അതിജീവിതയെ വിളിച്ച സംഭവം; രാഹുൽ മാങ്കൂട്ടത്തിലിന്റെ മുന്‍കൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ വിധി ഈ മാസം 19ന്

രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ വിളിച്ചത് ഭീഷണിപ്പെടുത്താനാണ് എന്നാണ് പ്രോസിക്യൂഷന്റെ വാദം

തിരുവനന്തപുരം: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വിധി പറയാന്‍ മാറ്റി. ഈ മാസം 19-ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുക. രാഹുല്‍ മാങ്കൂട്ടത്തില്‍ അതിജീവിതയെ വിളിച്ചത് ഭീഷണിപ്പെടുത്താനാണ് എന്നാണ് പ്രോസിക്യൂഷന്റെ വാദം. കോടതിയില്‍ രാഹുല്‍ തെറ്റായ രേഖകള്‍ നല്‍കിയെന്നും രാഹുലിന്റേത് സ്വകാര്യതയിലേക്കുളള കടന്നുകയറ്റമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യം റദ്ദാക്കിയില്ലെങ്കില്‍ അത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. രണ്ടാമത്തെ ബലാത്സംഗക്കേസില്‍ രാഹുല്‍ ജാമ്യവ്യവസ്ഥ ലംഘിച്ചു എന്നാരോപിച്ചാണ് ഹര്‍ജി.

രണ്ടാമത്തെ പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ പരാതിക്കാരിയെ വിളിച്ചത് സ്വാധീനിക്കാൻ വേണ്ടിയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. പരാതിക്കാരിയെ ഫോണിൽ വിളിച്ചത് സ്വാധീനിക്കാനും തുടർനടപടികളിൽ നിന്ന് പിന്തിരിപ്പിക്കാനുമാണെന്ന് അന്വേഷണ സംഘം പറഞ്ഞു. അറിയാതെയാണ് കോൾ പോയതെന്ന രാഹുലിൻ്റെ വാദം തെറ്റാണെന്നും  റീസെന്റ് കോൾ ഹിസ്റ്ററിയിൽ നമ്പറുണ്ടെങ്കിൽ മാത്രമേ അറിയാതെ കോൾ പോകുകയുള്ളൂ. രഹസ്യ മൊഴി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് രാഹുൽ പരാതിക്കാരിയെ വിളിച്ചതെന്നും അന്വേഷണ സംഘം കോടതിയിൽ പറഞ്ഞിരുന്നു.

ഫെബ്രുവരി പതിനേഴാം തീയതി രാഹുല്‍ മാങ്കൂട്ടത്തില്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചു എന്ന് കാണിച്ച് അതിജീവിത പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കിയിരുന്നു. രാഹുല്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തിരുന്നില്ലെന്നും എസ്‌ഐടിക്ക് നല്‍കിയ പരാതിയില്‍ അതിജീവിത ചൂണ്ടിക്കാട്ടിയിരുന്നു. അതിജീവിതയെ ബന്ധപ്പെടാന്‍ ശ്രമിക്കരുതെന്ന് ജാമ്യവ്യവസ്ഥയിൽ ഉണ്ടായിരുന്നു. രാഹുല്‍ ഇത് ലംഘിച്ചെന്നും മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നുമായിരുന്നു പൊലീസ് കോടതിയിൽ നൽകിയ അപേക്ഷയിൽ പറഞ്ഞത്.

Content Highlights: Plea against Rahul Mamkoottathil MLA's Bail; verdict on 19th of this month

To advertise here,contact us