കാസര്‍കോട്: തൃക്കരിപ്പൂര്‍ മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഇടം നേടിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജോമോന് ജോസിനെതിരായി മണ്ഡലം പ്രസിഡന്റുമാര്‍ അയച്ചതെന്ന തരത്തില്‍ പുറത്തുവന്ന കത്തില്‍ ഗുരുതര വെളിപ്പെടുത്തലുമായി ഭീമനടി മണ്ഡലം പ്രസിഡന്റ്. ജോമോനെതിരായി പുറത്തുവന്ന കത്തില്‍ താന്‍ ഒപ്പുവെച്ചിട്ടില്ലെന്നാണ് മണ്ഡലം പ്രസിഡന്റ് മുഹമ്മദ് ഷെരീഫിന്റെ വെളിപ്പെടുത്തല്‍. കാസര്‍കോട് ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിന് ബ്ലാങ്ക് പേപ്പറില്‍ ഒപ്പുവെച്ച് നല്‍കിയിരുന്നെന്നും ഫൈസല്‍ ആവശ്യപ്പെട്ടത് പ്രകാരമാണ് ഒപ്പുവെച്ചതെന്നുമാണ് മുഹമ്മദ് ഷെരീഫ് പറയുന്നത്. തൃക്കരിപ്പൂര്‍ മണ്ഡലം ഏറ്റെടുക്കാന്‍ കത്തയക്കുന്നു എന്നാണ് ഡിസിസി പ്രസിഡന്റ് പറഞ്ഞതെന്നും വ്യാജ ഒപ്പ് ഉപയോഗിച്ച് നാല് കത്തുകള്‍ അയച്ചിട്ടുണ്ടെന്നും ഷെരീഫ് പറഞ്ഞു. കെപിസിസി പ്രസിഡന്റിനെ നേരിട്ട് വിളിച്ച് പരാതി പറഞ്ഞെന്നും മുഹമ്മദ് ഷെരീഫ് വ്യക്തമാക്കി.
പത്ത് മണ്ഡലം പ്രസിഡന്റുമാര്‍ ഒപ്പുവെച്ച് എഐസിസി, കെപിസിസി നേതൃത്വങ്ങള്‍ക്ക് അയച്ച കത്തുകള്‍ പുറത്തുവന്നിരുന്നു. തൃക്കരിപ്പൂര്‍ സീറ്റില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന് ജോസിനെ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കുന്നതിനെതിരെയായിരുന്നു കത്തിലെ പരാമര്‍ശങ്ങള്‍. ജോമോന് ജോസ് പാര്‍ട്ടി പരിപാടികളില്‍ സഹകരിക്കാറില്ലെന്നും കത്തില്‍ വിമര്‍ശനമുണ്ടായിരുന്നു. മണ്ഡലത്തില്‍ ഡിസിസി പ്രസിഡന്റ് പി കെ ഫൈസലിന്റെ പേരും പരിഗണനയിലുണ്ട്. കേരളാ കോണ്‍ഗ്രസില്‍ നിന്ന് മണ്ഡലം കോണ്‍ഗ്രസ് ഏറ്റെടുക്കാന്‍ തീരുമാനമായെന്നാണ് സൂചന. അതിനിടെയാണ് പ്രാദേശിക നേതൃത്വം ജോമോന് ജോസിനെതിരെ സംസ്ഥാന- കേന്ദ്ര നേതൃത്വങ്ങള്‍ക്ക് കത്തയച്ചത്.
Content Highlights: Letter against Jomon Jose; Serious revelation against Kasaragod DCC President pk faisal