തിരുവനന്തപുരം: ലോകത്തിന്റെ ഏത് കോണിലും മനുഷ്യർ അനുഭവിക്കുന്ന വേദന നമ്മുടേത് കൂടിയാണെന്നും ആ തിരിച്ചറിവാണ് മനുഷ്യത്വത്തിന്റെ അടിസ്ഥാനമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ്. ലോകത്തെ എല്ലാ കോണിലെയും മനുഷ്യർ പ്രതിഷേധിക്കുകയാണ്. ലോകമെമ്പാടും യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങൾ ഉയർന്നുവരികയാണ്. ഇത് പ്രതീക്ഷ നൽകുന്നതാണെന്നും യുദ്ധത്തിനെതിരെ നിൽക്കുന്നവരെല്ലാം ഒരു ശക്തിയാണ് എന്നും സ്വരാജ് പറഞ്ഞു. ഇറാനിൽ യുദ്ധം നടക്കുന്നത് കൊണ്ട് തിരുവനന്തപുരത്ത് സമ്മേളനം നടത്തിയിട്ടു എന്ത് കാര്യം എന്ന് ചോദിക്കുന്നു. അത്തരം ആളുകൾ സമൂഹത്തിനു നാണക്കേട് ആണെന്നും എം സ്വരാജ് പറഞ്ഞു.
അതേസമയം, ഇറാൻ - യുഎസ്, ഇസ്രയേൽ സംഘർഷം മൂലം പാചകവാത പ്രതിസന്ധി ഉടലെടുത്തതിന് പിന്നാലെ കേന്ദ്രസർക്കാരിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ രംഗത്തെത്തി. അമേരിക്ക പറയുന്നത് പോലെയാണ് ഇന്ന് കേന്ദ്രസർക്കാർ ചെയ്യുന്നതെന്നും അപമാനകരമായ അവസ്ഥയാണ് ഇതെന്നുമാണ് ഗോവിന്ദൻ വിമർശിച്ചത്. അമേരിക്കയുടെ ദാസന്മാരായി ഇന്ത്യ മാറുകയാണ് എന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തിരുന്നു.
കേന്ദ്രസർക്കാരിന്റെ ദീർഘവീക്ഷണമില്ലാത്ത നിലപാടാണ് ഈ പ്രതിസന്ധിയിലേക്ക് നയിച്ചത് എന്നും കേന്ദ്രസർക്കാർ അനങ്ങാപ്പാറ നയമാണ് ഇപ്പോഴും സ്വീകരിക്കുന്നത് എന്നും ഗോവിന്ദൻ വിമർശിച്ചു. എല്ലാം സുരക്ഷിതമാണ് എന്ന കേന്ദ്രസർക്കാരിന്റെ മറുപടി പച്ചക്കള്ളമാണെന്ന് തെളിയുകയാണ് എന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
അതേസമയം എൽപിജി പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും ഹോട്ടലുകൾ അടച്ചു പൂട്ടുകയും മെനു വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടര്‍ കൃത്യമായി എത്തിക്കുമെന്ന് ആവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എല്‍പിജിയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടില്ല.
രാജ്യത്ത് ഗ്രാമമേഖലകളില്‍ എൽപിജി ഗ്യാസ് ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തിയത്. നഗര മേഖലകളില്‍ എല്‍പിജി ബുക്കിങ് ഇടവേള 25 ദിവസമായി തന്നെ തുടരും.
Content Highlights: CPIM leader M Swaraj says the suffering of people anywhere in the world belongs to all humanity and highlights the growing global anti war protests as a sign of hope.