റിപ്പോർട്ടർ സർവേയിലെ ആദ്യ പത്ത് യുഡിഎഫ് എംഎൽഎമാർ: ഒന്നാമൻ രമേശ് ചെന്നിത്തല; തൊട്ടുപിന്നിൽ പ്രതിപക്ഷ നേതാവ്

ചാണ്ടി ഉമ്മനും നജീബ് കാന്തപുരവും വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും സി ആര്‍ മഹേഷും ടി സിദ്ദിഖും മികച്ച പോയിന്റുകള്‍ നേടി തൊട്ടു പിന്നാലെയുണ്ട്.

കൊച്ചി: റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ ഇലക്ഷന്‍ സര്‍വേയില്‍ മികച്ച റേറ്റിംഗ് നേടിയ യുഡിഎഫ് എംഎൽഎമാരിൽ രമേശ് ചെന്നിത്തല ഏറ്റവും മുന്നിൽ. ചാണ്ടി ഉമ്മനും നജീബ് കാന്തപുരവും വി ഡി സതീശനും പി കെ കുഞ്ഞാലിക്കുട്ടിയും സി ആര്‍ മഹേഷും ടി സിദ്ദിഖും മികച്ച പോയിന്റുകള്‍ നേടി തൊട്ടു പിന്നാലെയുണ്ട്. എംഎല്‍എമാരെ വിലയിരുത്താനായി നിയമസഭയിലെ പ്രകടനവും വികസന പ്രവര്‍ത്തനങ്ങളും മുതല്‍ ജനകീതയതും രാഷ്ട്രീയ നിലപാടും അടക്കം പത്ത് മാനദണ്ഡങ്ങളാണ് മികച്ച എംഎൽഎയെ തെരഞ്ഞെടുക്കാനായി റിപ്പോർട്ടർ നല്‍കിയിരുന്നത്.

രമേശ് ചെന്നിത്തല

സര്‍വേയില്‍ 85.3 റേറ്റിങ്ങോടെ അഞ്ചാം സ്ഥാനത്താണ് രമേശ് ചെന്നിത്തല. ഹരിപ്പാടില്‍ ജനകീയനായി തന്നെ അദ്ദേഹം തുടരുന്നു എന്നാണ് സര്‍വ്വേയിലെ വിവിധ കാറ്റഗറികളിലെ റേറ്റിംഗുകള്‍ ചൂണ്ടിക്കാണിക്കുന്നത്. 1982ൽ ഹരിപ്പാട് നിന്ന് ആദ്യമായി നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ട രമേശ് ചെന്നിത്തല 1987ൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. പിന്നീട് 2011ൽ വീണ്ടും ഹരിപ്പാട് മത്സരിക്കാനെത്തിയ രമേശ് ചെന്നിത്തല 5520 വോട്ടിൻ്റെ ഭൂരിപക്ഷത്തിന് വിജയിച്ചിരുന്നു. ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്ന രമേശ് ചെന്നിത്തല 2016ൽ പ്രതിപക്ഷ നേതാവായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു. തുടർച്ചയായി മൂന്ന് തവണ ഹരിപ്പാടിനെ നിയമസഭയിൽ പ്രതിനിധീകരിച്ച രമേശ് ചെന്നിത്തല ഇത്തവണ നാലാമൂഴത്തിനായി ഇവിടെ മത്സരിക്കുമെന്ന് ഉറപ്പാണ്. റിപ്പോർട്ടർ ഓൺലൈൻ ഇലക്ഷൻ സർവേയിൽ യുഡിഎഫ് എംഎൽഎമാരിൽ ഏറ്റവും കൂടിയ റേറ്റിങ് സ്വന്തമാക്കിയതും രമേശ് ചെന്നിത്തലയാണ്.

ചാണ്ടി ഉമ്മന്‍

പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിയുടെ ലെഗസി തുടരാന്‍ ചാണ്ടി ഉമ്മന് കഴിയുന്നുണ്ട് എന്നാണ് റിപ്പോർട്ടർ സര്‍വേ ഫലം സൂചിപ്പിക്കുന്നത്. സര്‍വേയില്‍ 83.5 റേറ്റിങ്ങോടെ 9-ാം സ്ഥാനത്താണ് ചാണ്ടി ഉമ്മന്‍. യുഡിഎഫ് എംഎല്‍എമാരില്‍ രണ്ടാം സ്ഥാനവുമുണ്ട്. 53 വര്‍ഷത്തോളം പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞായി തുടര്‍ന്ന ഉമ്മന്‍ ചാണ്ടിയുടെ മരണത്തെ തുടർന്ന് നടന്ന ഉപതെരഞ്ഞെടുപ്പിലാണ് ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയുടെ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെടുന്നത്. 2023ലെ ഉപതിരഞ്ഞെടുപ്പില്‍ 37000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു ചാണ്ടി ഉമ്മന്‍ വിജയിച്ചത്. നിയമസഭയിൽ രണ്ടുവർഷ കാലാവധി മാത്രം പൂർത്തിയാക്കിയ ചാണ്ടി ഉമ്മൻ റിപ്പോർട്ടർ സർവേയിൽ മികച്ച എംഎൽഎമാരുടെ റേറ്റിങ്ങിൽ മുന്നിലെത്തിയത് ശ്രദ്ധേയമായി.

നജീബ് കാന്തപുരം

മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന യുവ നേതാവാണ് നജീബ് കാന്തപുരം. 83.4 റേറ്റിങ് നേടിയ അദ്ദേഹത്തിന് പത്താം റാങ്കാണ് റിപ്പോർട്ടർ സർവേയില്‍ ലഭിച്ചിരിക്കുന്നത്. എംഎസ്എഫിലൂടെ പൊതുപ്രവർത്തനത്തിലേക്ക് വന്ന അദ്ദേഹം സംഘടനാ പ്രവർത്തനത്തിൽ ശ്രദ്ധേയമായ പ്രവർത്തനം നടത്തിയതിന് ശേഷമാണ് പാർലമെൻ്ററി രംഗത്തേയ്ക്ക് മാറിയത്. വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, യുവജന വിഷയങ്ങള്‍ എന്നിവയില്‍ പ്രത്യേക ശ്രദ്ധ ചെലുത്തുന്ന എംഎല്‍എയെന്ന അംഗീകാരവും നജീബ് കാന്തപുരം നേടിയിട്ടുണ്ട്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥി കെ പി എം മുസ്തഫയെ 38 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു നജീബ് കാന്തപുരത്തിന്‍റെ വിജയം.

വി ഡി സതീശന്‍

പ്രതിപക്ഷ നേതാവായ വി ഡി സതീശന് പറവൂരിലെ ജനങ്ങള്‍ റിപ്പോർട്ടർ സര്‍വേയില്‍ 82.5 റേറ്റിങ്ങാണ് നല്‍കിയിരിക്കുന്നത്. സര്‍വേയില്‍ മികച്ച എംഎല്‍എമാരുടെ പട്ടികയില്‍ 12-ാം സ്ഥാനത്താണ് വി ഡി സതീശന്‍. 2001 മുതല്‍ പറവൂരിനെ നിയമസഭയിൽ പ്രതിനിധീകരിക്കുന്ന വി ഡി സതീശൻ്റെ അഞ്ചാം അങ്കമായിരുന്നു 2021ലേത്. ഓരോ തിരഞ്ഞെടുപ്പിലും എതിരാളികള്‍ മാറിയെങ്കിലും ഭൂരിപക്ഷത്തില്‍ കൃത്യമായ വര്‍ധനവ് രേഖപ്പെടുത്തിയാണ് വി ഡി സതീശന്‍ മുന്നോട്ടുപോയത്. പ്രതിപക്ഷ നേതാവ് എന്ന ഉത്തരവാദിത്തത്തിനൊപ്പം പറവൂരുകാര്‍ക്കിടയിലെ സ്വാധീനം ശക്തമായി തുടരാനും സതീശനായി എന്നാണ് സര്‍വേ ഫലം വ്യക്തമാക്കുന്നത്.

പി കെ കുഞ്ഞാലിക്കുട്ടി

മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ പി കെ കുഞ്ഞാലിക്കുട്ടിക്ക് റിപ്പോർട്ടർ സർവേയിൽ 82.2 റേറ്റിങ് ആണ് ലഭിച്ചിരിക്കുന്നത്. 13-ാം റാങ്കോടെയാണ് കുഞ്ഞാലിക്കുട്ടി പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. 2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വേങ്ങരയില്‍ നിന്നും 30596 വോട്ടിന്‍റെ ഭൂരിപക്ഷത്തിലായിരുന്നു വിജയിച്ചത്. സംസ്ഥാന മന്ത്രിസഭയില്‍ പല തവണ മന്ത്രിയായും പിന്നീട് ലോക്‌സഭാംഗമായും അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

സി ആര്‍ മഹേഷ്

82.1 റേറ്റിങ്ങോടെ കരുനാഗപ്പള്ളി എംഎല്‍എയായ സി ആര്‍ മഹേഷാണ് മികച്ച എംഎല്‍എമാരുടെ പട്ടികയില്‍ 14ാം സ്ഥാനത്തുള്ളത്. മികച്ച എംഎൽഎയെ തെരഞ്ഞെടുക്കാനുള്ള പത്ത് മാനദണ്ഡങ്ങളിലും എട്ടിന് മുകളിലാണ് മഹേഷിന് കരുനാഗപ്പള്ളിക്കാര്‍ നല്‍കിയിട്ടുള്ള റേറ്റിങ്. കെഎസ് യുവിലൂടെ പ്രവര്‍ത്തനം തുടങ്ങിയ സി ആർ മഹേഷ് നിലവിൽ എഐസിസി അംഗവും കെപിസിസി ഭാരവാഹിയുമാണ്. തഴവ പഞ്ചായത്ത് അംഗമായി ജയിച്ചാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് മഹേഷ് എത്തുന്നത്. 2016ല്‍ കരുനാഗപ്പള്ളിയില്‍ ആദ്യമായി മത്സരിക്കാനെത്തിയപ്പോള്‍ ഇഞ്ചിടോഞ്ച് പോരാട്ടത്തില്‍ മഹേഷിനെ വിജയം തുണച്ചില്ല. എന്നാല്‍ 2016ൽ തന്നെ തോല്‍പിച്ച സിപിഐയുടെ ആര്‍ രാമചന്ദ്രനെ 29000ത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് 2021ല്‍ മഹേഷ് പരാജയപ്പെടുത്തിയത്.

ടി സിദ്ദിഖ്

കല്‍പറ്റയുടെ എംഎല്‍എ ടി സിദ്ദീഖ് ആണ് സര്‍വേയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കോൺഗ്രസ് എംഎൽമാരിൽ ഒരാൾ. സര്‍വേയില്‍ 82 റേറ്റിങ്ങോടെ 15-ാം സ്ഥാനമാണ് സിദ്ദിഖ് നേടിയിരിക്കുന്നത്. കെഎസ്‌യുവിലൂടെ പ്രവര്‍ത്തനം തുടങ്ങി കോണ്‍ഗ്രസിന്റെ വിവിധ തലങ്ങളിലുള്ള ഭാരവാഹിത്വങ്ങളില്‍ തിളങ്ങിയ ടി സിദ്ദിഖ് കല്‍പറ്റയുടെ എംഎല്‍എയായി ജനകീയനായി തുടരുകയാണെന്നാണ് സര്‍വേ ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. മികച്ച എംഎൽഎയെ തെരഞ്ഞെടുക്കാനുള്ള എല്ലാ മാനദണ്ഡങ്ങളിലും ശരാശി എട്ടിന് മുകളില്‍ പോയിന്റ് നേടിയ ടി സിദ്ദീഖിന് 'മണ്ഡലത്തിലെ സാന്നിധ്യം' എന്നതിലാണ് ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയിരിക്കുന്നത്. ചൂരല്‍മല ഉരുള്‍പൊട്ടലടക്കം വയനാട് കടന്നുപോയ ദുരന്തമുഖങ്ങളില്‍ ടി സിദ്ദിഖ് എംഎല്‍യുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ നേടിയിരുന്നു.

അങ്കമാലി എംഎൽഎ റോജി എം ജോൺ, വടകര എംഎൽഎ കെ കെ രമ, മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് എന്നിവരാണ് യുഡിഎഫിൽ നിന്നുള്ള പത്ത് എംഎൽമാരിൽ ഉൾപ്പെടുന്ന മറ്റുള്ളവർ. കേരളം കണ്ട എറ്റവും വിപുലമായ ഓണ്‍ലൈന്‍ ഇലക്ഷന്‍ സർവേയാണ് റിപ്പോർട്ടർ ടിവി നടത്തിയത്. 140 മണ്ഡലങ്ങളിലെയും ജനങ്ങള്‍ക്ക് അവരുടെ എംഎല്‍എയെ വിലയിരുത്താനുള്ള സുവർണ്ണാവസരമാണ് റിപ്പോർട്ടർ ടിവി ഒരുക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന ആറ് ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനുള്ള അവസരവും സർവേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. 6837276 പേരാണ് സർവ്വേ പേജില്‍ എത്തിയത്. ഇതില്‍ 1652405 ആളുകള്‍ തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയത്.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന വിഷയങ്ങള്‍ ഏതെന്ന് രേഖപ്പെടുത്താനും റിപ്പോര്‍ട്ടര്‍ ഓണ്‍ലൈന്‍ സര്‍വേയില്‍ അവസരമുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ പ്രകടനം, പ്രതിപക്ഷ നേതാവിന്റെ പ്രകടനം, മന്ത്രിസഭയിലെ ഏറ്റവും മികച്ച മന്ത്രി, അടുത്ത മുഖ്യമന്ത്രി ആരാകണം, ഇത്തവണ ഏത് മുന്നണി അധികാരത്തില്‍ വരണം എന്നത് അടക്കമുള്ള ആറ് ചോദ്യങ്ങളും സർവേ ജനങ്ങള്‍ക്ക് മുന്നില്‍ വെച്ചു.

സർവേ പേജില്‍ ഓരോ മണ്ഡലത്തിന്റെയും വിശദമായ ചരിത്രം, തദ്ദേശ സ്ഥാപനങ്ങള്‍, അവിടെയുള്ള ഭരണകക്ഷികള്‍, മണ്ഡലത്തിലെ മുന്‍കാല എംഎല്‍എമാര്‍, അതിര്‍ത്തി മണ്ഡലങ്ങള്‍, 2006 വരെയുള്ള നിയമസഭാ തെരഞ്ഞെടുപ്പുകളുടെ വിശദമായ ഫലങ്ങള്‍ തുടങ്ങിയ വിവരങ്ങളും എക്കാലവും ലഭ്യമാകുന്ന രീതിയില്‍ തയ്യാറാക്കിയിട്ടുമുണ്ട്.

റിപ്പോർട്ടർ ഇലക്ഷൻ സർവേയുടെ പൂർണഫലത്തിനായി വെബ്സൈറ്റ് സന്ദർശിക്കുക

Content Highlights: reporter election survey Ramesh Chennithala become first UDF MLA

To advertise here,contact us