മുഖ്യമന്ത്രിയെയും മറികടന്ന് യുവ എംഎല്‍എമാര്‍; റിപ്പോര്‍ട്ടര്‍ സര്‍വേയില്‍ ആദ്യ പതിനഞ്ചില്‍ 10 LDF എംഎൽഎമാർ

റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ ഇലക്ഷന്‍ സര്‍വേയില്‍ മിന്നും പ്രകടനവുമായി സിപിഐഎം എംഎല്‍എമാര്‍

കൊച്ചി: റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ ഇലക്ഷന്‍ സര്‍വേയില്‍ മികച്ച എംഎല്‍എമാരുടെ പട്ടികയില്‍ മികച്ച റേറ്റിങ് സ്വന്തമാക്കി എല്‍ഡിഎഫ് എംഎല്‍എമാര്‍. എംഎല്‍എമാരെ വിലയിരുത്താനായി നിയമസഭയിലെ പ്രകടനവും വികസന പ്രവര്‍ത്തനങ്ങളും മുതല്‍ ജനകീയതയും രാഷ്ട്രീയ നിലപാടും അടക്കം പത്ത് മാനദണ്ഡങ്ങളാണ് നല്‍കിയിരുന്നത്. ഈ വിവിധ തലങ്ങളില്‍ ജനങ്ങള്‍ നല്‍കിയ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മുന്‍പന്തിയില്‍ എത്തിയ ആദ്യ പതിനഞ്ച് എംഎല്‍എമാരില്‍ 10 പേരും എല്‍ഡിഎഫ് നിന്നുള്ളവരാണ്.

എം എസ് അരുണ്‍കുമാര്‍, വി കെ പ്രശാന്ത്, കെ യു ജനീഷ് കുമാര്‍, കെ വി സുമേഷ്, കെ ബി ഗണേഷ്‌കുമാര്‍, എം വിജിന്‍, വി ശിവന്‍കുട്ടി, പിണറായി വിജയന്‍, പി എ മുഹമ്മദ് റിയാസ്, ലിന്റോ ജോസഫ് എന്നിവരാണ് മികച്ച എംഎല്‍എമാരുടെ പട്ടികയില്‍ ആദ്യ പതിനഞ്ചില്‍ എല്‍ഡിഎഫില്‍ നിന്നും ഇടം പിടിച്ചവര്‍.

എം എസ് അരുണ്‍കുമാര്‍ - റാങ്ക് 1

റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ ഇലക്ഷന്‍ സര്‍വേയില്‍ ആദ്യ ഘട്ടം മുതല്‍ തന്നെ മികച്ച ജനപിന്തുണ നേടി മുന്നോട്ടുപോയ എംഎല്‍എയാണ് മാവേലിക്കര നിയോജക മണ്ഡലത്തിന്റെ ജനപ്രതിനിധിയായ എം എസ് അരുണ്‍കുമാര്‍. നൂറില്‍ 89.6 മാര്‍ക്ക് നേടിയാണ് അരുണ്‍ കുമാര്‍ സര്‍വേയിലെ റേറ്റിങിിൽ ഒന്നാം റാങ്കിൽ എത്തിയിരിക്കുന്നത്. സര്‍വേയിലെ പത്ത് മാനദണ്ഡങ്ങളിലും എട്ടോ അതിന് മുകളിലോ ആണ് അരുണ്‍ കുമാറിന് ജനങ്ങള്‍ കൊടുത്തിരിക്കുന്ന മാര്‍ക്ക്. യുഡിഎഫിന്റെ കെ കെ ഷാജുവിനെ 24000ത്തിന് ഏറെ വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ തോല്‍പിച്ചാണ് എം എസ് അരുണ്‍ കുമാര്‍ 2021ലെ തെരഞ്ഞെടുപ്പില്‍ കന്നിയങ്കത്തില്‍ ജയിച്ചു കയറുന്നത്.

വി കെ പ്രശാന്ത് - റാങ്ക് 2

തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്ത് ഇരുന്നുകൊണ്ട് ജനകീയ പ്രവര്‍ത്തനങ്ങളിലൂടെ ശ്രദ്ധ നേടിയ വി കെ പ്രശാന്ത് 2019ലാണ് ഉപതിരഞ്ഞെടുപ്പിലൂടെ വട്ടിയൂര്‍ക്കാവിന്റെ എംഎല്‍എ ആകുന്നത്. 2021ല്‍ വിജയം ആവര്‍ത്തിച്ചു. മേയറായിരുന്ന സമയത്തുണ്ടായിരുന്ന ജനപിന്തുണയെ നിയോജകമണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളിലും തുടരാന്‍ വി കെ പ്രശാന്തിന് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടര്‍ ഇലക്ഷന്‍ സര്‍വേ വ്യക്തമാക്കുന്നത്. മികച്ച എംഎല്‍എമാരുടെ റേറ്റിങ്ങിൽ 89 പോയിന്റോടെ രണ്ടാം സ്ഥാനമാണ് വി കെ പ്രശാന്ത് നേടിയിരിക്കുന്നത്.

കെ യു ജനീഷ് കുമാര്‍ -റാങ്ക് 3

കോന്നി മണ്ഡലത്തിന്റെ എംഎല്‍എയായ കെ യു ജനീഷ് കുമാറാണ് സര്‍വേയില്‍ മൂന്നാം സ്ഥാനത്ത് എത്തിയിരിക്കുന്നത്. 86.8 സ്‌കോറാണ് ജനീഷ് നേടിയിരിക്കുന്നത്. എല്ലാ കാറ്റഗറികളിലും എട്ടിന് മുകളില്‍ മാര്‍ക്ക് അദ്ദേഹം നേടിയിട്ടുണ്ട്. എസ്എഫ്ഐയിലൂടെ രാഷ്ട്രീയരംഗത്തേക്ക് കടന്നുവന്ന ജനീഷ് കുമാര്‍ ഡിവൈഎഫ്ഐയിലും സജീവമായിരുന്നു. സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയാണ് അദ്ദേഹം. പഞ്ചായത്ത് തലത്തിലൂടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ പ്രവേശിച്ച ജനീഷ് കുമാര്‍ 2019ലെ ഉപതെരഞ്ഞെടുപ്പിലാണ് കോന്നിയുടെ എംഎല്‍എ സ്ഥാനത്തേക്ക് എത്തുന്നത്. 2021ല്‍ വിജയം ആവര്‍ത്തിച്ചു.

കെ വി സുമേഷ് - റാങ്ക് 4

അഴീക്കോട് എംഎല്‍എയായ കെ വി സുമേഷ് ആണ് 86.4 പോയിന്റോടെ സര്‍വേയില്‍ നാലാം സ്ഥാനം നേടിയിരിക്കുന്നത്. സിറ്റിംഗ് എംഎല്‍എയായ കെ എം ഷാജിയെ തോല്‍പിച്ചുകൊണ്ടാണ് 2021ല്‍ കെ വി സുമേഷ് വിജയം നേടുന്നത്. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ സുമേഷ് ജനങ്ങള്‍ക്കിടയില്‍ ഇറങ്ങി പ്രവര്‍ത്തിക്കുന്ന നേതാവ് എന്ന നിലയിലാണ് പ്രാദേശിക തലത്തില്‍ ശ്രദ്ധേയനാകുന്നത്.

കെ ബി ഗണേഷ് കുമാര്‍- റാങ്ക് 6

റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ സര്‍വേയില്‍ കേരള കോണ്‍ഗ്രസ് ബിയുടെ എംഎല്‍എ കെ ബി ഗണേഷ് കുമാര്‍ ആറാം റാങ്കാണ് കരസ്ഥമാക്കിയത്. 85.1 സ്‌കോറാണ് ഗണേഷ് കുമാര്‍ കരസ്ഥമാക്കിയത്. മികച്ച മന്ത്രിമാരുടെ പട്ടികയില്‍ ഗണേഷ് കുമാര്‍ മൂന്നാം സ്ഥാനത്ത് എത്തിയിട്ടുണ്ട്. കെഎസ്ആര്‍ടിസി ഉള്‍പ്പെടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ഇടപെട്ടത്, സര്‍വീസുകളുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ എടുത്ത നടപടികള്‍, പൊതുഗതാഗത മേഖലയിലെ പരിഷ്‌കരണ ശ്രമങ്ങള്‍ തുടങ്ങിയവയെല്ലാം അദ്ദേഹം നടത്തിയ ശ്രദ്ധേയമായ നടപടികളാണ്. 2001 മുതല്‍ പത്തനാപുരം മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഗണേഷ് കുമാര്‍. 2021ലെ തെരഞ്ഞെടുപ്പില്‍ 14336 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഗണേഷ് കുമാറിന്റെ വിജയം.

എം വിജിന്‍ - റാങ്ക് 7

സര്‍വേയില്‍ എട്ടാം സ്ഥാനം നേടിയിരിക്കുന്നത് കല്യാശേരി എംഎല്‍എ എം വിജിനാണ്. 84 പോയിന്റാണ് അദ്ദേഹം നേടിയിരിക്കുന്നത്. ബാലസംഘത്തിലൂടെ സംഘടനാ പ്രവര്‍ത്തനം ആരംഭിച്ചു. എസ്എഫ്ഐയുടെ അഖിലേന്ത്യ ജോയിന്റ് സെക്രട്ടറിയായാണ് വിജിന്‍ ഭാരവാഹിത്വത്തില്‍ ശ്രദ്ധേയനാകുന്നത്. നിലവില്‍ എംഎല്‍എ സ്ഥാനത്തിനൊപ്പം ഡിവൈഎഫ്ഐയുടെ സംസ്ഥാന വൈസ് പ്രസിഡന്റായും വിജിന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2021ല്‍ കോണ്‍ഗ്രസിന്റെ ബ്രിജേഷ് കുമാറിനെ 44,393 വോട്ടുകളുടെ ഭൂരിപക്ഷം നേടിയാണ് വിജിന്‍ കന്നിയങ്കത്തില്‍ വിജയിച്ചത്. 2021ലെ സിപിഐഎമ്മിന്റെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി കൂടിയായിരുന്നു എം വിജിന്‍.

വി ശിവന്‍കുട്ടി - റാങ്ക് 8

കുട്ടികളുടെ പ്രിയപ്പെട്ട പൂക്കീ മന്ത്രിയായി പേരെടുത്ത വിദ്യാഭ്യാസ-തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയ്ക്ക് 83.6 മാര്‍ക്കാണ് റിപ്പോര്‍ട്ടര്‍ ഇലക്ഷന്‍ സര്‍വേയില്‍ ജനങ്ങള്‍ നല്‍കിയിരിക്കുന്നത്. നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചുകൊണ്ട് നിയമസഭയിലേക്ക് എത്തിയ ശിവന്‍കുട്ടി മന്ത്രിയെന്ന നിലയിലുള്ള ഉത്തരവാദിത്തങ്ങള്‍ക്കൊപ്പം മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു എന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്.

പിണറായി വിജയന്‍ - റാങ്ക് 9

റിപ്പോര്‍ട്ടര്‍ ഇലക്ഷന്‍ സര്‍വേയില്‍ എംഎല്‍എ എന്ന നിലയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പത്താം സ്ഥാനമാണ് നേടാനായിരിക്കുന്നത്. ഇടതുപക്ഷത്തെ യുവനേതാക്കള്‍ക്കൊപ്പം കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രിയേക്കാള്‍ മുന്‍പന്തിയിലുണ്ട്. 83.5 മാര്‍ക്കാണ് ജനങ്ങള്‍ സര്‍വേയില്‍ ധര്‍മ്മടം എംഎല്‍എയ്ക്ക് നല്‍കിയിരിക്കുന്നത്.

പി എ മുഹമ്മദ് റിയാസ്- റാങ്ക് 10

പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രിയായ പി എ മുഹമ്മദ് റിയാസിന് ബേപ്പൂര്‍ മണ്ഡലത്തിലുള്ളവര്‍ റിപ്പോര്‍ട്ടര്‍ സര്‍വേയില്‍ നല്‍കിയിരിക്കുന്നത് 83.4 പോയിന്റാണ്. സംസ്ഥാനത്ത് ടൂറിസത്തിലും പൊതുമരാമത്തിലും നിരവധി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചതിനൊപ്പം ബേപ്പൂരിലും നിറസാന്നിധ്യമായി മുഹമ്മദ് റിയാസ് ഉണ്ടായിരുന്നു എന്ന് തന്നെയാണ് സര്‍വേ നല്‍കുന്ന സൂചന.

ലിന്റോ ജോസഫ്- റാങ്ക് 11

റിപ്പോർട്ടർ ഓൺലൈൻ ഇലക്ഷൻ സർവേയിൽ 82.6 പോയിന്റാണ് ലിന്റോ ജോസഫിന് ലഭിച്ചിരിക്കുന്നത്. സിപിഐഎമ്മിന്റെ യുവജന പ്രസ്ഥാനങ്ങളിലൂടെ വളര്‍ന്നുവന്ന ലിന്റോ കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ഠിച്ച ശേഷമാണ് 2021ല്‍ എംഎല്‍എയായി എത്തുന്നത്.

കേരളം കണ്ട എറ്റവും വിപുലമായ ഓണ്‍ലൈന്‍ ഇലക്ഷന്‍ സര്‍വേയാണ് റിപ്പോര്‍ട്ടര്‍ ടിവി നടത്തിയത്. 140 മണ്ഡലങ്ങളിലെയും ജനങ്ങള്‍ക്ക് അവരുടെ എംഎല്‍എയെ വിലയിരുത്താനുള്ള സുവര്‍ണ്ണാവസരമാണ് റിപ്പോര്‍ട്ടര്‍ ടിവി ഒരുക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ആറ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള അവസരവും സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 6837276 പേരാണ് സര്‍വ്വേ പേജില്‍ എത്തിയത്. ഇതില്‍ 1652405 ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ ഏതെന്ന് രേഖപ്പെടുത്താനും റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ സര്‍വേയില്‍ അവസരമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രകടനം, പ്രതിപക്ഷ നേതാവിന്റെ പ്രകടനം, മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി, അടുത്ത മുഖ്യമന്ത്രി ആരാകണം, ഇത്തവണ ഏത് മുന്നണി അധികാരത്തില്‍ വരണം എന്നത് അടക്കമുള്ള ആറ് ചോദ്യങ്ങളും സര്‍വേ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചു.

സര്‍വേ പേജില്‍ ഓരോ മണ്ഡലത്തിന്റെയും വിശദമായ ചരിത്രം, തദ്ദേശ സ്ഥാപനങ്ങള്‍, അവിടെയുള്ള ഭരണകക്ഷികള്‍, മണ്ഡലത്തിലെ മുന്‍കാല എംഎല്‍എമാര്‍, അതിര്‍ത്തി മണ്ഡലങ്ങള്‍, 2006 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വിശദമായ ഫലങ്ങള്‍ തുടങ്ങിയ വിവരങ്ങളും എക്കാലവും ലഭ്യമാകുന്ന രീതിയില്‍ തയ്യാറാക്കിയിട്ടുമുണ്ട്.

Content Highlights: Reporter Survey final result LDF MLA s won major ranks

To advertise here,contact us