പാട്ടുംപാടി കറങ്ങി നടന്ന് തോറ്റ രമ്യയെ ചിറയിൻകീഴ് കെട്ടിയിറക്കാന്‍ ശ്രമിക്കുന്നു; എഐസിസിക്ക് പരാതി

കോഴിക്കോട് ജില്ലക്കാരിയായ രമ്യ ഭയന്നോടിയാണ് തിരുവനന്തപുരത്തേക്ക് എത്തുന്നതെന്നും ആരോപണം

തിരുവനന്തപുരം: മുന്‍ എംപി രമ്യാ ഹരിദാസിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍. രമ്യയെ ചിറയിന്‍കീഴ് മത്സരിപ്പിക്കാനുളള നീക്കത്തിനെതിരെയാണ് പ്രതിഷേധം. കോഴിക്കോട് ജില്ലക്കാരിയായ രമ്യയെ ചിറയിന്‍കീഴ് കെട്ടിയിറക്കാന്‍ ശ്രമിക്കുന്നുവെന്നാണ് വിമര്‍ശനം. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രാദേശിക നേതാക്കള്‍ എഐസിസി നേതൃത്വത്തിന് പരാതി നല്‍കി. പട്ടികയില്‍ ഇടംപിടിച്ചിരുന്ന അജിത് കുമാര്‍, ജി ലീന, അനൂപ്, മനോജ് മോഹന്‍ എന്നിവരാണ് കേന്ദ്ര നേതൃത്വത്തിന് പരാതി നല്‍കിയത്.

അടൂര്‍ പ്രകാശ് എംപി തിരുവനന്തപുരത്തെ പ്രവര്‍ത്തകരുടെ വികാരം വ്രണപ്പെടുത്തുകയാണെന്നും രമ്യ ഭയന്നോടിയാണ് തിരുവനന്തപുരത്തേക്ക് എത്തുന്നതെന്നും ഇവര്‍ പരാതിയില്‍ ആരോപിക്കുന്നു. ഗ്രൗണ്ടില്‍ ഇറങ്ങി പ്രവര്‍ത്തിക്കാതെ പാട്ടുംപാടി കറങ്ങി നടന്ന് തോറ്റയാളാണ് രമ്യാ ഹരിദാസ് എന്നും പരാതിയില്‍ പറയുന്നുണ്ട്.

രമ്യാ ഹരിദാസിന് സീറ്റ് നല്‍കുന്നത് ജില്ലയിലെ ദളിത് പ്രവര്‍ത്തകരെ അവഹേളിക്കുന്നതിന് തുല്യമാണെന്നും സംവരണ സീറ്റില്‍ ജില്ലയിലെ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും മുന്നില്‍ നിന്ന നേതാക്കളെ തഴയുകയാണെന്നുമാണ് വിമര്‍ശനം. പ്രാദേശിക നേതാക്കളുടെ എതിര്‍പ്പ് പരിഗണിക്കാതെ രമ്യയെ സ്ഥാനാര്‍ത്ഥിയാക്കുന്നത് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ അടിസ്ഥാനത്തിലാണെന്നും ആരോപണമുണ്ട്.

Content Highlights: congress leaders from chirayinkeezhu complaint against ramya haridas to aicc

To advertise here,contact us