവതിയുടെ സുഹൃത്താണ് കൺട്രോൾ റൂമിൽ വിളിച്ച് ഇതേ കുറിച്ച് പൊലീസിനെ അറിയിക്കുന്നത്.
പൊലീസ് എത്തിയപ്പോൾ കാറിൽ വെച്ച് തനിക്ക് നേരെ ഉപദ്രവമുണ്ടായെന്നും പിന്നീട് ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിട്ടു എന്നും യുവതി പൊലീസിന് മൊഴി നൽകി. വൈകീട്ട് ആറരയോടെ മീൻചിറ ഭാഗത്തുള്ള വീട്ടിലേക്ക് പോകുമ്പോഴാണ് അജ്ഞാത സംഘം കാറിലേക്ക് തന്നെ വലിച്ചുകയറ്റിയത് എന്നാണ് യുവതി പറഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പ്രദേശത്തെ സിസിടിവികൾ പരിശോധിച്ചു. അതിലൊന്നും പറഞ്ഞ സമയത്ത് അത്തരത്തിലൊരു സംഭവം നടന്നതിന്റെയോ വെളുത്ത കാറിന്റെയോ ദൃശ്യങ്ങൾ കാണാനായില്ല. എന്നാൽ യുവതി ഒരു യുവാവിനൊപ്പം നടന്ന് വരുന്നത് കാണാമായിരുന്നു. ഇതോടെ സംശയം തോന്നിയ പൊലീസ് യുവതിയെ വിശദമായി ചോദ്യം ചെയ്തു. പിന്നാലെയാണ് കള്ളക്കഥ പൊളിഞ്ഞതും യാഥാർത്ഥ്യം പുറത്തുവന്നതും.
കഴിഞ്ഞ ദിവസം ജോലിയ്ക്ക് ശേഷം നാട്ടിലുള്ള കാമുകനെ കാണാൻ പോയതായിരുന്നു യുവതി. ഇയാളുമായി സംസാരിക്കുന്നതിനിടെ വിദേശത്തുള്ള കാമുകന്റെ കോൾ വന്നു. ഫോണിൽ സംസാരിക്കുന്നതിനിടെ ആരാണ് എന്ന് ഒപ്പമുണ്ടായിരുന്ന നാട്ടിലെ കാമുകൻ ചോദിച്ചു. ഈ ശബ്ദം കോളിലൂടെ കേട്ട വിദേശത്തുള്ള കാമുകൻ അത് ആരാണ് എന്ന് യുവതിയോട് ചോദിച്ചു. നാട്ടിലുള്ള ബന്ധത്തെ കുറിച്ച് അറിഞ്ഞാൽ വിദേശത്തുള്ള യുവാവുമായുള്ള വിവാഹം മുടങ്ങുമെന്ന് ഭയപ്പെട്ട യുവതി തട്ടിക്കൊണ്ടുപോകൽ എന്ന കള്ളക്കഥ കെട്ടിച്ചമയ്ക്കാൻ തീരുമാനിക്കുകയായിരുന്നു.
നാട്ടിലെ കാമുകനോട് ഫോണിൽ വിളിച്ചത് സുഹൃത്താണ് എന്നായിരുന്നു യുവതി പറഞ്ഞത്. വിദേശത്തുള്ള കാമുകനുമായി യുവതിയുടെ വിവാഹനിശ്ചയം കഴിഞ്ഞതാണ് എന്നാണ് പൊലീസ് അറിയിക്കുന്നത്. നിലവിൽ പൊലീസ് അന്വേഷണം വഴിതെറ്റിക്കാൻ വ്യാജ വിവരം നൽകിയെന്ന വകുപ്പിലാണ് യുവതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു.
Content Highlights: Woman plans a fake kidnapping case to deceive her tow boyfriends. But police finds the truth through CCTV visuals