എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് എം ആർ അജിത്കുമാറിനെ നീക്കി; ബി അശോകിനും മാറ്റം

കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് നടപടി

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് എം ആർ അജിത് കുമാറിനെ നീക്കി. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരമാണ് നടപടി. ഐഎഎസ് ഇതര കേഡർ ഉദ്യോഗസ്ഥരെ എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിയമിക്കരുത് എന്നായിരുന്നു ഉത്തരവ്. ഇതോടെ അഡീഷണൽ എക്സൈസ് കമ്മീഷണർക്കാണ് ഇനി എക്സൈസ് കമ്മീഷണറുടെ താത്കാലിക ചുമതല.

കഴിഞ്ഞ വർഷം ജൂലൈയിലാണ് അജിത്കുമാറിനെ എക്സൈസ് കമ്മീഷണറായി നിയമിച്ചത്. ശബരിമല ട്രാക്ടർ വിവാദത്തിന് പിന്നാലെയായിരുന്നു അജിത് കുമാറിനെ പൊലീസിൽ നിന്ന് മാറ്റിയത്. മേയ് മാസം തന്നെ അജിത്കുമാറിനെ എക്സൈസിലേക്ക് മാറ്റിയിരുന്നെങ്കിലും ആ ഉത്തരവ് സർക്കാർ മരവിപ്പിച്ചിരുന്നു. പിന്നാലെയാണ് വീണ്ടും നിയമിച്ചത്.

അനധികൃത സ്വത്ത് സമ്പാദനക്കേസ്, തൃശൂർ പൂരം കലക്കൽ എന്നീ വിവാദങ്ങളിൽ ഉൾപ്പെട്ട അജിത്കുമാർ എക്‌സൈസിൽ ഉണ്ടായിരുന്നപ്പോഴും വിവാദങ്ങളിൽ ഇടംപിടിച്ചിരുന്നു. എക്‌സൈസ് ഉദ്യോഗസ്ഥര്‍ എക്‌സൈസ് മന്ത്രിക്ക് എസ്‌കോര്‍ട്ട് പോകണമെന്ന വിചിത്ര നിർദേശമായിരുന്നു വിവാദമായത്. മന്ത്രിയുടെ പരിപാടി നടക്കുന്ന ജില്ലകളിലെല്ലാം അതത് ജില്ലകളിലെ ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് എസ്‌കോര്‍ട്ട് പോകണമെന്നായിരുന്നു നിര്‍ദേശിച്ചത്.

സ്ഥലംമാറ്റത്തിനെതിരെ നിയമയുദ്ധം നടത്തി സർക്കാരിനെതിരെ വിധി വാങ്ങിയ മുതിർന്ന ഉദ്യോഗസ്ഥൻ ബി അശോകിനെയും ചുമതലയിൽ നിന്ന് മാറ്റി. അശോകിനെ പ്രാധാന്യം കുറഞ്ഞ സൈനിക ക്ഷേമ വകുപ്പിന്റെ പ്രിൻസിപ്പൽ സെക്രട്ടറിയാക്കിയാണ് സർക്കാർ നീക്കം. യുവജന ക്ഷേമ വകുപ്പിന്റെ അധികച്ചുമതലയും നൽകി. കാർഷികോത്പാദന കമ്മീഷണറുടെയും കൃഷിവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെയും ചുമതലകളിൽ നിന്നാണ് നീക്കിയത്. സ്ഥലംമാറ്റത്തിനെതിരെ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിൽ നിന്നാണ് അശോക് അനുകൂലമായ ഉത്തരവ് നേടിയത്. അതേസമയം, ട്രിബ്യൂണലിന്റെ ഉത്തരവിനെത്തുടർന്ന് എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് എംആർ അജിത് കുമാറിനെയും നീക്കി. ഐഎഎസ് ഉദ്യോഗസ്ഥരല്ലാത്തവരെ എക്സൈസ് കമ്മീഷണർ സ്ഥാനത്ത് നിയമിക്കരുതെന്നായിരുന്നു ട്രിബ്യൂണലിന്റെ ഉത്തരവ്. പകരം നിയമനം വരും വരെ അഡീഷണൽ എക്സൈസ് കമ്മീഷണർക്കാണ് എക്സൈസ് കമ്മീഷണറുടെ ചുമതല. അജിത് കുമാറിനും പകരം നിയമനം നൽകിയിട്ടില്ല.

Content Highlights: M R Ajith Kumar has been removed from the post of Kerala Excise Commissioner following an order from the Central Administrative Tribunal. The tribunal ruled that non IAS cadre officers should not be appointed to the position of Excise Commissioner.

To advertise here,contact us