ജി സുധാകരന്‍ സഹായിക്കുന്നത് യുഡിഎഫിനെയും ബിജെപിയെയും; എല്‍ഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന നിലപാടെന്ന് ആര്‍ നാസര്‍

രക്തസാക്ഷിയുടെ സഹോദരന്‍ എന്ന നിലയില്‍ മുന്തിയ പരിഗണന ജി സുധാകരന് നല്‍കിയിട്ടുണ്ടെന്നും ഒരിക്കല്‍പ്പോലും അവഗണിച്ചിട്ടില്ലെന്നും ആര്‍ നാസര്‍ വ്യക്തമാക്കി

ആലപ്പുഴ: അമ്പലപ്പുഴയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് അറിയിച്ച മുതിര്‍ന്ന സിപിഐഎം നേതാവ് ജി സുധാകരനെതിരെ സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍. ജി സുധാകരന്‍ പാര്‍ട്ടിയെയും എല്‍ഡിഎഫിനെയും ദുര്‍ബലപ്പെടുത്തുന്ന നിലപാടാണ് സ്വീകരിച്ചതെന്ന് ആര്‍ നാസര്‍ പറഞ്ഞു. പ്രധാന ചുമതല വഹിച്ച നേതാവില്‍ നിന്ന് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത തീരുമാനമാണിതെന്നും തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കുന്ന സന്ദര്‍ഭത്തില്‍ എടുത്ത തീരുമാനം ശരിയായില്ലെന്നും ആര്‍ നാസര്‍ പറഞ്ഞു. രക്തസാക്ഷിയുടെ സഹോദരന്‍ എന്ന നിലയില്‍ മുന്തിയ പരിഗണന ജി സുധാകരന് നല്‍കിയിട്ടുണ്ടെന്നും ഒരിക്കല്‍പ്പോലും അവഗണിച്ചിട്ടില്ലെന്നും ആര്‍ നാസര്‍ വ്യക്തമാക്കി.

'സംസ്ഥാന സമിതി അംഗത്വം ഒഴിവാക്കിയ ശേഷം ജില്ലാ കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ പലതവണ ക്ഷണിച്ചു. പങ്കെടുക്കാതിരുന്നത് അദ്ദേഹമാണ്. പുന്നപ്ര- വയലാര്‍ ദീപശിഖ കൈമാറാന്‍ വിഎസിന് ശേഷം നിയോഗിച്ചത് ജി സുധാകരനെയാണ്. അവഗണിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ പ്രധാന പരിപാടിക്ക് നിയോഗിക്കില്ലായിരുന്നു. നിരവധി പരിപാടികളില്‍ പങ്കെടുപ്പിച്ചു. ജി സുധാകരന്‍ പറഞ്ഞത് അനുസരിച്ചാണ് ഡി സി ബ്രാഞ്ചില്‍ ഉള്‍പ്പെടുത്തിയത്. അംഗത്വം പുതുക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതാണ്. ഫോം കൊടുത്തപ്പോള്‍ ഡിസിയില്‍ കൊടുക്കാം എന്ന് മറുപടി പറഞ്ഞു. വാര്‍ത്തകള്‍ വരുമ്പോഴാണ് അംഗത്വം പുതുക്കിയില്ലെന്ന് വിവരമറിയുന്നത്. ഒഴിവാക്കാന്‍ ഒരു ആലോചനയുമില്ലായിരുന്നു. ഒരുതരത്തിലും അദ്ദേഹത്തെ അവഗണിച്ചിട്ടില്ല': ആര്‍ നാസര്‍ പറഞ്ഞു.

ഇത്തരമൊരു നിലപാട് സ്വീകരിക്കരുതെന്ന് ജി സുധാകരനോട് ഇന്നലെയും പോയി പറഞ്ഞിരുന്നെന്നും ആലപ്പുഴ ജില്ലയെ സംബന്ധിച്ച് പ്രധാനപ്പെട്ട നേതാവാണ് അദ്ദേഹമെന്നും ആര്‍ നാസര്‍ പറഞ്ഞു. പാര്‍ട്ടി ക്ലാസ് എടുത്തിരുന്ന ഒരാള്‍ക്ക് ഇങ്ങനെ ഒരു അപചയം ഉണ്ടാകുന്നത് ഗൗരവതരമാണെന്നും ഇത്തരം സഖാക്കള്‍ക്കും അപചയം വരുമെന്നത് വലിയ പാഠമാണെന്നും അദ്ദേഹം പറഞ്ഞു. കമ്മ്യൂണിസ്റ്റ് തത്വശാസ്ത്രം പഠിച്ചുമനസിലാക്കി 63 വര്‍ഷം പ്രവര്‍ത്തിച്ച നേതാവിന് ഒരിക്കലും ഇങ്ങനെ അപചയം ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും പാര്‍ട്ടിയില്‍ സ്വയം വിമര്‍ശനം നടത്തേണ്ട കാര്യമാണിതെന്നും ആര്‍ നാസര്‍ പറഞ്ഞു.

'ജി സുധാകരന്‍ മത്സരത്തില്‍ നിന്ന് പിന്മാറുമെന്ന് കരുതുന്നു. ഇത്രയും മത്സരിച്ച മറ്റൊരു നേതാവ് ആലപ്പുഴ ജില്ലയിലില്ല. എച്ച് സലാമിനെ ജി സുധാകരനാണ് നിര്‍ദേശിച്ചത്. ഭുവനേശ്വരനെ കൊലപ്പെടുത്തിയത് കെഎസ്‌യു- ഡിഎസ്‌യു ഗുണ്ടകളാണ്. രക്തസാക്ഷിയുടെ സഹോദരനെ വര്‍ഗവഞ്ചകന്‍ എന്ന് വിളിക്കുന്ന സാഹചര്യം ആഗ്രഹിക്കുന്നില്ല. ഇനി അദ്ദേഹവുമായി ചര്‍ച്ചയില്ല. സുധാകരനൊപ്പം ജില്ലയിലെ പാര്‍ട്ടിയിലെ ഒരാള്‍ പോലും പോകില്ല': ആര്‍ നാസര്‍ പറഞ്ഞു. അമ്പലപ്പുഴയിലെ സിപി ഐഎം സ്ഥാനാര്‍ത്ഥി മാറില്ലെന്നും എച്ച് സലാം തന്നെ മത്സരിക്കുമെന്നും ആര്‍ നാസര്‍ കൂട്ടിച്ചേര്‍ത്തു.

അമ്പലപ്പുഴയില്‍ നിന്ന് സ്വതന്ത്രനായി മത്സരിക്കുമെന്ന് ജി സുധാകരന്‍ ഇന്ന് ഉച്ചയോടെയാണ് അറിയിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെ ഒന്നും പറയില്ലെന്നും ആരെയും വ്യക്തിഹത്യ ചെയ്യില്ലെന്നും ജി സുധാകരൻ പറഞ്ഞു. ആരുടെയും പിന്തുണ വേണ്ടെന്നും ഒരു പാര്‍ട്ടിയിലും മുന്നണിയിലും ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു ജി സുധാകരന്‍ നിലപാട് വ്യക്തമാക്കിയത്. താന്‍ പാര്‍ട്ടി അംഗത്വം ഒഴിഞ്ഞുവെന്നും പാര്‍ട്ടി വിട്ടുവെന്നും ജി സുധാകരന്‍ പറഞ്ഞു.

Content Highlights: G Sudhakaran's decision to contest is weakening ldf and helps udf and bjp says r nazar

To advertise here,contact us