കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയായിരുന്ന വെള്ളാപ്പള്ളി നടേശനെതിരെ ഗുരുതര നിരീക്ഷണങ്ങളാണ് ഇന്ന് ഹൈക്കോടതി നടത്തിയത്. അയോഗ്യത നിലവില്‍വന്ന 2015ന് ശേഷവും തല്‍സ്ഥാനത്ത് വെള്ളാപ്പിള്ളി തുടര്‍ന്നുവെന്നത് നിയമ വിരുദ്ധമാണെന്ന് പറഞ്ഞ കോടതി വെള്ളാപ്പള്ളിക്ക് തല്‍സ്ഥാനത്ത് തുടരാമെന്ന രജിസ്ട്രേഷന് ഐജിയുടെ ഉത്തരവ് റദ്ദാക്കുകയും ചെയ്തു. വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ള ഡയറക്ടര്‍മാര്‍ക്ക് ഐഡന്റിഫിക്കേഷന്‍ നമ്പറില്ല. ഇവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഹൈക്കോടതി പറഞ്ഞു.
2014-15മുതല്‍ മൂന്ന് വര്‍ഷത്തെ വാര്‍ഷിക കണക്ക് നല്‍കിയിട്ടില്ല. എസ്എന്‍ഡിപി യോഗത്തിന്റെ ഭരണനിര്‍വഹണം തടസപ്പെടുത്തരുത്. അതിനാല്‍ തെരഞ്ഞെടുപ്പ് വരെ താത്കാലിക ഡയറക്ടര്‍മാരെ നിയമിക്കണം. എസ്എന്‍ഡിപി യോഗം നിയമപരമായും സുതാര്യപരമായും ഭരിക്കപ്പെടേണ്ടത് പൊതുതാത്പര്യമാണ്. വ്യക്തിപരമായ താത്പര്യങ്ങള്‍ക്ക് സംഘടനയെ ഉപയോഗിക്കരുത്. എസ്എന്‍ഡിപി യോഗത്തിലെ എല്ലാ അംഗങ്ങള്‍ക്കും അവകാശമുണ്ട്. വോട്ടവകാശം നിയന്ത്രിക്കുന്ന ബൈലോ ഭേദഗതി നിയമവിരുദ്ധമാണെന്നും ഹൈക്കോടതി പറഞ്ഞു.
ജസ്റ്റിസ് ടി ആര് രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളാപ്പള്ളി നടേശനെ നീക്കിയത്. കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള എസ്എന്‍ഡിപി യോഗം തുടര്‍ച്ചയായി മൂന്ന് വര്‍ഷം റെജിസ്ട്രര്‍ ഓഫ് കമ്പനിക്ക് തങ്ങളുടെ കണക്കുകള്‍ ഹാജരാക്കിയില്ല. ഇങ്ങനെ നല്‍കിയില്ലെങ്കില്‍ അയോഗ്യതയ്ക്ക് കാരണമാകും. ഇത് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി വെള്ളാപ്പള്ളിയെ സ്ഥാനത്തുനിന്ന് നീക്കാന്‍ ഉത്തരവിട്ടത്.
അന്തരിച്ച പ്രൊഫസര്‍ എം കെ സാനു മാഷാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കമ്പനി നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനയാണ് എസ്എന്‍ഡിപി യോഗം. 2006ന് ശേഷം സംഘടന ഓഡിറ്റ് കണക്കുകള്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചിട്ടില്ലെന്നും അതിനാല്‍ ബോര്‍ഡ് അംഗങ്ങള്‍ക്ക് തുടരാന്‍ അര്‍ഹതയില്ല എന്നുമായിരുന്നു ഹര്‍ജി. സുഗമമായ ഭരണത്തിനായി അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യമുണ്ടായിരുന്നു.
Content Highlights: Kerala High Court made serious observations against Vellappally Natesan while considering his disqualification from the post of General Secretary of SNDP Yogam