യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ച തുടരുന്നു; തിരുവമ്പാടി, കോങ്ങാട് സീറ്റുകള്‍ കൈമാറാന്‍ സന്നദ്ധത അറിയിച്ച് ലീഗ്

തിരുവമ്പാടിയില്‍ വി എസ് ജോയിയെയും തവനൂരില്‍ സന്ദീപ് വാര്യരെയും മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്

കോഴിക്കോട്: യുഡിഎഫില്‍ സീറ്റ് വിഭജന ചര്‍ച്ചകള്‍ തുടരുന്നു. തിരുവമ്പാടി, കോങ്ങാട് സീറ്റുകള്‍ കൈമാറാന്‍ മുസ്‌ലിം ലീഗ് സന്നദ്ധത അറിയിച്ചു. തിരുവമ്പാടിയ്ക്ക് പകരം തവനൂരും പുനലൂരിന് പകരം ചടയമംഗലവുമാണ് ലീഗ് ആവശ്യപ്പെടുന്നത്. കോങ്ങാട് സീറ്റിന് പകരം പട്ടാമ്പി നല്‍കാമെന്നാണ് കോണ്‍ഗ്രസ് പറഞ്ഞിരിക്കുന്നത്. തിരുവമ്പാടി സീറ്റിന്റെ കാര്യത്തില്‍ ആശയക്കുഴപ്പം തുടരുകയാണ്. തിരുവമ്പാടിയില്‍ വി എസ് ജോയിയെയും തവനൂരില്‍ സന്ദീപ് വാര്യരെയും മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. കോങ്ങാട് കെ എ തുളസിയെ മത്സരിപ്പിക്കും. പുനലൂരില്‍ അഡ്വ. ഷിഹാബുദ്ദീന്‍ കാര്യയത്തിനെയാണ് പരിഗണിക്കുന്നത്.

വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തമായ മത്സരം നടക്കാന്‍ പോകുന്ന മണ്ഡലങ്ങളിലൊന്നാണ് തിരുവമ്പാടി. യുഡിഎഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലത്തില്‍ കഴിഞ്ഞ രണ്ട് തവണയും സാമുദായിക സമവാക്യങ്ങളാണ് ഇടതുമുന്നണിയെ വിജയത്തിലേക്ക് നയിച്ച പ്രധാന ഘടകങ്ങളിലൊന്ന്. 1977 ല്‍ നിലവില്‍ വന്ന മണ്ഡലത്തില്‍ 1987 വരെ കോണ്‍ഗ്രസ് സ്ഥാനാർത്ഥികളായിരുന്നു വിജയിച്ചത്. 1991 ല്‍ ആദ്യമായി സീറ്റില്‍ മുസ്ലിം ലീഗ് വിജയിച്ചു. 2006 ല്‍ മത്തായി ചാക്കോ ഇടത് സ്ഥാനാർത്ഥിയായി വരുന്നത് വരെ മണ്ഡലം ലീഗിന്‍റെ കൈകളില്‍ സുരക്ഷിതമായിരുന്നു.

മത്തായി ചാക്കോയുടെ വിയോഗത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജോർജ് എം തോമസ് മണ്ഡലം നിലനിർത്തിയെങ്കിലും 2011 ല്‍ സി മോയിന്‍ കുട്ടിയിലൂടെ ലീഗ് മണ്ഡലം തിരിച്ച് പിടിച്ചു. എന്നാല്‍ 2016 ല്‍ ജോർജ് എം തോമസിലൂടേയും 2021 ല്‍ ലിന്റോ ജോസഫിലൂടെയും എല്‍ഡിഎഫ് മണ്ഡലം നിലനിർത്തി. കഴിഞ്ഞ തവണ സി പി ചെറിയ മുഹമ്മദിനെതിരെ 4643 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ലിന്‍റോ ജോസഫിന്‍റെ വിജയം. എല്‍ഡിഎഫ് ഇത്തവണയും ലിന്റോ ജോസഫിനെ തന്നെ സ്ഥാനാർത്ഥിയാക്കിയേക്കും എന്ന കാര്യം ഏറെക്കുറെ ഉറപ്പാണ്. യുഡിഎഫില്‍ സീറ്റ് വെച്ചുമാറുന്ന കാര്യത്തിലെ ചർച്ചകള്‍ ഇപ്പോഴും സജീവമായിക്കൊണ്ടിരിക്കുകയാണ്. ലീഗില്‍ നിന്നും സീറ്റ് ഏറ്റെടുത്തും ഒരു ക്രിസ്ത്യന്‍ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാല്‍ തിരുവമ്പാടി പിടിക്കാമെന്നാണ് യുഡിഎഫിന്‍റെ പ്രതീക്ഷ. എന്നാല്‍ മണ്ഡലം കോണ്‍ഗ്രസിന് വിട്ടുകൊടുക്കുന്നതിനെതിരെ പ്രാദേശിക മുസ്ലിം ലീഗ് നേതൃത്വത്തില്‍ നിന്നുള്ള എതിർപ്പ് ശക്തമാണ്.

സീറ്റ് ലീഗിന് തന്നെയാണെങ്കില്‍ സി കെ കാസിമിനായിരിക്കും പ്രഥമ പരിഗണന. മുന്‍ എംഎല്‍എ സി പി ചെറിയ മുഹമ്മദിന്‍റെ പേരും സജീവമായി ചർച്ചയിലുണ്ട്. മറിച്ച് സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണെങ്കില്‍ മലപ്പുറം ഡിസിസി അധ്യക്ഷന്‍ വി എസ് ജോയ് തിരുവമ്പാടിയില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തിയേക്കും. കെപിസിസി ജനറല്‍ സെക്രട്ടറി സോണി സെബാസ്റ്റ്യന്‍റെ പേരും ചർച്ചയിലുണ്ട്

Content Highlights: Muslim League expresses willingness to exchange Thiruvambady and Kongad seats with congress

To advertise here,contact us