തിരുവനന്തപുരം: എൽപിജി ഗ്യാസ് സിലിണ്ടർ ബുക്കിങിൽ ഗാർഹിക ഉപഭോക്താക്കൾക്ക് ഒരു ആശങ്കയും വേണ്ടതില്ലെന്ന് ഭക്ഷ്യസുരക്ഷാ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. സാങ്കേതികപ്രശ്നം മൂലമാണ് ബുക്കിങ് തടസപ്പെടുന്നത്. ബുക്കിങ് കൂടിയതോടെ സെർവർ കപ്പാസിറ്റി വർധിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി റിപ്പോർട്ടറിനോട് പറഞ്ഞു.
ഗാർഹികേതര വിഭാഗങ്ങൾക്കുള്ള അലോട്ട്മെന്റ വർദ്ധിപ്പിക്കും. നിലവിലെ 20 ശതമാനം വർദ്ധിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഗാർഹിക ഉപഭോക്താക്കൾക്ക് ഒരു ആശങ്കയും വേണ്ടതില്ലെന്നാണ് കമ്പനികൾ ഇന്നലെ യോഗത്തിൽ അറിയിച്ചത്. ബുക്കിങ്ങിൽ വല്ലാത്ത തിരക്കുണ്ടായതിന് പിന്നാലെയാണ് ബുക്കിങ് ചെയ്യുന്നതിന് തടസങ്ങൾ നേരിട്ടത്. സെർവർ കപ്പാസിറ്റി വർധിപ്പിച്ച് ബുക്കിങ് പ്രതിസന്ധി പൂർണമായി പരിഹരിക്കുമെന്നാണ് കമ്പനികൾ അറിയിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.
എല്ലാ റേഷൻ കാർഡുകൾക്കും മണ്ണെണ്ണ നൽകുന്ന കാര്യം പരിശോധിക്കും. മണ്ണെണ്ണ ലഭ്യത വർദ്ധിപ്പിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും. മണ്ണെണ്ണ കൂടുതൽ ആളുകൾക്ക് ലഭ്യമാക്കിക്കൊണ്ട് ഇത്തരം പ്രതിസന്ധികളെ ഒരു പരിധിവരെ തടയാൻ കഴിയുന്ന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. അതേസമയം കരിഞ്ചന്തയും പൂഴ്ത്തി വെയ്പ്പും തടയാൻ നടപടിയുണ്ടാകുമെന്നും ഇന്നലെ 76 കേന്ദ്രങ്ങളിൽ പരിശോധന നടത്തിയെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം എൽപിജി പ്രതിസന്ധിയെ തുടർന്ന് സംസ്ഥാനത്ത് പലയിടത്തും ഹോട്ടലുകൾ അടച്ചു പൂട്ടുകയും മെനു വെട്ടിക്കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം വീട്ടാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടര്‍ കൃത്യമായി എത്തിക്കുമെന്ന് ആവര്‍ത്തിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്ന എല്‍പിജിയുടെ കാര്യത്തില്‍ ഉറപ്പ് നല്‍കിയിട്ടില്ല.
രാജ്യത്ത് ഗ്രാമമേഖലകളില്‍ എൽപിജി ഗ്യാസ് ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തിയിട്ടുണ്ട്. പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ ഇന്ധനക്ഷാമം രൂക്ഷമായതോടെയാണ് എല്‍പിജി ബുക്കിങ് ഇടവേള 45 ദിവസമാക്കി ഉയര്‍ത്തിയത്. നഗര മേഖലകളില്‍ എല്‍പിജി ബുക്കിങ് ഇടവേള 25 ദിവസമായി തന്നെ തുടരും.
Content Highlights: Minister G R Anil says that domestic consumers need not worry about booking LPG gas cylinders